ബുദ്ധിയെ ഉണര്‍ത്തുന്ന വിദ്യാഭ്യാസ പദ്ധതിയുമായി പ്രൊഫ. എ ജി റാവു

Posted on: April 20, 2014 11:19 am | Last updated: April 20, 2014 at 11:19 am

കല്‍പ്പറ്റ: രൂപ കല്‍പനാവിദഗ്ധനാണ് മുംബൈ ഐ ഐ ടിയിലെ അനന്തപുരം ഗോപിനാഥ റാവു എന്ന പ്രൊഫ.എ ജി റാവു. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനിന്റെ രൂപകല്‍പനയിലൂടെ ദേശീയതലത്തില്‍ ശ്രദ്ധേയനായ അദ്ദേഹം ഇപ്പോള്‍ ശ്രദ്ധചെലുത്തുന്നത് സ്വയം രൂപപ്പെടുത്തിയ വിദ്യാഭ്യാസ പദ്ധതിയുടെ പ്രചാരണത്തില്‍. കാര്യങ്ങള്‍ ആഴത്തില്‍ ഗ്രഹിക്കുന്നതിലും അപഗ്രഥിക്കുന്നതിലും ബുദ്ധിയെ അതിന്റെ പരമാവധി ശേഷിയില്‍ ഉപയോഗപ്പെടുത്താന്‍ കുട്ടികളെ സഹായിക്കുന്നതാണ് പ്രൊഫ.റാവുവിന്റെ വിദ്യാഭ്യാസ പദ്ധതി. സര്‍ഗാത്മകതയെ ഗണിതം, ശാസ്ത്രം, കൈത്തൊഴില്‍, ഭാഷ എന്നിവയില്‍ എങ്ങനെ വിജയകരമായി ബന്ധപ്പെടുത്താമെന്നാണ് അദ്ദേഹം കുട്ടികളെ അഭ്യസിപ്പിക്കുന്നത്.
കളികളിലൂടെ കണക്കും ശാസ്ത്രവും കൈത്തൊഴിലും ഭാഷയും ഹൃദിസ്ഥമാക്കുന്ന വിദ്യ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രൊഫ.റാവു രണ്ട് ദിവസമായി വയനാട്ടിലെ തൃക്കൈപ്പറ്റയിലുണ്ട്. ഇവിടത്തെ ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രവും കല്‍പ്പറ്റ അക്കാദമിയ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷനും സംയുക്തമായി കുട്ടികള്‍ക്കായി സംഘടിപ്പിച്ച പഞ്ചദിന കളരിയിലാണ് പ്രൊഫ.റാവുവിന്റെ സാന്നിധ്യം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഞ്ച് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന 25 കുട്ടികളാണ് കളരിയില്‍. മുള ഉള്‍പ്പെടെ പ്രദേശിക വിഭവങ്ങള്‍ ചില അളവുകളില്‍ മുറിച്ചുമിനുക്കി ഇഷ്ടപ്പെട്ട പാവകളെ ഉണ്ടാക്കാനും അവയെ കഥാപാത്രങ്ങളാക്കി നാടകരചന നടത്താനുമാണ് ആദ്യദിനങ്ങളില്‍ കുട്ടികള്‍ പഠിക്കുന്നതെന്ന് കളരിയുടെ കോ ഓര്‍ഡിനേറ്റര്‍ പി.ജി.രമ്യ, അക്കാദമിയ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍മാരായ ലൈല സൈന്‍, അനില്‍ ഇമേജ് എന്നിവര്‍ പറഞ്ഞു. പാവകളുടെ നിര്‍മാണം ക്രാഫ്റ്റ്, ഗണിതം, ശാസ്ത്രം എന്നിവയിലും പാത്രസൃഷ്ടി, നാടകരചന എന്നിവ സര്‍ഗാത്മക പ്രവര്‍ത്തനത്തിലും തലച്ചോറിന്റെ ഇടതും വലതും ഭാഗങ്ങളെ ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ക്ക് പ്രചോദനമാകുകയാണെന്ന് അവര്‍ വിശദീകരിച്ചു. തലച്ചോറിന്റെ ഭിന്നശേഷികളെ പുറത്തുകൊണ്ടുവരുന്നതില്‍ പുസ്തകാധിഷ്ഠിത വിദ്യാഭ്യാസ രീതിയുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ് രൂപകല്‍പന ചെയ്തതാണ് താന്‍ പ്രചരിപ്പിച്ചുവരുന്ന വിദ്യാഭ്യാസ പദ്ധതിയെന്ന് പ്രൊഫ.റാവു പറയുന്നു.’ശാസ്ത്രവും ഗണിതവും ഭാവനയുമായി കലരുമ്പോഴാണ് പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ക്ക് വഴിയൊരുങ്ങുന്നത്. ബുദ്ധിയെ പൂര്‍ണമായും ഉണര്‍ത്താന്‍ കഴിയാത്തതാണ് പുസ്തകാധിഷ്ഠിത വിദ്യാഭ്യാസരീതി. ഇന്ത്യയില്‍ പ്രൈമറി, സെക്കന്‍ഡറി തലങ്ങളില്‍ പാഠ്യപദ്ധതികളില്‍ സമഗ്രമായ അഴിച്ചുപണി അനിവാര്യമാണ്. വായിച്ചും കണ്ടും തൊട്ടും വിചാരിച്ചും പണിതും അഭ്യസിക്കുന്ന വിധത്തിലാകണം പാഠ്യപദ്ധതികള്‍’-പ്രൊഫ.റാവു അഭിപ്രായപ്പെട്ടു. കുട്ടികളുടെ ശേഷിയെ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് നിഗ്രഹിക്കുന്നതാണ് ഇന്ത്യയില്‍ പൊതുവെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ഭാവിയില്‍ വ്യാകുലപ്പെടുന്ന മാതാപിതാക്കള്‍ സ്വന്തം പൈതൃകവും സംസ്‌കാരവും മറന്ന് പാശ്ചാത്യശൈലികളിലേക്കാണ് കണ്ണെറിയുന്നത്. ഇതിനൊപ്പം നീങ്ങാന്‍ അധ്യാപകരും നിര്‍ബന്ധിതരാകുമ്പോള്‍ തന്റേതായ ശൈലി രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിനും കുട്ടി പരാജയപ്പെടുകയാണ്. നെയ്ത്തുകാരന്റെ മകനു നെയ്ത്തില്‍ ജ•വാസയുണ്ടാകും. എന്നാല്‍ മകന്‍ നെയ്ത്ത് പഠിക്കരുതെന്ന വാശിയാണ് രക്ഷിതാക്കള്‍ക്ക്. ഈ അവസ്ഥ മാറണം. ഓരോ കുട്ടിയേയും സ്വന്തം ശേഷിക്കും സങ്കല്‍പ്പത്തിനും അനുസരിച്ച് വളരാന്‍ സഹായിക്കുന്നതാകണം വിദ്യാഭ്യാസ രീതി- 42 വര്‍ഷമായി മുംബൈ ഐ.ഐ.ടിയിലെ ഇന്‍ഡസ്ട്രിയില്‍ ഡിസൈന്‍ സെന്ററില്‍ സേവനമനുഷ്ഠിക്കുന്ന 69 കാരനായ പ്രൊഫ.റാവു പറഞ്ഞു.
ആന്ധ്രപ്രദേശിലെ അനന്ത്പൂര്‍ സ്വദേശിയാണ് അവിവാഹിതനായ പ്രൊഫ.റാവു. 2015 ഓടെ വയനാട്ടില്‍ സ്ഥിരതാമസമാക്കാനും വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനും ആലോചനയുണ്ടെന്ന് തൃക്കൈപ്പറ്റക്കടുത്ത് കുറച്ച് സ്ഥലം വിലക്കുവാങ്ങിയ അദ്ദേഹം വെളിപ്പെടുത്തി.