Alappuzha
യു എന്‍ ഉദ്യോഗസ്ഥന്റെയും സഹോദരന്റെയും മരണം: മൂന്ന് പേര്‍ കീഴടങ്ങി
ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തില്‍ ആഡംബര കാര്‍ സ്‌കൂട്ടറിലിടിച്ചു യു എന്‍ ഉദ്യോഗസ്ഥനും സഹോദരനും മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ ഓഡി കാര്‍ അന്വേണഷ സംഘം കണ്ടെടുത്തു. കാറിന്റെ ഉടമയും സിവല്‍ പോലീസ് ഓഫീസര്‍ അടക്കമുള്ള രണ്ട് സുഹൃത്തുക്കളും പോലീസില്‍ കീഴടങ്ങി. അടൂര്‍ സ്വദേശിയും ചെന്നൈയില്‍ സ്ഥിര താമസമാസക്കാരനുമായ ചെന്നൈ പൊരൂര്‍ ഹെറിട്ടേജ് വെങ്കിടേശ്വര നഗറില്‍ ക്യാപ്റ്റന്‍ സുജിത് കെ നായര്‍(35), സുഹൃത്തുക്കളായ ആലപ്പുഴ തൂക്കുകുളം സൂര്യ ഹൗസില്‍ സുജിത്ത്(34), ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറായ മുരളി മനോജ് എന്നിവരാണ് കീഴടങ്ങിയത്.
സുജിത് കെ നായരുടെ ഉടമസ്ഥതയിലുള്ള തമിഴ്‌നാട് ടി എന്‍ 10 എ പി 7279 നമ്പര്‍ ഓഡി കാര്‍ ഇന്നലെ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഡി വൈ എസ് പി ജോണ്‍തോംസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനവും ഉടമയെയും കസ്റ്റഡിയിലെടുത്തത്. വാഹനം ആലപ്പുഴ ഡിവൈ എസ് പി ഓഫീസിലെത്തിച്ചു. സുജിത്ത് കെ നായര്‍ ഗോ എയറിലെ കമാന്‍ഡന്റും കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാണ്. ഐ പി സി 304 വകുപ്പ് പ്രകാരം മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് സുജിത്ത് നായര്‍ക്കെതിരെയും സുഹൃത്തുക്കള്‍ക്കെതിരെ ഐ പി സി വകുപ്പ് 201 പ്രകാരം തെളിവ് നശിപ്പിക്കലിനും കേസെടുത്തു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
