Connect with us

Malappuram

വോട്ടിനായി അന്യസംസ്ഥാനക്കാര്‍ വണ്ടികയറി; തൊഴിലാളികള്‍ക്കായി നെട്ടോട്ടം

Published

|

Last Updated

മലപ്പുറം: വോട്ട് ചെയ്യാന്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് വണ്ടി കയറി. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്നലെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പൂരത്തിരക്കായിരുന്നു. എല്ലാവരും വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പുറപ്പെടാനെത്തിയവര്‍.
പതിനൊന്ന് സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍, അസം, ജമ്മുകാശ്മീര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലെ ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഇന്ന് തന്നെയാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട്ടിലെ തൊഴിലാളികളായിരുന്നു പ്രധാനമായും ഇന്നലെ വോട്ട് ചെയ്യാനായി നാട്ടിലേക്ക് മടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളിലുള്ളവരും കഴിഞ്ഞ ദിവസങ്ങളിലായി നാടണഞ്ഞിരുന്നു. തൊഴിലാളികള്‍ കൂട്ടത്തോടെ വണ്ടികയറിയത് നിര്‍മാണ മേഖല ഉള്‍പ്പെടെയുള്ള ഇവര്‍ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലുകളെ ബാധിച്ചു. പലയിടങ്ങളിലും ദിവസങ്ങളിലായി നിര്‍മാണം സ്തംഭവനാവസ്ഥയിലായിട്ടുണ്ട്.
ക്വാറികളിലും കയറ്റിറക്ക് മേഖലകളിലുമെല്ലാം ആളില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. തമിഴ്‌നാട്ടില്‍ നേരത്തെ വോട്ടര്‍മാര്‍ക്ക് ടെലിവിഷനും വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും ലാപ്‌ടോപ്പുമെല്ലാം വാഗ്ദാനം ചെയ്യുകയും അവ നല്‍കുകയും ചെയ്തിരുന്നു. വോട്ട് ചെയ്യാന്‍ പോകുന്ന യാത്രക്കാരെ കൊണ്ട് ഇന്നലെ ബസുകളും ട്രെയിനുകളും നിറഞ്ഞ് കവിഞ്ഞു. കാലുകുത്താനിടമില്ലാത്ത വിധം തിരക്കാണ് അനുഭവപ്പെട്ടത്. പലരും ഒരാഴ്ച കഴിഞ്ഞേ ഇനി കേരളത്തിലേക്ക് മടങ്ങുകയുളളു. അതുവരെ തൊഴിലാളികളെ തേടി ഉടമകള്‍ക്ക് നെട്ടോട്ടമോടേണ്ടി വരും.