സിറിയയില്‍ ജൂണ്‍ മൂന്നിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്

Posted on: April 22, 2014 1:38 am | Last updated: April 22, 2014 at 2:29 pm

ദമസ്‌കസ്: സിറിയയില്‍ ജൂണ്‍ മൂന്നിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമെന്ന് പാര്‍ലിമെന്ററി സ്പീക്കര്‍. പ്രസിഡന്റ് ബശര്‍ അല്‍ അസദ് തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്ന യോഗത്തിനിടെ പാര്‍ലിമെന്റ് കെട്ടിടത്തിലേക്ക് മോട്ടോര്‍ വാഹനം ഓടിച്ചുകയറ്റി സ്‌ഫോടനം നടത്തിയതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷക സംഘം റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടനാ ഭേദഗതി നടത്തിയതിന് ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്.
2011 മാര്‍ച്ച് മുതല്‍ രാജ്യത്ത് 1,50,000 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷക സംഘം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം മൂന്നിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് തിരഞ്ഞെടുപ്പ്. മെയ് 28ന് രാജ്യത്തിന് പുറത്ത് താമസിക്കുന്ന സിറിയക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കാനും തീരുമാനിച്ചതായി പാര്‍ലിമെന്റ് പ്രത്യേക സെഷനില്‍ മുഹമ്മദ് അല്‍ ലഹാം പറഞ്ഞു. നാളെ മുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാം. പിതാവ് ഹഫിസ് അല്‍ അസദ് മരിച്ചതിന് ശേഷമാണ് 2000ല്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് അധികാരത്തിലെത്തിയത്. നിലവില്‍ അദ്ദേഹത്തിന്റെ ഭരണ കാലവും അവസാനിക്കുന്നത് ജൂലൈ 17നാണ്.
രാജ്യത്ത് നടക്കുന്ന ആഭ്യന്തര കാലപത്തിനിടയിലും അദ്ദേഹം തന്നെ വീണ്ടും ഏഴ് വര്‍ഷത്തേക്ക് കൂടി തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം രാജ്യത്ത് താമസിച്ചവര്‍ മാത്രമേ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാവൂ എന്ന പുതിയ നിയമം ഉണ്ടാക്കിയത് പ്രതിപക്ഷ രംഗത്തുള്ള നാടുകടത്തപ്പെട്ട വിമതര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടി പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷത്തോട് സര്‍ക്കാര്‍ മൃഗീയ നടപടി സ്വീകരിച്ചതാണ് പിന്നീട് രാജ്യം ആഭ്യന്തര കലാപത്തിലേക്ക് നീങ്ങാന്‍ ഇടയാക്കിയത്. ഇത്തരം ഒരു സാഹചര്യത്തില്‍ എങ്ങനെ തിരഞ്ഞെടുപ്പ് നടത്തുമെന്നത് സര്‍ക്കാറിനു മുന്നിലെ വലിയ ചോദ്യമാണ്.