Connect with us

Wayanad

വേനല്‍മഴ കനിഞ്ഞു; കര്‍ഷകര്‍ നെല്‍കൃഷിയിലേക്ക്

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ വേനല്‍മഴ ശക്തമായ ലഭിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ നെല്‍കൃഷിയെടുക്കാനുള്ള ഒരുക്കത്തില്‍. ഏറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കര്‍ഷകര്‍ കൃഷിക്കായുള്ള പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്.
നഞ്ചകൃഷിക്കായുള്ള തയ്യാറെടുപ്പാണ് കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്നത്. വെള്ളത്തിന്റെ ദൗര്‍ലഭ്യം കാരണം കഴിഞ്ഞ കാലങ്ങളില്‍ നഞ്ചകൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ പെയ്ത വേനല്‍മഴയിലൂടെ ഇതിന് കഴിയുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്. ട്രാക്ടര്‍ ഉപയോഗിച്ച് വയലുകള്‍ ഒഴുതു മറിക്കുന്ന ജോലികളാണ് നടത്തുന്നത്.
സാധാരണ രീതിയില്‍ കര്‍ഷകര്‍ രണ്ടു സമയങ്ങളിലായിരുന്ന നെല്‍കൃഷി നടത്തിയിരുന്നത്. സീസണ്‍ സമയങ്ങളില്‍ നെല്ലിന് നല്ല വില ലഭിക്കുമെന്നതിനാല്‍ കര്‍ഷകര്‍ ഭൂരിഭാഗവും നഞ്ച കൃഷിയാണ് നടത്തിയിരുന്നത്.
മറ്റു സമയങ്ങളില്‍ പുഞ്ച കൃഷിയും നടത്തിയിരുന്നു. എന്നാല്‍ ആവശ്യമായ വെള്ളം ലഭ്യമല്ലാത്തതിനാല്‍ നഞ്ചകൃഷി ഉപേക്ഷിച്ച നിലയിലായിരുന്നു. നഞ്ചകൃഷിക്കായി ആരംഭിച്ച ചെറുകിട ജലേസചന പദ്ധതികള്‍ പലതും പ്രവര്‍ത്തന ക്ഷമമല്ലാതായത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പാരമ്പര്യ വിത്തുകള്‍ ഉപേക്ഷിച്ചതും ഗുണനിലവാരമില്ലാത്ത പുതിയിനം വിത്തുകള്‍ ഉപയോഗിച്ച് കൃഷിയെടുത്തതും നെല്‍കൃഷിയുടെ തകര്‍ച്ചക്ക് ആക്കംകൂട്ടി.
പനമരം പഞ്ചായത്തിലെ വന്‍കിട പദ്ധതികളായ കോട്ടക്കുന്ന്, വിളമ്പുകണ്ടം, പരക്കുനി തുടങ്ങിയവയെല്ലാം ഇപ്പോള്‍ താളം തെറ്റിയിരിക്കയാണ്. ജലസേചന പദ്ധതികള്‍ കാര്യക്ഷമമായാല്‍ യഥാസമയം നഞ്ചകൃഷിയെടുക്കാന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറയുന്നു.
ജില്ലയിലെ നെല്ലുല്‍പ്പാദന കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനം പനമരത്തിനുണ്ടായിരുന്നു. പനമരം അങ്ങാടിവയല്‍, മാത്തൂര്‍വയല്‍, ആര്യനൂര്‍വയല്‍, പരക്കുനിവയല്‍ എന്നിവിടങ്ങളിലെ വയലുകളില്‍ നഞ്ചകൃഷിയായിരുന്നു ഭുരിഭാഗവും ഇറക്കിയിരുന്നത്. എന്നാല്‍ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാതായതോടെ നഞ്ചകൃഷി കര്‍ഷകര്‍ ഉപേക്ഷിക്കുകയായിരുന്നു.

Latest