Connect with us

Wayanad

നീലഗിരി ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തില്‍. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 24നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പിന് ഒരാഴ്ചകാലത്തെ സമയം മാത്രമാണുള്ളത്. ആശങ്കകളും പ്രതീക്ഷകളുമായാണ് ഡി എം കെയും, എ ഐ എ ഡി എം കെയും, കോണ്‍ഗ്രസും പ്രചാരണം നടത്തുന്നത്. എല്ലാവരും ഒരു പോലെ പ്രതീക്ഷവെച്ച് പുലര്‍ത്തുന്നുണ്ട്. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചിട്ടുണ്ട്. പ്രചാരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപാഞ്ഞുകൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ തിരഞ്ഞെടുപ്പിന്റെ പ്രതീതിതന്നെ ഇല്ലായിരുന്ന മണ്ഡലത്തില്‍ അന്തിമഘട്ടത്തിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കളത്തില്‍ സജീവമായിരിക്കുന്നത്. ഭരണവിരുദ്ധ വികാരമാണ് എ ഐ എ ഡി എം കെയെ ആശങ്കപ്പെടുത്തുന്നത്. ജയലളിത അധികാരത്തിലെത്തിയ ശേഷമാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതും മറ്റും. തമിഴകത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കാത്തതും ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്ത് ഉയരാന്‍ ജയലളിതക്ക് സാധിച്ചിട്ടില്ല. ചില ജനകീയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും നീലഗിരിയിലെ പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
ഗൂഡല്ലൂരിലെ ഭൂപ്രശ്‌നം, ഭൂമിരജിസ്‌ട്രേഷന്‍, ഊട്ടി-മൈസൂര്‍ പാതയിലെ രാത്രിയാത്രാനിരോധനം, ഓവാലിയിലെ അടിസ്ഥാന പ്രശ്‌നം തുടങ്ങിയവ നീലഗിരിയിലെ ജനങ്ങളുടെ പ്രധാന പ്രശ്‌നങ്ങളാണ ഡി എം കെയെ ആശങ്കപ്പെടുത്തുന്നത് ടൂജി സ്‌പെക്ട്രം അഴിമതിയാണ്. അഴിമതിയാണ് ഡി എം കെയെ പ്രതിരോധത്തിലാക്കുന്നത്.
കോണ്‍ഗ്രസ് ഇത്തവണ തനിച്ചാണ് മത്സരിക്കുന്നത്. ഡി എം കെ മുന്നണിയായിട്ടാണ് മത്സരിക്കുന്നത്. ലീഗും വിടുതലൈ ശിറുതൈ കക്ഷിയും മനിതനേയ മക്കള്‍ കക്ഷിയും ഡി എം കെ മുന്നണിയിലാണുള്ളത്. നീലഗിരി മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ ഡി എം കെ, എ ഐ എ ഡി എം കെ, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. അതേസമയം കൂടുതല്‍ ആത്മവിശ്വാസം ജയലളിതക്ക് തിരിച്ചടിയായിട്ടുമുണ്ട്. എ ഐ എ ഡി എം കെ ബി ജെ പിയുടെ ബിടീമാണെന്നാരോപിച്ച് അവര്‍ക്ക് പിന്തുണ നല്‍കിയിരുന്ന ചില മുസ് ലിം സംഘടനകള്‍ കഴിഞ്ഞ ദിവസം പിന്തുണ പിന്‍വലിച്ചിരുന്നു.
നഗര-ഗ്രാമാന്തരങ്ങളില്‍ ഡ്രാവിഡ പാര്‍ട്ടികള്‍ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഇന്നലെ ആംആദ്മി സ്ഥാനാര്‍ഥി ടി റാണിയും ജനങ്ങളോട് വോട്ടഭ്യര്‍ഥിക്കാനെത്തിയിരുന്നു.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിനാണ് പാര്‍ട്ടികള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. മണ്ഡലത്തില്‍ ഇത്തവണ നിരവധി പേര്‍ നോട്ടപ്രയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം ദ്രാവിഡ പാര്‍ട്ടികള്‍ക്ക് പകരം ഇത്തവണ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസും ആംആദ്മിയും രംഗത്തെത്തിയിരിക്കുന്നത്.
ചിലയിടങ്ങളില്‍ വാഹനപ്രചാരണ ജാഥകള്‍ ആരംഭിച്ചിട്ടുണ്ട്. നീലഗിരി മണ്ഡലത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള തിരഞ്ഞെടുപ്പ് ചിത്രമാണ് തെളിഞ്ഞിരിക്കുന്നത്. അത്‌കൊണ്ട് തന്നെ ആര് വിജയിക്കുമെന്നത് പ്രവചനാതീതമാണ്. മണ്ഡലത്തില്‍ രണ്ട് സ്വതന്ത്രന്മാരടക്കം മൊത്തം പത്ത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

Latest