Connect with us

Kerala

ഇത്തവണയും സീറ്റ് തികയില്ല; മലബാറില്‍ സ്ഥിതി രൂക്ഷമാകും

Published

|

Last Updated

തിരുവനന്തപുരം/ മലപ്പുറം: സംസ്ഥാനത്ത് എസ് എസ് എല്‍ സി വിജയിച്ചവര്‍ക്കെല്ലാം ഉപരിപഠനത്തിന് ഇത്തവണയും സീറ്റ് തികയില്ല. മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളാകും പുറത്താകുന്നവരില്‍ കൂടുതല്‍. സി ബി എസ് ഇ ഫലം കൂടി വരുന്നതോടെ വലിയൊരു ശതമാനം വിദ്യാര്‍ഥികള്‍ക്ക് സമാന്തരസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും. അടുത്ത മാസം മൂന്നിനാണ് സി ബി എസ് ഇ ഫലം പ്രഖ്യാപിക്കുക.

കേരള സിലബസില്‍ പരീക്ഷയെഴുതിയ 4,42,678 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ പാസായതെങ്കില്‍ 75000ത്തോളം വിദ്യാര്‍ഥികള്‍ സി ബി എസ് ഇ, ഐ സി എസ് ഇ വിഭാഗങ്ങളില്‍ പരീക്ഷയെഴുതിയിട്ടുണ്ട്. ഈ വിഭാഗങ്ങളിലെ 62000 പേരാണ് കഴിഞ്ഞ വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയത്. പകുതിയോളം പേര്‍ പ്രവേശനം നേടുകയും ചെയ്തു. മൊത്തം 3,26,980 പ്ലസ് വണ്‍ സീറ്റുകളാണ് പതിനാല് ജില്ലകളിലുമായുളളത്. ബാക്കി വരുന്ന വൊക്കേഷനല്‍, ടെക്‌നിക്കല്‍ സ്ഥാപനങ്ങളെ പരിഗണിച്ചാലും അര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി പഠനത്തിന് ആദ്യ ഘട്ടത്തില്‍ അവസരം ലഭിക്കാനിടയില്ല. വി എച്ച് എസ് ഇ-26750, ഐ ടി ഐ-ടി ടി ഐ സ്ഥാപനങ്ങളില്‍ 61420, പോളിടെക്‌നിക്ക് കോളജുകളില്‍ 9990 സീറ്റുകളുമാണുള്ളത്. ഇതെല്ലാം ചേര്‍ത്താലും 4.25 ലക്ഷത്തോളമേ വരൂ.
ഏറ്റവും കൂടുതല്‍ പേര്‍ എസ് എസ് എല്‍ സി പരീക്ഷ വിജയിച്ച മലപ്പുറം ജില്ലയില്‍ പകുതിയോളം പേര്‍ ഇത്തവണയും പുറത്താകും. 73,746 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം മലപ്പുറം ജില്ലയില്‍ നിന്ന് ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. എട്ടായിരത്തോളം സി ബി എസ് ഇ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലുമുണ്ടാകും. നിലവില്‍ 22,026 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ പ്ലസ് വണ്ണിന് സീറ്റുകള്‍ ലഭിക്കില്ല. കോഴിക്കോട് ജില്ലയില്‍ 43,959 പേരാണ് വിജയിച്ചത്. ആകെയുളള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 34,740 ആണ്. 9,216 പേര്‍ മറ്റ് വഴി തേടേണ്ടി വരും. പാലക്കാട്ട് 38,907 പേര്‍ക്ക് 29,100 സീറ്റുകളാണ് ആകെയുള്ളത്. കാസര്‍കോട് 19,605 വിദ്യാര്‍ഥികള്‍ക്കായി 14,070 സീറ്റുകള്‍ മാത്രമേയുള്ളു. വയനാട്ടില്‍ 11,361 പേര്‍ക്ക് 8,220 സീറ്റുകളും. ഈ ജില്ലകളിലെല്ലാം സി ബി എസ് ഇ, ഐസി എസ് ഇ വിഭാഗങ്ങളുടെ ഫലം കൂടി വരുന്നതോടെ പ്ലസ്‌വണ്‍ പ്രവേശം ഏറെ പ്രയാസമാകും.
സംസ്ഥാന സിലബസില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളെ തഴഞ്ഞ് സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് കൂടുതലായി പ്ലസ് വണ്‍ പ്രവേശനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്ലസ് വണ്‍ പ്രവേശനം നേടുന്നവര്‍ക്കെല്ലാം അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകളും ലഭിക്കില്ല. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിനാല്‍ സി ബി എസ് ഇ ഫലം വന്നതിന് ശേഷമേ ഇത്തവണയും പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളു. സി ബി എസ് ഇയുടെ പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് ലഭിക്കാന്‍ പ്രയാസമുള്ളതാണ് വിദ്യാര്‍ഥികളെ കേരള സിലബസിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നത്. എന്‍ജിനീയറിംഗ് പോലെയുള്ള പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പകുതി മാര്‍ക്ക് ഹയര്‍ സെക്കന്‍ഡറിയുടെതും പകുതി എന്‍ട്രന്‍സ് പരീക്ഷയുടെതുമാണ് പരിഗണിക്കുക. തെക്കന്‍ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകളില്‍ വേണ്ടത്ര വിദ്യാര്‍ഥികളില്ലാതിരിക്കുമ്പോഴാണ് മലബാറില്‍ ആവശ്യമുള്ളതിന്റെ പകുതി പോലും അവസരങ്ങളില്ലാതിരിക്കുന്നത്.
എന്നാല്‍ 148 പഞ്ചായത്തുകളില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അനുവദിക്കുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നിലവിലെ അവസ്ഥയില്‍ ഇതില്‍ 1430 പഞ്ചായത്തുകളിലേ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ തുടങ്ങാന്‍ കഴിയൂവെന്നാണ് അറിയുന്നത്. സ്‌കൂളുകള്‍ ഈ വര്‍ഷം ആരംഭിച്ചാല്‍ തന്നെ 680 ബാച്ചുകളിലായി 34100 സീറ്റുകളേ അധികം സൃഷ്ടിക്കാനാകൂ. ഇതുകൂടി കണക്കിലെടുത്താല്‍ മൊത്തം 4.60 ലക്ഷം സീറ്റുകളെ ആകെ ലഭ്യമാകൂ.

Latest