Connect with us

Articles

പി പി ഉസ്താദിനെ ഓര്‍ക്കുമ്പോള്‍

Published

|

Last Updated

pp usthad newപ്രമുഖ സുന്നീ പണ്ഡിതനും സംഘാടകനും എഴുത്തുകാരനുമായിരുന്ന പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ വേര്‍പിരിഞ്ഞിട്ട് രണ്ട് വര്‍ഷം തികയുന്നു. പ്രസ്ഥാനത്തിനു വേണ്ടി ജീവിതം ക്രമീകരിച്ച, പ്രവര്‍ത്തകര്‍ക്ക് എന്നും ആവേശമായിരുന്ന നേതാവായിരുന്നു പി പി ഉസ്താദ്. പ്രതിസന്ധികളെ ധൈര്യപൂര്‍വം നേരിട്ട, പ്രതികൂല സാഹചര്യങ്ങള്‍ ആവേശമായി കണ്ട സുന്നീ നേതാവ്.
സമസ്ത കേരള സുന്നീ യുവജന സംഘത്തിന്റെ താഴെ തലം മുതല്‍ സംസ്ഥാന തലം വരെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മര്‍കസിന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തകനും ആദ്യ സംരംഭമായ പള്ളി ദര്‍സിലെ മുദര്‍രിസുമായിരുന്നു ഉസ്താദ്. എപ്പോഴും ഒരു പ്രവര്‍ത്തകന്റെ വിഷമം ഉള്‍ക്കൊള്ളാനും ദുഃഖങ്ങളില്‍ പങ്ക് ചേരാനും അദ്ദേഹത്തിന് പൂര്‍ണമായും സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു പി പി ഉസ്താദ്.
സുന്നീ പ്രസ്ഥാനം പ്രതിസന്ധിയുടെ ഘട്ടങ്ങളിലൂടെ നീങ്ങുമ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും നുണപ്രചാരണങ്ങളും പ്രചരിക്കും. ഈ ഘട്ടത്തില്‍ പ്രവര്‍ത്തകര്‍ തൊട്ടടുത്ത ദിവസത്തെ പി പി ഉസ്താദിന്റെ ലേഖനവും മറുപടിയും വളരെ ആവേശത്തോടെയാണ് പ്രതീക്ഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ മറുപടികളും പ്രസംഗങ്ങളും പ്രതിസന്ധിയുടെ നാളുകളില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശവും ഉണര്‍വുമായിരുന്നു.
സയ്യിദന്മാരോട് ഉസ്താദിന് വലിയ സ്‌നേഹവും ബഹുമാനവും ആദരവുമാണ്. ഉള്ളാളത്ത് ഉറൂസ് നടക്കുമ്പോഴും മറ്റു പ്രധാന പരിപാടികളിലും നിര്‍ബന്ധമായും പി പി ഉസ്താദിനെ ക്ഷണിക്കുകയും ഉസ്താദ് അവിടെയെത്തുകയും ചെയ്യുമായിരുന്നു. അവേലത്ത് വലിയ തങ്ങളുമായും അബ്ദുല്‍ഖാദര്‍ അഹ്ദല്‍ തങ്ങളുമായും ചെറുപ്പത്തില്‍ തന്നെ വലിയ ബന്ധമായിരുന്നു. എന്തു കാര്യവും അവിടെ ചെന്ന് പറയും: ചെറിയ പരിപാടി ആണെങ്കിലും, ഏതു തിരക്കിലാണെങ്കിലും തങ്ങള്‍ അവിടെയെത്തും. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍ തുടങ്ങിയവരോടും വളരെയടുത്ത ബന്ധമായിരുന്നു ഉസ്താദിനുണ്ടായിരുന്നത്. സുന്നീ സംഘടനാ കുടുംബത്തിലെ കാരണവരും പണ്ഡിത ശ്രേഷ്ഠരുമായ എം എ ഉസ്താദുമായുള്ള ബന്ധം വളരെ വലുതായിരുന്നു. ഖമറുല്‍ ഉലമയുടെ പിന്നില്‍ എന്നും ചുറുചുറുക്കോടെ അദ്ദേഹമുണ്ടായിരുന്നു. പി പി ഉസ്താദ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് ക്ലാസുകളെടുക്കുമ്പോഴും അല്ലാത്ത സമയങ്ങളിലും ഹസന്‍ മുസ്‌ലിയാരെ പരാമര്‍ശിക്കാത്ത ഒരു പ്രസംഗം നടത്താറില്ലായിരുന്നു. വലിയ ആവേശത്തോടെയാണ് ആ പേര് ഉസ്താദ് പറഞ്ഞിരുന്നത്.
സുന്നീ സംഘടനാ രംഗത്തെ ഏറ്റവും വലിയ ഒരു നേട്ടമായിരുന്നു എസ് വൈ എസ് എറണാകുളം സമ്മേളനം. സി എം വലിയുല്ലാഹി പൊതുജനങ്ങളോട് സംസാരിക്കാത്ത ഒരു സമയമായിരുന്നു അത്. ആ സമയത്ത് സി എം വലിയുല്ലാഹി, താജുല്‍ ഉലമ, ഖമറുല്‍ ഉലമ, അവേലത്ത് തങ്ങള്‍ എന്നിവരെ വിളിച്ച് സമ്മേളനവുമായി മുന്നോട്ടു പോകാനും മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടു വെക്കരുതെന്നും ഉപദേശിച്ചു. ആ സംഘത്തിലും നേതാക്കള്‍ക്കൊപ്പം പി പി ഉസ്താദുണ്ടായിരുന്നു.
കാന്തപുരം ഉസ്താദ് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുത്തതോടെ കേരളത്തിനകത്തും പുറത്തും പുതിയൊരു ഉണര്‍വ് പ്രകടമായിരുന്നു. അന്ന് എല്ലാ മുക്കുമൂലകളിലും എസ് വൈ എസ് യൂനിറ്റ് കമ്മിറ്റികള്‍ രൂപവത്കരിക്കുന്നതിന് നേതൃത്വം വഹിച്ച നേതാക്കളില്‍ പ്രധാനിയായിരുന്നു പി പി ഉസ്താദ്.
പ്രതിഭാധനനായ ഒരു മുദര്‍രിസ് കൂടിയായിരുന്നു ഉസ്താദ്. വിദ്യാര്‍ഥികളെ സ്‌നേഹിക്കുകയും അവരുടെ സ്‌നേഹപാത്രമാകുകയും ചെയ്തു അദ്ദേഹം. വെള്ളിയാഴ്ചയും ഗള്‍ഫ് യാത്രാ വേളകളും ഒഴികെ ഒരു ദിവസവും രാവിലെ ദര്‍സ് മുടങ്ങാറില്ല. എങ്ങനെയെങ്കിലും മുടങ്ങിയാല്‍ എത്തിയ ഉടനെ കുട്ടികളെ വിളിച്ച് ദര്‍സ് നടത്തും. അതിന് യാതൊരു ക്ഷീണവും പ്രകടിപ്പിക്കാറില്ല.
ഉസ്താദിന്റെ സ്വതസിദ്ധമായ പ്രഭാഷണം ആവേശകരമായിരുന്നു. ഒപ്പം രസകരവും. താന്‍ സത്യമാണെന്ന് വിശ്വസിച്ചത് ആരുടെ മുന്നിലും പറയാന്‍ യാതൊരു മടിയുമില്ല. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുന്നതോടെ എല്ലാ തെറ്റിദ്ധാരണകളും നീങ്ങിയിട്ടുണ്ടാകും. അതൊരു ഗര്‍ജനമായിരുന്നു. എതിരാളികള്‍ എപ്പോഴും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കി. എവിടെയും തോല്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ എഴുത്തുകള്‍ എന്നും പ്രവര്‍ത്തകര്‍ക്ക് ആവേശമാണ്. ചിരി വരുന്ന ഉപമകള്‍ എമ്പാടുമുണ്ടാകും. പഠിക്കാന്‍ കാര്യങ്ങള്‍ ഏറെയും.
ഏതു കാര്യത്തിലും മുന്നോട്ടു വെച്ച കാല്‍ അദ്ദേഹം പിന്നോട്ടു വെക്കില്ലായിരുന്നു. പ്രസ്ഥാനത്തിനും സ്ഥാപനങ്ങള്‍ക്കും വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വിജയിച്ചു. ബൈത്തുല്‍ ഇസ്സക്ക് വേണ്ടി അന്നത്തെ സംസ്ഥാന ഭരണകൂടത്തോട് നടത്തിയ കേസില്‍ അദ്ദേഹം വിജയിക്കുകയായിരുന്നു. എസ് എം എ രൂപവത്കരിക്കുന്നതിലും തുടര്‍പ്രവര്‍ത്തനങ്ങളിലും പി പി ഉസ്താദിന്റെ സംഘടനാപാടവവമാണ് കാണാന്‍ കഴിയുന്നത്. ചെറിയ ഒരു കാലയളവ് കൊണ്ട് ഒരു മഹല്‍പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുക എളുപ്പമല്ല. അസുഖം ബാധിച്ചതിനു ശേഷവും എസ് എം എയുടെ ആവശ്യാര്‍ഥം ദൂരയാത്രകള്‍ നടത്തി അദ്ദേഹം. സംഘടനാ ഘടകങ്ങളുള്ള ഒരു പ്രദേശവും അദ്ദേഹത്തിന് പരിചയമില്ലാത്തതായിട്ടില്ല. പ്രസ്ഥാനത്തെ സഹായിച്ചവരെ സഹായിക്കാനും പരിഗണിച്ചവരെ പരിഗണിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രസ്ഥാനത്തെ എതിര്‍ക്കുന്നവര്‍ ഏതു വലിയവരായാലും അദ്ദേഹം വെറുതെ വിടില്ല. അവരുടെ വലിപ്പം ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഇന്നലെ വരെ അനുകൂലിച്ചവര്‍ ഇന്ന് എതിരാളിയായി വന്നാലും അദ്ദേഹത്തിന് അതൊരു പ്രശ്‌നമല്ല. എന്തും അദ്ദേഹത്തോടു പറയാം. പക്ഷേ അത് സംഘടനക്ക് ക്ഷീണമുള്ളതോ ചെറുതായി കാണിക്കുന്നതോ ആകരുതെന്നു മാത്രം. അദ്ദേഹത്തിന്റെ ആദരവും സ്‌നേഹവും സന്തോഷവുമെല്ലാം സംഘടനയുമായി ബന്ധപ്പെട്ടതായിരുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ സംഘടനാ പ്രവര്‍ത്തനം തുടങ്ങി തന്റെ നാട്ടിലും പരിസരങ്ങളിലും സുന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശേഷം സംഘടനാ തലപ്പത്ത് വന്ന നേതാക്കളിലൊരാളാണ് പി പി ഉസ്താദ്. ഒരു കാലത്തെ തെക്കന്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് പി പി ഉസ്താദായിരുന്നു. ഈ ബന്ധം കണക്കിലെടുത്ത് പലപ്പോഴും തെക്കന്‍ കേരളത്തിലെ നേതാക്കളും പ്രവര്‍ത്തകരും അവസാനം വരേയും ഉസ്താദിനെ സമീപിക്കാറുണ്ടായിരുന്നു.
മര്‍കസിന്റെ തുടക്ക കാലത്തെ മഹല്ലു വഅളുകളിലും വീടുവീടാന്തരം പെട്ടി വെക്കുന്നതിലും അദ്ദേഹം സഹിച്ച ത്യാഗം ചെറുതല്ല. മര്‍കസില്‍ ഉസ്താദ് മുദര്‍രിസായി സേവനമനുഷ്ഠിക്കുന്ന കാലത്ത് എല്ലാ ദിവസവും കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന കാന്റീന്‍ വരെ സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കുകയും ചെയ്യുമായിരുന്നു. അല്ലാഹുവേ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നീ സ്വീകരിക്കേണമേ.

 

Latest