ഒബാമയുടെ ഏഷ്യന്‍ പര്യടനം ആരംഭിച്ചു

Posted on: April 24, 2014 8:42 am | Last updated: April 24, 2014 at 7:46 am

OBAMAടോക്യോ: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഏഷ്യന്‍ പര്യടനം തുടങ്ങി. ജപ്പാനിലെത്തിയ ഒബാമ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൂന്ന് രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കും. ഇന്നലെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ വിരുന്നില്‍ പങ്കെടുത്തു. ഇന്ന് ചര്‍ച്ചകള്‍ക്ക് ശേഷം സംയുക്ത പത്രസമ്മേളനം നടത്തും.
വെള്ളിയാഴ്ച ദക്ഷിണ കൊറിയയിലെത്തുന്ന ഒബാമ, പ്രസിഡന്റ്പാര്‍ക്ക് ജൂയൂന്‍ഹേയുമായി ചര്‍ച്ച നടത്തും. സംയുക്ത പത്രസമ്മേളനം നടത്തും. 26ന് സൈനിക കേന്ദ്രം സന്ദര്‍ശിക്കും. തുടര്‍ന്ന് മലേഷ്യയിലേക്ക് പോകും. 27ന് മലേഷ്യന്‍ പ്രസിഡന്റ് നജീബ് റസാഖുമായി ചര്‍ച്ച നടത്തി സംയുക്ത പത്രസമ്മേളനം നടത്തും. 28ന് ഫിലിപ്പൈന്‍സിലെത്തുന്ന ഒബാമ പ്രസിഡന്റ് ബെന്‍ജിയോ അക്വിനോയുമായി ചര്‍ച്ച നടത്തും. 28ന് അമേരിക്കയിലേക്ക് മടങ്ങും.
അതേസമയം, ചൈനയുമായി ദ്വീപ് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ ജപ്പാനെ അമേരിക്ക പിന്തുണച്ചു. ജപ്പാന്റെ നിയന്ത്രണത്തിലുള്ള ദ്വീപ് സ്വന്തമാക്കാനുള്ള ഏത് തരത്തിലുള്ള ശ്രമത്തേയും എതിര്‍ക്കുമെന്ന് ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ മുന്നോടിയായി നടന്ന അഭുമുഖത്തില്‍ ഒബാമ പറഞ്ഞു.എന്നാല്‍ ദ്വീപില്‍ പ്രതിരോധ കരാര്‍ കൊണ്ടുവരാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ശീതസമര കാലം മുതല്‍ അമേരിക്ക – ജപ്പാന്‍ സഖ്യം ഉഭയകക്ഷി സജ്ജീകരണം തുടരുകയാണെന്നും ഇതിന് ചൈനീസ് മേഖലയിലെ അഖണ്ഡതയേയോ അവകാശത്തേയോ തകര്‍ക്കാനാകില്ലെന്നും മന്ത്രാലയം വക്താവ് ഖ്വിന്‍ ഗാങ് ബീജിംഗില്‍ പറഞ്ഞു.