ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്ല; സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം വഴിമുട്ടും

Posted on: April 20, 2014 11:14 am | Last updated: April 20, 2014 at 11:14 am

മലപ്പുറം: ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് വഴികളില്ല. ജില്ലയിലെ നാല് സ്‌പെഷല്‍ സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ആകെയുളള അന്‍പത്തിനാല് വിദ്യാര്‍ഥികളില്‍ 35 പേര്‍ പെണ്‍കുട്ടികളാണ്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ സ്‌പെഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ലാത്തതാണ് ഇവരുടെ തുടര്‍ പഠനത്തിന് തിരിച്ചടിയാകുന്നത്.
കഴിഞ്ഞ വര്‍ഷം 99 ശതമാനമായിരുന്നു വിജയം. നിലമ്പൂര്‍ ബഡ്‌സ് സ്‌കൂള്‍, പരപ്പനങ്ങാടി സോഫി സ്‌കൂള്‍, വാഴക്കാട് കാരുണ്യ ഭവന്‍, അങ്ങാടിപ്പുറം മലാപറമ്പ് അസീസി വിദ്യാലയം എന്നിവിടങ്ങളിലായി പ്രീപ്രൈമറി മുതല്‍ പത്താം ക്ലാസുവരെ നാനൂറിലധികം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതില്‍ മലാപറമ്പ് അസീസി ബധിര വിദ്യാലയത്തില്‍ അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി പ്രവര്‍ത്തിക്കുന്നുണ്ട്. 25 സീറ്റാണ് ഇവിടെയുള്ളത്.
ബാക്കിയുള്ളവര്‍ക്ക് പ്ലസ് വണ്‍ പഠനത്തിന് കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥായുണുള്ളത്. മറ്റു ജില്ലകളില്‍ ഒന്നിലധികം സര്‍ക്കാര്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജില്ലയില്‍ ഇതിനുള്ള യാതൊരു നടപടിയുമുണ്ടായിട്ടില്ല. തുടര്‍പഠനത്തിന് വഴിയില്ലാത്തതിനാല്‍ പ്രൈമറി തലം മുതല്‍ മറ്റു ജില്ലകളില്‍ പഠനം നടത്തുന്നവരുമുണ്ട്. ദൂരക്കൂടുതലും മറ്റുപ്രയാസങ്ങളും കാരണം വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. മക്കളുടെ പഠനം മുടങ്ങുന്നതിന്റെ ആകുലതകള്‍ രക്ഷിതാക്കളെയും അലട്ടുന്നു.
ഹോസ്റ്റല്‍ സൗകര്യങ്ങള്‍ അടക്കമുള്ളവ കണ്ടെത്തുന്നതിലെ പ്രയാസം കാരണം മിക്ക പെണ്‍കുട്ടികളുടെ പഠനം പത്താംക്ലാസിന് ശേഷം നിലക്കുകയാണ് ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. പത്താം ക്ലാസുവരെ കഷ്ടപ്പെട്ട് പഠിച്ച ഇവര്‍ക്ക് തുടര്‍പഠനം ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്.
സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ പേരിന് മാത്രമാണ് ലഭിക്കുന്നത്. ഹോസ്റ്റല്‍ ഫീസായി നല്‍കുന്ന 750 രൂപ പോലും കൃത്യമായി ലഭിക്കാറില്ല. ജില്ലയില്‍ നിലവിലുള്ള സ്‌പെഷല്‍ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ തുടങ്ങിയാല്‍ പ്രശ്‌നത്തിന് പരിഹാരമാവുമെന്നാണ് സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപകരും ഇവിടെ പഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും പറയുന്നത്.
ക്ലാസ് മുറികള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെയുള്ളതിനാല്‍ തുടക്കത്തില്‍ ലാബ് പോലുള്ളവ ഒരുക്കേണ്ട ആവശ്യമേ വരൂ. ബധിര വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പാഠ്യപദ്ധതിയാണെന്നതിനാല്‍ മറ്റു സ്‌കൂളുകളില്‍ തുടര്‍പഠനത്തിനും ഇവര്‍ക്ക് സാധ്യമല്ല.
സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരുടെ നിരന്തര പരിശ്രമത്തിലൂടെയാണ് ഇത്തവണ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത്. ജില്ലയില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള ജില്ലയിലെ മുഴുവന്‍ മന്ത്രിമാര്‍ക്കും പലതവണ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ബധിര വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംഘടനയായ അക്പാഹിയുടെ ഭാരവാഹികള്‍ പറയുന്നു.