അസ്റ്റര്‍ അല്‍ റഫാ പോളിക്ലിനിക് അല്‍ഖൂദില്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: April 19, 2014 10:55 am | Last updated: April 19, 2014 at 10:26 am

മസ്‌കത്ത്: ആരോഗ്യ സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ അസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് അല്‍ഖൂദില്‍ അസ്റ്റര്‍ അല്‍ റഫാ പോളി ക്ലിനിക് തുറന്നു. ഒമാനില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുതിന്റെ ഭാഗമായാണിത്. പ്രദേശത്തെ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ഒമാന്‍ സ്‌പോര്‍ട്‌സ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് റാശിദ് ബിന്‍ അഹ്്മദ് ബിന്‍ മുഹമ്മദ് അല്‍ ഹിനായ് പോളിക്ലിനിക് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അംബാസിഡര്‍ ജെ എസ് മുകുള്‍, ജപ്പാന്‍ അംബാസഡര്‍ മുതിബ്, ഡച്ച് അംബാസഡര്‍ ബാര്‍ബറ ജോസിയസ് എന്നിവര്‍ പങ്കെടുത്തു. അല്‍ഖൂദ് ഖുദ്ഖുദ് റൗണ്ട് എബൗട്ടിനു സമീപത്താണ് അല്‍ റഫ പോളി ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത്.
ആതുരസേവനം ഒമാനിലേക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവെപ്പാണ് അല്‍ഖൂദിലെ അസ്റ്റര്‍ അല്‍റഫ പോളിക്ലിനിക് എന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആഗോളനിലവാരത്തിലുള്ള ആതുരസേവനം ലഭ്യമാക്കുക എതാണ് തങ്ങളുടെ ലക്ഷ്യം. മുന്‍നിര ആതുരസേവന സംരംഭം എന്ന നിലയില്‍, ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മുന്‍കൈയെടുക്കുക എന്ന ദൗത്യത്തിന്റെ ഭാഗമാണ് പുതിയ സംരംഭം. ചികിത്സാ രംഗത്തെ നിലവാരം ഉയര്‍ത്തുക വഴി അസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ ഒമാനിലെ ആരോഗ്യമേഖലയില്‍ ഗുണപരമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്‍ഖൂദിലെ അസ്റ്റര്‍ അല്‍റഫ അസ്റ്റര്‍ ഹോസ്പിറ്റല്‍, അസ്റ്റര്‍ ഒമാന്‍ സ്ഥാപനങ്ങള്‍, അസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി എിവയുടെ സാറ്റലൈറ്റ് സെന്ററായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉന്നതശ്രേണിയിലുള്ള മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളും അത്യാധുനിക മെഡിക്കല്‍ ടെക്‌നോളജിയും ഉള്‍ക്കൊള്ളുന്ന ക്ലിനിക് രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി-ഒബ്സ്റ്റിട്രിക്‌സ്, ഇ എന്‍ ടി, പീഡിയാട്രിക്‌സ്-ന്യൂനറ്റോളജി, ഓര്‍ത്തോപീഡിക്‌സ്, ഡെര്‍മറ്റോളജി, ഓഫ്തമോളജി, ഡെന്റിസ്ട്രി തുടങ്ങിയ ചികിത്സാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ഡയഗ്നോസ്റ്റിക്, ഇമേജിംഗ് ലാബുകളും ഫാര്‍മസിയും പ്രവര്‍ത്തിക്കും. അസ്റ്റര്‍ ഒമാന്‍ സി ഒ ഒ സീനിയ ബിജു, അല്‍റഫ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ആശിഖ് സൈനു, അസ്റ്റര്‍ മസ്‌കത്ത് മെഡിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. സര്‍ഫറാസ് അഹ്മദ് എന്നിവര്‍ സേവനങ്ങള്‍ വിവരിച്ചു.