നാല് വര്‍ഷം മുമ്പ് ശ്വസനനാളിയില്‍ കുടുങ്ങിയ എല്ലിന്‍ കഷ്ണം പുറത്തെടുത്തു

Posted on: April 17, 2014 12:12 am | Last updated: April 16, 2014 at 11:13 pm

കോഴിക്കോട്: നാല് വര്‍ഷം മുമ്പ് അന്‍പതുകാരിയുടെ ശ്വസനനാളിയില്‍ കുടുങ്ങിയ എല്ലിന്‍ കഷ്ണം താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കണ്ണൂര്‍ വാരം സ്വദേശിനിയായ അന്‍പതുകാരിയുടെ വലതുഭാഗത്തെ ശ്വാസനനാളിയില്‍ നിന്നാണ് മൂന്നര സെന്റിമീറ്റര്‍ നീളമുള്ള എല്ലിന്‍ കഷ്ണം കാര്‍ഡിയോ തെറാസിക് സര്‍ജന്‍ ഡോ. നാസര്‍ യൂസുഫിന്റെ നേതൃത്വത്തിലുള്ള സംഘം പുറത്തെടുത്തത്.
എല്ലിന്‍ കഷ്ണം വിഴുങ്ങിയെന്ന് ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എല്ലിന്‍ കഷ്ണം മലത്തിലൂടെ പുറത്തുപോയിരിക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് സ്ഥിരമായി പനിയും കഫക്കെട്ടും അനുഭവപ്പെട്ടു. നാല് വര്‍ഷത്തെ ചികിത്സകള്‍ക്ക് ശേഷം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ചെസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു.