തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിച്ചുവെന്ന് എസ് പി

Posted on: April 20, 2014 12:08 am | Last updated: April 20, 2014 at 12:10 am

spലക്‌നോ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിനും കേസിനും കാരണമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാതെ അവ രാഷ്ട്രീയ ആയുധമാക്കാനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവും യു പി നഗരവികസന മന്ത്രിയുമായ അഅ്‌സം ഖാന്റെ തീരുമാനം. ഇതിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുമുണ്ട്. സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയ ബി ജെ പി നേതാവ് അമിത് ഷായുടെ വിലക്ക് നീക്കുക വഴി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത വിവേചനം കാണിച്ചുവെന്ന് പ്രചരിപ്പിക്കാനാണ് എസ് പി ശ്രമിക്കുന്നത്. വിഷയത്തെ ഒരു മുസ്‌ലിം പ്രശ്‌നമായി അവതരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

പാര്‍ട്ടി മേധാവി മുലായം സിംഗ് യാദവ് സ്ത്രീ പീഡനം സംബന്ധിച്ച് നടത്തിയിട്ടുള്ള പരാമര്‍ശങ്ങളിലടക്കം മാധ്യമങ്ങള്‍ പക്ഷപാതപരമായി എസ് പിയെ ആക്രമിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം. ഇതുവഴി രക്തസാക്ഷി പരിവേഷം നേടിയെടുക്കാനാകുമെന്നാണ് കണക്കു കൂട്ടല്‍. തിരഞ്ഞെടുപ്പ് കമ്മീഷനെ കോണ്‍ഗ്രസും ബി ജെ പിയും ഉപയോഗിക്കുന്നുവെന്ന് പ്രചരിപ്പിക്കാനുമാകും. അഅ്‌സം ഖാനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിച്ചുവെന്ന് പാര്‍ട്ടി എം പി നരേഷ് അഗര്‍വാള്‍ കുറ്റപ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ന്യൂനപക്ഷങ്ങളോടുള്ള സമീപനമാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് മുലായം സിംഗ് യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഈ അഭിപ്രായം ആവര്‍ത്തിച്ചു.

മുസ്‌ലിംകള്‍ക്ക് വേണ്ടി ശക്തമായി സംസാരിക്കുന്നയാളായതിനാലാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്ന് അഅ്‌സം ഖാന്‍ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ വിശദീകരിക്കുന്നു. മാപ്പ് പറയാന്‍ താനില്ലെന്ന് അദ്ദേഹം തീര്‍ത്ത് പറയുകയും ചെയ്യുന്നു. ക്രിമിനലുകളാണ് തെറ്റ് ഏറ്റുപറയാറുള്ളത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല- അഅ്‌സം ഖാന്‍ പറയുന്നു. ഈ നീക്കം എസ് പിക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് ബി ജെ പിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ അഅ്‌സം ഖാന്റെയും അമിത് ഷായുടെയും പരാമര്‍ശങ്ങള്‍ താരതമ്യം അര്‍ഹിക്കുന്നില്ലെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. കലാപത്തിന് ബാലറ്റിലൂടെ പ്രതികാരം ചെയ്യണമെന്ന് മാത്രമാണ് അമിത് ഷാ പറഞ്ഞതെന്നാണ് ബി ജെ പിയുടെ വിശദീകരണം. അതേസമയം, കമ്മീഷനെ വിമര്‍ശിച്ച് പുലിവാല് പിടിക്കുകയാണ് ഖാനെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു.
തെറ്റ് ചെയ്യാത്ത താന്‍ മാപ്പ് പറയില്ലെന്ന് പ്രഖ്യാപിച്ച അഅ്‌സം ഖാന്‍, മോദിക്കെതിരെ ശക്തമായ ആക്രമണം നടത്തുന്നുമുണ്ട്. രാജ്യത്തെ അഞ്ചിലൊന്ന് ജനങ്ങളെ കാറിനുള്ളില്‍ കുടുങ്ങിയ പട്ടിക്കുട്ടികളായി കാണുന്ന ഒരു നേതാവ് പ്രധാനമന്ത്രിയായാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് അനുയായികളുടെ ഹര്‍ഷാരവങ്ങള്‍ക്കിടെ അഅ്‌സം ഖാന്‍ ചോദിക്കുന്നു.