മലബാറിലെ കുട്ടികള്‍ പഠിക്കാന്‍ യോഗ്യരല്ലേ?

Posted on: April 19, 2014 6:02 am | Last updated: April 19, 2014 at 12:05 am

Teenage_2349അക്കാദമിക് മേഖലയിലെ ഏഷ്യയിലെ ഏറ്റവും വലിയ പരീക്ഷാഫലം ഏറെ കൊട്ടിഘോഷിച്ച് ഇത്തവണയും പ്രസിദ്ധീകരിച്ചു. റെക്കോര്‍ഡ് സമയത്തനിടെ പുറത്തുവന്ന എസ് എസ് എല്‍ സി് പരീക്ഷാഫലത്തെ വിദ്യാഭ്യാസ വകുപ്പും മാധ്യമങ്ങളും വര്‍ണാഭമായി തന്നെ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ വിജയിച്ച വിദ്യാര്‍ഥികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും പതിവ് പോലെ പ്രഖ്യാപനങ്ങളുമായി രംഗത്തുണ്ടെങ്കിലും ഇത് എത്രത്തോളം ഫലപ്രദമാണെന്ന് മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. വിജയ ശതമാനം വര്‍ധിക്കുന്നതിനനുസരിച്ച് ആവശ്യമായ പഠന സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാറുകള്‍ വരുത്തിയ വീഴ്ചയുടെ ഫലമനുഭവിക്കുന്നത് കൂടുതലും മലബാറിലെ വിദ്യാര്‍ഥികളാണ്. തെക്കന്‍ ജില്ലകളില്‍ വിജയിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായോ അതില്‍ കൂടുതലോ ഉപരിപഠനത്തിന് സൗകര്യമുണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ വിജയിക്കുന്ന പകുതിയോളം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് കാലാകാലങ്ങളിലായി സമാന്തര വഴികള്‍ തേടേണ്ട ഗതികേടിലാണ്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളില്‍ അവസരം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓപ്പണ്‍ സ്‌കൂള്‍ സംവിധാനം ആശ്രയിക്കേണ്ടി വരുന്നവരില്‍ പകുതിയിലധികം മലബാറില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്. എല്ലാ വര്‍ഷവും ഇത് തന്നെയാണ് അവസ്ഥ. കഴിഞ്ഞ വര്‍ഷം ഓപ്പണ്‍ സ്‌കൂള്‍ സംവിധാനം ഉപയോഗപ്പെടുത്തിയ ഒരുലക്ഷത്തോളം വിദ്യാര്‍ഥികളില്‍ 67 ശതമാനവും മലബാറിലെ ആറ് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു.
കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളില്‍ നിന്ന് കേരള സര്‍ക്കാര്‍ സിലബസില്‍ എസ് എസ് എല്‍ സി പരീക്ഷ വിജയിച്ച 2,22,291 വിദ്യാര്‍ഥികള്‍ക്കായി ഇവിടെ 1,67,340 പ്ലസ് വണ്‍ സീറ്റുകളാണ് നിലവിലുള്ളത്. നിലവിലെ സാഹചര്യത്തില്‍ 54,948 വിദ്യാര്‍ഥികള്‍ പുറത്തിരിക്കേണ്ടി വരും. സംസ്ഥാനം രൂപം കൊണ്ട ശേഷം പിന്നിട്ട അര നൂറ്റാണ്ടില്‍ കൂടുതല്‍ കാലവും മലബാറില്‍ നിന്നുള്ള മാന്ത്രിമാര്‍ക്ക് കീഴിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് എന്നത് ശ്രദ്ധേയമാണ്. ഇക്കാലത്തിനിടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പഠന സൗകര്യങ്ങളുടെയും കാര്യത്തില്‍ തെക്കന്‍ ജില്ലകളുമായുള്ള അന്തരം തീര്‍ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് വേണം കരുതാന്‍.
സംസ്ഥാനത്താകെ 4,42,678 വിദ്യാര്‍ഥികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ ജയിച്ചത്. സി ബി എസ് ഇ, ഐ സി എസ് ഇ സിലബസുകളില്‍ നിന്നുള്ള മുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 12,000 ത്തോളം വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ഉപരിപഠനത്തിനായി ഈ വര്‍ഷം അവസരം തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം 5,29,678 ത്തിലധികം വരും. എന്നാല്‍ സംസ്ഥാനത്തെ പതിനാല് ജില്ലകളിലായി സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളില്‍ നിലവില്‍ 3,26,980 പ്ലസ്‌വണ്‍ സീറ്റുകളുണ്ട്. ഉപരി പഠന മേഖലയില്‍ വൊക്കേഷനല്‍, ടെക്‌നിക്കല്‍ സ്ഥാപനങ്ങളെ പരിഗണിച്ചാലും ഒട്ടേറെ വിദ്യാര്‍ഥികള്‍ ഉപരിപഠന മേഖലയുടെ മുഖ്യധാരയില്‍ നിന്ന് പുറത്താകുമെന്നുറപ്പാണ്. വി എച്ച് എസ് ഇ-26,750, ഐ ടി ഐ-ടി ടി ഐ സ്ഥാപനങ്ങളില്‍ 61,420, പോളിടെക്‌നിക്ക് കോളജുകളില്‍ 9,990 സീറ്റുകളുമാണുള്ളത്. ഇതെല്ലാം ചേര്‍ത്താലും 4,25,140 ലക്ഷത്തോളമേ വരൂ. ബാക്കി വരുന്ന വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് വേറെ വഴി നോക്കണമെന്നത് യാഥാര്‍ഥ്യം. ഇവര്‍ കൂടുതലും മലബാറില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്നത് പരമാര്‍ഥം.
ഇതോടൊപ്പം സി ബി എസ് ഇ, ഐ സി എസ് ഇ സിലബസുകളിലെ പരീക്ഷാഫലം പുറത്തുവരുന്നതുവരെ പ്ലസ് വണ്‍ പ്രവേശ നടപടികള്‍ വൈകിപ്പിക്കുന്നത് കേരള സിലബസില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ തിരിച്ചടിയാകും. പ്രവേശ നടപടികള്‍ വൈകിപ്പിച്ച് ഏകജാലക സംവിധാനത്തിന്റെ ഗുണം സി ബി എസ് ഇ, ഐ സി എസ് ഇ സിലബസുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൂടി ലഭിക്കുന്ന തരത്തില്‍ സൗകര്യമൊരുക്കുന്നതിനാണ് പ്ലസ്‌വണ്‍ ഏകജാലക പ്രവേശ നടപടികള്‍ വൈകിപ്പിക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ സീറ്റ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 148 പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അനുവദിക്കുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നിലവിലെ അവസ്ഥയില്‍ ഇതില്‍ 140 പഞ്ചായത്തുകളിലേ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ തുടങ്ങാന്‍ കഴിയൂ. സ്‌കൂളുകള്‍ ഈ വര്‍ഷം ആരംഭിച്ചാല്‍ തന്നെ 680 ബാച്ചുകളിലായി 34,100 സീറ്റുകളേ അധികം സൃഷ്ടിക്കാനാകൂ. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലായിരിക്കും ഇത് അനുവദിക്കുക. എന്നാല്‍ പ്ലസ്‌വണ്‍ പ്രവേശ നടപടികള്‍ വൈകിപ്പിച്ച് സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷാഫലങ്ങള്‍ പുറത്തുവരുന്നതോടെ സീറ്റ് പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അധിക സീറ്റുകള്‍ അനുവദിക്കാമെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.
അതേസമയം നിലവില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്‍ 50 വിദ്യാര്‍ഥികളെന്ന അനുപാതം 60 വിദ്യാര്‍ഥികളാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതയും വളരെ കുറവാണ്. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടി തെറ്റിദ്ധാരണ പരത്താനുള്ള കുത്സിത ശ്രമങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്. മലബാറിലെ ജില്ലകളില്‍ പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുന്നതിനുള്ള അന്തിമ നടപടികള്‍ നടക്കുന്ന വേളയിലാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നതെന്നത് ഇതിന് പിന്നിലെ താത്പര്യങ്ങള്‍ വ്യക്തമാക്കുന്നതാണ്. നിലവില്‍ അര ലക്ഷത്തോളം പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നെന്നാണ് പ്രചാരണം. മലബാറിലെ ഹയര്‍ സെക്കന്‍ഡറി സീറ്റ് ക്ഷാമത്തിന് ഏറെക്കുറെ പരിഹാരമായേക്കാവുന്ന ഹൈക്കോടതി അനുമതിയുടെ പശ്ചാത്തലത്തില്‍ മലബാര്‍ മേഖലക്ക് ലഭിക്കാനിടയുള്ള സീറ്റുകള്‍ക്ക് തടയിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി വേണം ഇതിനെ കാണാന്‍. അതേസമയം സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന പ്ലസ്‌വണ്‍ സീറ്റുകളില്‍ 60 ശതമാനവും അണ്‍എയ്ഡഡ് മാനേജ്‌മെന്റ് മേഖലയിലാണെന്നതാണ് യാഥാര്‍ഥ്യം. മാനേജ്‌മെന്റ് ക്വാട്ടയില്‍ വന്‍ തുക നല്‍കേണ്ട സീറ്റുകളാണിവ. ബാക്കിയുള്ളതില്‍ കൂടുതലും എസ് സി, എസ് ടി, സ്‌പോര്‍ട്‌സ് സംവരണ സീറ്റുകളുമാണെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചാണ് വ്യാപക പ്രചാരണം നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചവരില്‍ അധികം പേര്‍ക്കും പ്ലസ്‌വണ്‍ പ്രവേശം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ രണ്ട് തവണയായി അധിക സീറ്റ് അനുവദിച്ചപ്പോള്‍ അണ്‍ എയ്ഡഡ് മേഖലക്കും സീറ്റ് അനുവദിച്ചിരുന്നു. ഈ സീറ്റുകളാണ് ബാക്കിവന്നതിലധികവും.

ALSO READ  ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ