കിഴക്കന്‍ പേരാമ്പ്രയിലെ അക്രമം: മൂന്ന് പേര്‍ റിമാന്‍ഡില്‍

Posted on: April 24, 2014 11:38 am | Last updated: April 24, 2014 at 11:38 am

പേരാമ്പ്ര: ചങ്ങരോത്ത്, ആവടുക്ക, കൂത്താളി, കിഴക്കന്‍ പേരാമ്പ്ര പ്രദേശങ്ങളില്‍ നടന്ന വ്യാപക അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.
കൂവ്വപ്പൊയില്‍ ചരുവില്‍ അരുണ്‍ (20), ആവടുക്ക മുടിയമ്മല്‍ ഉണ്ണി എന്ന ജിനേഷ് (22), നരിമഞ്ചക്കല്‍ കോളനി ശ്രീകാന്ത് (21) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
പ്രതികളില്‍ നിന്ന് ലഭിച്ച സൂചനയനുസരിച്ച്, സ്വകാര്യ വ്യക്തിയുടെ വീടിന്റെ പോര്‍ച്ചില്‍ നിന്ന് കാണാതായ ബൈക്ക് കൂവ്വപ്പൊയില്‍ ഭാഗത്ത് കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 16ന് അര്‍ധരാത്രിയാണ് പ്രദേശത്ത് വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയത്. രണ്ട് വീടുകള്‍ ആക്രമിച്ച പ്രതികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ബോര്‍ഡുകളും കൊടിയും നശിപ്പിച്ചിരുന്നു. കടയിലെ ഫര്‍ണിച്ചറുകളും ഒരു ബൈക്കും തകര്‍ക്കുകയുണ്ടായി. ഇതോടൊപ്പം കടത്തിക്കൊണ്ടുപോയ ബൈക്കാണ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.