മലേഷ്യന്‍ സര്‍ക്കാറിന്റെ നിലപാട് സ്വീകാര്യമല്ലെന്ന് യാത്രക്കാരുടെ ബന്ധുക്കള്‍

Posted on: April 24, 2014 7:40 am | Last updated: April 24, 2014 at 7:56 am

പെര്‍ത്ത്: മലേഷ്യന്‍ സര്‍ക്കാറിന്റെ നിലപാട് സ്വീകാര്യമല്ലെന്ന് കാണാതായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍. വിമാനത്തിന് എന്ത് പറ്റിയെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ യാത്രക്കാരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാമെന്ന മലേഷ്യന്‍ സാര്‍ക്കാറിന്റെ അഭിപ്രായത്തിനെതിരെയാണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ക്വലാലംപൂരില്‍ വാരാന്ത്യ വിശദീകരണത്തിനിടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്.
വിമാനം ഇന്ത്യന്‍ സമുദ്രത്തിലെവിടെയെങ്കിലും തകര്‍ന്ന് വീണിരിക്കാമെന്ന് സാറ്റലൈറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മലേഷ്യന്‍ ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയിരുന്നു. വിമാനം തകര്‍ന്നതിനും ഇതിലുള്ളവര്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നതിനും നിര്‍ണായക തെളിവുകള്‍ നല്‍കാതെ മരണ സര്‍ട്ടിഫിക്കറ്റും നഷ്ടപരിഹാരവും നല്‍കുന്നതിന് അധികൃതര്‍ക്ക് അവകാശമില്ലെന്ന് യാത്രക്കാരുടെ കുടുംബങ്ങളുടെ കൂട്ടായ്മയായ ‘യുനൈറ്റഡ് ഫാമിലീസ് ഓഫ് എം എച്ച് 370’ വ്യക്തമാക്കി.
ഇന്‍ഷ്വറന്‍സ് തുക കിട്ടുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി യാത്രക്കാരുടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അധികൃതര്‍ വിശദീകരിച്ചത്. കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കാന്‍ യാത്രക്കാരുടെ ബന്ധുക്കളോട് അപേക്ഷ സമര്‍പ്പിക്കാന്‍ യോഗത്തില്‍ വിദേശകാര്യ സഹമന്ത്രി ഹംസ സൈനുദ്ദീനും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സര്‍ക്കാറും വിമാനക്കമ്പനിയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും തങ്ങള്‍ക്ക് ഏറെ വേദനയുണ്ടാകും വിധം എലിയും പൂച്ചയും കളിക്കുകയാണെന്നും യാത്രക്കാരുടെ ബന്ധുക്കള്‍ ആവര്‍ത്തിച്ച് ആരോപിച്ചു. സര്‍ക്കാറും വിമാന കമ്പനിയും ആരോപണം നിഷേധിച്ചു.