Connect with us

Kerala

കുട്ടികളുടെ മനസ്സ് പഠിക്കാന്‍ എല്ലാ സ്‌കൂളിലേക്കും മൊബൈല്‍ ക്ലിനിക്ക്

Published

|

Last Updated

കണ്ണൂര്‍: കൗമാരക്കാര്‍ക്കിടയിലെ മാനസിക പിരിമുറുക്കങ്ങള്‍ പരിഹരിക്കാനും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താനും ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘം ഇനി എല്ലാ വിദ്യാലയങ്ങളിലുമെത്തും. ദേശീയ ആരോഗ്യ ഗ്രാമീണ ദൗത്യ(എന്‍ ആര്‍ എച്ച് എം)ത്തിന്റെ ഭാഗമായുള്ള കൗമാര ആരോഗ്യ സൗഹൃദ ക്ലിനിക്കുകളുടെ പ്രവര്‍ത്തനമാണ് എല്ലാ സ്‌കൂളിലേക്കും വ്യാപിപ്പിക്കുന്നത്. ആഴ്ചയില്‍ നാല് ദിവസത്തോളം ഓരോ ബ്ലോക്ക് പരിധിയിലെയും സ്‌കൂളുകളിലെത്തി കുട്ടികള്‍ക്കുള്ള കൗണ്‍സലിംഗും ആരോഗ്യ പരിശോധനയും കൂടുതല്‍ കാര്യക്ഷമമാക്കാനാണ് പുതിയ പദ്ധതിയൊരുങ്ങുന്നത്.
ഒരു ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, കൗണ്‍സിലര്‍ എന്നിവരടങ്ങുന്ന സംഘമാണ് എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടി സ്‌കൂളുകളിലെത്തി പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുക. കൗമാരക്കാരായ കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങളും ശാരീരിക അസ്വസ്ഥതകളുമെല്ലാം വര്‍ധിച്ചുവരുന്നത് കുട്ടികളുടെ ജീവിതരീതിയെയും പഠനത്തെയും കാര്യമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
നേരത്തെ ഓരോ ജില്ലാ ആശുപത്രിയിലും ഇതിന്റെ ഭാഗമായി കൗമാര ആരോഗ്യ ക്ലിനിക്കുകള്‍ തുറന്നിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസമെന്നോണം രാവിലെ മുതല്‍ ഉച്ചവരെ ഇവിടെ കൗമാരക്കാര്‍ക്കായി പ്രത്യേക പരിശോധനയും കൗണ്‍സലിംഗും നടക്കുന്നുമുണ്ട്. എന്നാല്‍ ദിവസവും ഇത്തരം കൗണ്‍സലിംഗ് സെന്ററിലെത്തുന്നവരുടെയെണ്ണം ഏറുകയും സങ്കീര്‍ണമായ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മുമ്പാകെയെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യസംഘം സ്‌കൂളുകളിലെത്തി ക്യാമ്പ് ചെയ്യണമെന്ന നിര്‍ദേശമുയര്‍ന്നത്.
ആഴ്ചയില്‍ ചൊവ്വ, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലായാണ് മൊബൈല്‍ ക്ലിനിക്ക് സ്‌കൂളിലെത്തുക. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ആവിഷ്‌കരിച്ച സ്‌കൂളുകളില്‍ നിന്ന് അറിയിക്കുന്ന മുറക്ക് ഓരോ ബ്ലോക്കിനും കീഴിലായാണ് മൊബൈല്‍ ക്ലിനിക്കിന്റെ സേവനമുണ്ടാകുക. രാവിലെ മുതല്‍ സ്‌കൂളില്‍ ക്യാമ്പ് ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തിന് മുമ്പാകെ പത്ത് വയസ്സ് മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അവരവരുടെ പ്രശ്‌നങ്ങളുമായി ഹാജരാകാം.
ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും കുട്ടികള്‍ക്ക് മാനസികമായി അനുഭവപ്പെടുന്ന ഏത് പ്രശ്‌നങ്ങളെക്കുറിച്ചും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഡോക്ടറോട് സംസാരിക്കാന്‍ സാഹചര്യമുണ്ടാകും. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നതിനാല്‍ ആശങ്കകളില്ലാതെ കുട്ടികള്‍ക്ക് ആരോഗ്യസംഘം മുമ്പാകെയെത്താമെന്ന് പദ്ധതിയുടെ നോഡല്‍ ഓഫീസറായ ഡോ. അമര്‍ പറഞ്ഞു.
പ്രജനനാരോഗ്യം, വിളര്‍ച്ച, പോഷകാഹാരക്കുറവ്, സൗന്ദര്യപ്രശ്‌നങ്ങള്‍, വ്യായാമം, ത്വക്‌രോഗങ്ങള്‍ തുടങ്ങി കൗമാരക്കാരില്‍ കണ്ടുവരുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ക്ലിനിക്കില്‍ പരിഹാരം നിര്‍ദേശിക്കും. ദേഷ്യം, പ്രണയം, ആത്മഹത്യാപ്രവണത, പഠനത്തില്‍ ശ്രദ്ധയില്ലായ്മ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളുമായി ജില്ലാ ആശുപത്രികളിലെ കൗണ്‍സലിംഗ് സെന്ററുകളിലെത്തുന്നവരുടെയെണ്ണം ഇപ്പോള്‍ ഏറെയാണ്.
സ്‌കൂളുകളില്‍ ക്ലിനിക്കുകളെത്തുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളുമായെത്തുന്ന കുട്ടികളുടെ എണ്ണം കൂടുമെന്ന് കൗണ്‍സലിംഗിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നുണ്ട്. സ്‌കൂളുകള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ പ്രദേശത്തെ അങ്കണ്‍വാടിയിലും മറ്റുമെത്തി മൊബൈല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
സ്‌കൂള്‍ ആരോഗ്യ പദ്ധതിയുടെ ഭാഗമായി നേരത്തെ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി ശക്തിപ്പെടുത്താനും കൗമാരക്കാരായ കുട്ടികള്‍ക്ക് ഉയര്‍ന്ന വ്യക്തിത്വം പകര്‍ന്നുനല്‍കാനും ഈ പദ്ധതി കൊണ്ട് സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി