Connect with us

Kollam

ആര്‍ എസ് പി ഗ്രൂപ്പുകള്‍ ലയിക്കുന്നു; 27ന് സംയുക്ത യോഗം

Published

|

Last Updated

കൊല്ലം: ഇടത് മുന്നണി വിട്ട ഔദ്യോഗിക ആര്‍ എസ് പിയും നേരത്തെ മുതല്‍ യു ഡി എഫില്‍ ഘടക കക്ഷിയായി തുടരുന്ന ആര്‍ എസ് പി- ബിയും ഇനി ഒന്നായി പ്രവര്‍ത്തിക്കും. മെയ് 26ന്് ഇരു പാര്‍ട്ടികളുടെയും ലയനം കൊല്ലത്ത് വെച്ച് നടക്കും. ഇതിന്റെ ഭാഗമായി ഇരു പാര്‍ട്ടികളുടെയും ലോക്കല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന നേതാക്കളുടെയും സംയുക്ത യോഗം ഈ മാസം 27ന് കൊല്ലത്ത് ചേരാനും ധാരണയായിട്ടുണ്ട്.

വി പി രാമകൃഷ്ണ പിള്ള ,ടി ജെ ചന്ദ്രചുഢന്‍, എ എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ആര്‍ എസ് പിയും ബേബി ജോണിന്റെ മകനും മന്ത്രിയുമായ ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ആര്‍ എസ് പി- ബിയും ഇരു മുന്നണികളിലായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. എന്നാല്‍ ഇടത് മുന്നണി ആര്‍ എസ് പിക്ക് കൊല്ലം ലോക് സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുന്നണി വിടേണ്ടിവന്ന പുതിയ രാഷ്്രടീയ സാഹചര്യങ്ങളാണ് ഇരു പാര്‍ട്ടികളുടെയും ലയനത്തിലേക്കെത്തിച്ചിരിക്കുന്നത്. പാര്‍ട്ടികള്‍ ലയിക്കുന്നതോടെ ആര്‍ എസ് പിയുടെ എം എല്‍ എമാരുടെ എണ്ണം മൂന്നാകും. ചവറ എം എല്‍ എയും മന്ത്രിയുമായ ഷിബു ബേബിജോണ്‍, ഇരവിപുരം എം എല്‍ എയും ഔദ്യോഗിക ആര്‍ എസ് പി സെക്രട്ടറിയുമായ എ എ അസീസ്, കുന്നത്തൂര്‍ എം എല്‍ എ കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണ് ഇരു പാര്‍ട്ടികളുടെയും നിയമസഭാ പ്രതിനിധികള്‍. ഇതിനകം തന്നെ യു ഡി എഫില്‍ ഘടക കക്ഷിയായിരിക്കുന്ന ആര്‍ എസ് പി പാര്‍ട്ടികള്‍ ലയനം സാധ്യമാകുന്നതോടെ യു ഡി എഫിലെ നാലാമത്തെ വലിയ ഘടക കക്ഷിയായി മാറും.
കോണ്‍ഗ്രസിന് പുറമെ മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് മറ്റ് മുന്‍നിര ഘടക കക്ഷികള്‍. കൂടാതെ വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് ജനത, കേരള കോണ്‍ഗ്രസ്- ബി, കേരള കോണ്‍ഗ്രസ്- ജേക്കബ് എന്നീ പാര്‍ട്ടികളാണ് മറ്റു എം എല്‍ എമാരുള്ള ഘടക കക്ഷികള്‍. ലയനം നടക്കുന്നതോടെ ആര്‍ എസ് പി പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുമെന്നും യു ഡി എഫില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തി കാര്യങ്ങള്‍ നേടിയെടുക്കാനാകുമെന്നുമാണ് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ കണക്ക് കൂട്ടുന്നത്. കൊല്ലത്തെ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായാലും പ്രതികൂലമായാലും യു ഡി എഫില്‍ രണ്ട് പാര്‍ട്ടികളായി നില്‍ക്കേണ്ടതില്ലെന്നാണ് ഇരു വിഭാഗം നേതാക്കളും അഭിപ്രായപ്പെടുന്നത്.
അതേസമയം, ലയന തീയതി തീരുമാനിച്ചെങ്കിലും ഇരു പാര്‍ട്ടികളും തമ്മില്‍ പല കാര്യങ്ങളിലും ഇനിയും ധാരണയാകാനുണ്ട്. ആര്‍ എസ് പി- ബിയുടെ മന്ത്രി സ്ഥാനം ആര്‍ എസ് പി സെക്രട്ടിയായ എ എ അസീസിന് വിട്ടുകൊടുക്കണമെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം പകരം വിട്ടുനല്‍കണമെന്ന്് ഷിബു ബേബിജോണ്‍ ആവശ്യപ്പെട്ടതായിട്ടാണ് അറിയുന്നത്. എന്നാല്‍ ഈ രണ്ട് തീരുമാനങ്ങളും ഇരു പാര്‍ട്ടികളുടെയും അണികള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പിന് വഴിയൊരുക്കുമെന്ന് തിരിച്ചറിഞ്ഞാണ് 27ന് നേതൃയോഗം വിളിച്ചു കൂട്ടാന്‍ നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. മന്ത്രി സ്ഥാനം വിട്ടുകൊടുത്തുകൊണ്ടുള്ള ലയനം വേണ്ടെന്ന് ജോണിന്റെ അണികളും സെക്രട്ടറി സ്ഥാനം വിട്ട് കൊടുക്കേണ്ടതില്ലെന്ന് ആര്‍ എസ് പി അണികളും വാദിക്കുമ്പോള്‍ ഇവരെ രാഷ്ട്രീയ സാഹചര്യം പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് നേതാക്കള്‍.

---- facebook comment plugin here -----

Latest