വൈദ്യുതി നിരക്ക് വര്‍ധന ഈമാസവസാനം

Posted on: April 15, 2014 7:46 am | Last updated: April 15, 2014 at 7:46 am

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നകാര്യത്തില്‍ ഈമാസം അവസാനത്തോടെ തീരുമാനമുാവും. എ.ആര്‍.ആര്‍ (വാര്‍ഷിക വരവുചെലവ് കണക്കുകള്‍), താരിഫ് പെറ്റീഷന്‍ (നിരക്ക് വര്‍ധന സംബന്ധിച്ച നിവേദനം) എന്നിവ ഈമാസം 16 നുശേഷം വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന് കൈമാറും. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം ശിവശങ്കര്‍ തിരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാലാണ് ശിപാര്‍ശ നല്‍കാന്‍ വൈകുന്നത്. ഈമാസം 21 നു മാത്രമേ ചെയര്‍മാന്‍ കേരളത്തില്‍ മടങ്ങിയെത്തൂ. ബോര്‍ഡിന്റെ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് അതിന് മുമ്പുതന്നെ ശിപാര്‍ശ കമ്മീഷന് നല്‍കാനുള്ള ആലോചനകളാണ് നടന്നുവരുന്നത്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ബാധ്യതയുാവുന്ന തരത്തിലായിരിക്കും നിരക്ക് വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കടക്കം നിരക്ക് വര്‍ധയുണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം വൈകിപ്പിച്ചത്. നിലവില്‍ 0-40 യൂനിറ്റുവരെ 1.50 രൂപയും 0-80 യൂനിറ്റ് വരെ 2.20 രൂപയുമാണ് നിരക്ക്. 81-120 മുതല്‍ 201-300 യൂനിറ്റുവരെ ടെലിസ്‌കോപ്പിക് നിരക്കിലുള്ള ബില്ലിംഗാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, 350 യൂനിറ്റ് മുതല്‍ 500 യൂനിറ്റ് വരെയും അതിന് മുകളിലും നോണ്‍ ടെലിസ്‌കോപ്പിക് രീതിയിലുള്ള ബില്ലിംഗാണ്. 0-350 യൂനിറ്റുവരെ യൂനിറ്റിന് അഞ്ചുരൂപയും, 0-400 യൂനിറ്റുവരെ 5.50 രൂപയും, 0-500 യുനിറ്റുവരെ ആറുരൂപയും, 500 ന് മുകളില്‍ ഏഴുരൂപയുമാണ് ഇപ്പോള്‍ നല്‍കിവരുന്നത്. അതായത് 350ന് മുകളില്‍ ഉപഭോഗം വന്നാല്‍ തുടക്കം മുതലുള്ള ഓരോ യൂനിറ്റിനും ആ യൂനിറ്റിന് നിശ്ചയിച്ച തുക നല്‍കണം. നിരക്ക് പരിഷ്‌കരിക്കുന്ന അവസരത്തില്‍ നോണ്‍ ടെലിസ്‌കോപ്പിക് രീതിയില്‍ മാറ്റംവരുത്താനാണ് ബോര്‍ഡ് ആലോചിക്കുന്നത്. നോണ്‍ ടെലിസ്‌കോപ്പിക് രീതിയിലേക്ക് കൂടുതല്‍ സ്ലാബുകളെ ഉള്‍പ്പെടുത്തും. അതായത് കൂടുതല്‍ സ്ലാബുകളില്‍പ്പെട്ടവര്‍ക്ക് നിരക്കില്‍ വര്‍ധനയുണ്ടാകും. 300 യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് യൂനിറ്റിന് 50 പൈസ മുതല്‍ രണ്ടുരൂപവരെയാണ് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. 500 യൂനിറ്റിന് മുകളില്‍ വലിയ വര്‍ധവുണ്ടാകും. ഫിക്‌സഡ് ചാര്‍ജിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. 80 മുതല്‍ 300 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 20 പൈസ മുതല്‍ 1.50 വരെ വര്‍ധനയുണ്ടായേക്കും.

കഴിഞ്ഞവര്‍ഷം വേനലിലും ഈവര്‍ഷവും ഉയര്‍ന്നവിലക്ക് വൈദ്യുതി വാങ്ങിയ നഷ്ടം നികത്തേണ്ടതിനാല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനും നീക്കവും സജീവമാണ്. കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ നിരക്കുവര്‍ധനയുടെ കാലാവധി നേരത്തെ അവസാനിച്ചിരുന്നു. ഫെബ്രുവരി 28നായിരുന്നു പുതിയ നിവേദനം സമര്‍പ്പിക്കേിയിരുന്നത്. ബോര്‍ഡിന്റെ ആവശ്യപ്രകാരം കാലാവധി മാര്‍ച്ച് പകുതിവരെ നീട്ടി. ഏറ്റവുമൊടുവില്‍ ഒരുമാസംകൂടി നീട്ടി നല്‍കുകയായിരുന്നു. ഇതിന്റെയും കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരം ഇനിയൊരുത്തരവുണ്ടാകുന്നതുവരെ പഴയ നിരക്ക് തുടരുന്നതിന് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ബോര്‍ഡിന്റെ വരവുചെലവ് കണക്കുകള്‍ പരിശോധിച്ചശേഷം നിരക്കുവര്‍ധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ബോര്‍ഡിന്റെ അപേക്ഷ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് പൊതുതെളിവെടുപ്പിനുശേഷമാകും അന്തിമതീരുമാനമെടുക്കുക.