Connect with us

Kerala

കൂരയില്‍ ഉറുമ്പരിച്ച് തൊണ്ണൂറ്റഞ്ചുകാരന്‍

Published

|

Last Updated

ചേര്‍ത്തല: തൊണ്ണൂറ്റി അഞ്ചുകാരനെ കൂരക്കുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് മുത്തശ്ശിവീട്ടില്‍ പൈലോയെയാണ് ആരും തുണയില്ലാതെ വിശന്ന് തളര്‍ന്ന് ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ പലപ്പോഴും കൊടുക്കുന്ന കഞ്ഞി മാത്രമായിരുന്നു ഭക്ഷണം. കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണമൊന്നും കഴിക്കാതെ വന്നപ്പോള്‍ തളര്‍ന്നു വീഴുകയായിരുന്നു. പൈലോക്ക് രണ്ട് മക്കളാണുള്ളത്. മൂത്തമകന്‍ കുഞ്ഞുമോന്‍ എവിടെയാണെന്നറിയില്ല. ഇളയമകള്‍ സെലിക്ക് മാനസിക വിഭ്രാന്തി കണ്ടതിനെ തുടര്‍ന്ന് കാക്കനാട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. ഒടിഞ്ഞു തൂങ്ങി വീഴാറായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച കൂരയിലാണ് പൈലോയുടെ താമസം. അറുപത് വര്‍ഷത്തോളമായി പൈലോയും കുടുംബവും ഇവിടെ വന്നു താമസിക്കുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രാഥമിക കാര്യത്തിനു പോലും പുറത്ത് പോകാറില്ല. നാട്ടുകാര്‍ പറഞ്ഞാണ് പൈലോയുടെ വിഷമസ്ഥിതി പുറംലോകം അറിയുന്നത്. ഇതോടെ ചേര്‍ത്തലയില്‍ നിന്നും മനുഷ്യാവകാശ സംരക്ഷണ മിഷന്‍ അധികൃതര്‍ സ്ഥലത്തെത്തുകയും കഴിക്കാന്‍ ഭക്ഷണം നല്‍കുകയും ചെയ്തു. ഇതിന് ശേഷം കുളിപ്പിച്ചു വൃത്തിയാക്കുകയും ചെയ്തു. ഇനി അര്‍ത്തുങ്കല്‍ പോലീസിന്റെ സഹായത്തോടെ ഏതെങ്കിലും സംരക്ഷണകേന്ദ്രത്തില്‍ ഏല്‍പ്പിക്കുമെന്ന് മനുഷ്യാവകാശ സംരക്ഷണ മിഷന്‍ ചേര്‍ത്തല താലൂക്ക് സംഘാടകരായ സുശീല രാമസ്വാമി, കെ വിശ്വനാഥ്, സാബു എന്നിവര്‍ പറഞ്ഞു.

Latest