Connect with us

Ongoing News

വോട്ട് വിഭജനത്തിലും വികസനത്തിലും കണ്ണുനട്ട് മിലിന്ദ്

Published

|

Last Updated

കേന്ദ്ര ഐ ടി സഹമന്ത്രി മിലിന്ദ് ദേവ്‌റക്ക് മുംബൈ സൗത്തില്‍ ഇത് മൂന്നാമങ്കമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുരളി ദേവ്‌റയുടെ മകനെന്ന നിലയില്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ ഗണത്തില്‍ വരും ഈ 37കാരനും. അതുകൊണ്ട് മൂന്നാമൂഴം തേടിയുള്ള മിലിന്ദിന്റെ പടയോട്ടം വലിയ തലക്കെട്ടാകുകയും ചെയ്യും. മുമ്പത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇത്തവണത്തെ പോരാട്ടം. ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ആം ആദ്മി പാര്‍ട്ടിയും അവരവരുടെ നിലക്ക് ശക്തമായ സ്ഥാനാര്‍ഥികളെ നിര്‍ത്തി മിലിന്ദിന് മുമ്പില്‍ വെല്ലുവിളി തീര്‍ക്കുമ്പോള്‍ കോട്ടയില്‍ കയറാന്‍ അവര്‍ക്ക് സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം. കോണ്‍ഗ്രസും താനും സാധാരണക്കാരുടെ കൂടെയാണ്. അതുകൊണ്ട് അവര്‍ തുണക്കും. ഇതാണ് മിലിന്ദിന് പറയാനുള്ളത്.
2009ല്‍ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ത്രികോണ മത്സരമായിരുന്നു മണ്ഡലത്തില്‍. എം എന്‍ എസിലെ ബാല നന്ദഗാവോങ്കാറും ശിവസേനയിലെ മോഹന്‍ റാവ്‌ലെയും ഉയര്‍ത്തിയ വെല്ലുവിളി മിലിന്ദ് മറികടന്നു. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുകയായിരുന്നു അന്ന്. ഇത്തവണ നന്ദഗാവോങ്കാര്‍ തന്നെയാണ് എം എന്‍ എസിന്റെ സ്ഥാനാര്‍ഥി. ശിവസേന അരവിന്ദ് സാവന്തിനെയും എ എ പി മീരാ സന്യാലിനെയും രംഗത്തിറക്കിയിരിക്കുന്നു.
മറ്റ് കേന്ദ്ര മന്ത്രിമാരില്‍ നിന്ന് വ്യത്യസ്തമായി മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പ്രധാനമായും മിലിന്ദ് വോട്ട് തേടുന്നത്. ഭേണ്ടി ബസാര്‍ വികസന പദ്ധതി, ഈസ്റ്റേണ്‍ ഫ്രീ വേ പ്രോജക്ട്, എണ്‍പത് കോടിയുടെ മറൈന്‍ ഡ്രൈവ് പ്രോജക്ട് തുടങ്ങിയവ മിലിന്ദ് ദേവ്‌റ എടുത്തു പറയുന്നു. കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന വര്‍ഗീയവിരുദ്ധ, മോദിവിരുദ്ധ മുദ്രാവാക്യവും അദ്ദേഹം ശക്തമായി ഉയര്‍ത്തുന്നു. അനുയായികള്‍ അദ്ദേഹത്തിന്റെ യുവത്വവും പാരമ്പര്യവും വരെ ആയുധമാക്കുന്നു.
എന്നാല്‍, വികസനരംഗത്തെ പ്രശ്‌നങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ ഉയര്‍ത്താതെ തന്നെ ദൃശ്യമാണ് ഇവിടെ. പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍, താറുമാറായ കുടിവെള്ള വിതരണം, അധോലോക സംഘങ്ങള്‍, മഴ പെയ്താല്‍ നിറഞ്ഞൊഴുകുന്ന അഴുക്കു ചാലുകള്‍, പഴകി വീഴാറായ കെട്ടിടങ്ങള്‍. തിരക്കേറിയ നഗരത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഇവിടെയുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന മീരാ സന്യാല്‍ ഇത്തവണ എ എ പി സ്ഥാനാര്‍ഥിയായെത്തുമ്പോള്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്. ഒരു ബേങ്കര്‍ എന്ന നിലയില്‍ താന്‍ ആര്‍ജിച്ച അനുഭവസമ്പത്ത് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. അരവിന്ദ് കെജ്‌രിവാള്‍ മഹാരാഷ്ട്രയിലെ തന്റെ പ്രചാരണ പരിപാടി തുടങ്ങിയത് തന്നെ മുംബൈ സൗത്തില്‍ നിന്നായിരുന്നു. കെജ്‌രിവാളിന്റെ റോഡ് ഷോ തനിക്ക് വലിയ ഊര്‍ജമായെന്നാണ് മീര പറയുന്നത്.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ നന്ദഗാവോങ്കാര്‍ സത്യത്തില്‍ ഏറ്റുമുട്ടുന്നത് ശിവസേനാ സ്ഥാനാര്‍ഥി അരവിന്ദ് സാവന്തിനോടാണ്. കാരണം ഇരുവരുടെയും തുറുപ്പ് ചീട്ട് മറാത്താ വികാരം ഒന്നു മാത്രമാണ്. മണ്ഡലത്തിന്റെ ഭാഗമായുള്ള സ്യൂരി നിയമസഭാ മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എയാണ് നന്ദഗാവോങ്കാര്‍. കഴിഞ്ഞ തവണയും ഈ വോട്ട് വിഭജനമാണ് മിലിന്ദ് ദേവ്‌റയെ തുണച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നന്ദഗാവോങ്കാറിന്റെ രംഗപ്രവേശത്തോടെ ശിവസേനാ വോട്ട് ബേങ്ക് നെടുകെ പിളര്‍ന്നു. അന്ന് മിലിന്ദ് നേടിയത് 2.72 ലക്ഷം വോട്ടുകള്‍. നന്ദഗാവോങ്കാറിന് 1.59 ലക്ഷം. ശിവസേനയിലെ മോഹന്‍ റാവേല്‍ 1.46 ലക്ഷം വോട്ടുകളും നേടി. മീരാ സന്യാല്‍ 10,157 വോട്ടുകളും. കണക്ക് വ്യക്തമാണ്. മിലിന്ദ് ദേവ്‌റ ജയിച്ചത് വിഭജനത്തിന്റെ വിടവിലൂടെ. 2004ല്‍ ബി ജെ പി സ്ഥാനാര്‍ഥിയോട് മുട്ടിയപ്പോള്‍ ഭൂരിപക്ഷം പതിനായിരം മാത്രമായിരുന്നുവെന്നോര്‍ക്കണം. റാവേല്‍ ഇന്ന് ശിവസേനയില്‍ ഇല്ല. അദ്ദേഹത്തിന് മണ്ഡലത്തിലുള്ള സ്വാധീനം ആര്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെടുമെന്നത് ചോദ്യ ചിഹ്നമാണ്. എ എ പിയിലെത്തിയ മീരാ സന്യാല്‍ ആരുടെ വോട്ട് പിടിക്കുമെന്നതും പ്രശ്‌നമാണ്.
നാളെ വോട്ടെടുപ്പ് നടക്കുന്ന മുംബൈ സൗത്തില്‍ ആറ് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. അതില്‍ മൂന്നെണ്ണം കൈവശം വെക്കുന്നത് കോണ്‍ഗ്രസാണ്. എന്‍ സി പി, ബി ജെ പി, എം എന്‍ എസ് എന്നിവ ഒന്നു വീതവും.

Latest