എക്‌സ്‌പോ 2020: മൂന്ന് ലക്ഷം സാങ്കേതിക വിദഗ്ധര്‍ വേണം- വിദേശികളെയും പരിഗണിക്കും

Posted on: April 14, 2014 9:06 am | Last updated: April 14, 2014 at 9:06 am

ദുബൈ: ലോക വ്യാപാര പ്രദര്‍ശന മേളയായ എക്‌സ്‌പോ 2020നെ വരവേല്‍ക്കാന്‍ രാജ്യത്ത് മൂന്ന് ലക്ഷം സാങ്കേതിക വിദഗ്ധരുടെ ആവശ്യമുണ്ടെന്ന് പഠനം. വിവിധ സാങ്കേതിക മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് എക്‌സ്‌പോയെ സ്വീകരിക്കാന്‍ രാജ്യത്തിനാവശ്യമുള്ളതെന്ന് ദുബൈ നോളജ് വില്ലേജ്, ദുബൈ ഇന്റര്‍നാഷണല്‍ അക്കാഡമിക് സിറ്റി എന്നിവയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. അയ്യൂബ് കാദിം.
ടീ കോം അക്കാഡമിക് കൗണ്‍സില്‍ മറ്റു ചില പ്രമുഖ ഗവേഷണ കേന്ദ്രങ്ങളുമായി ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടി ഓരോ വര്‍ഷവും പുറത്തിറങ്ങുന്നത് പതിമൂന്നായിരം സ്വദേശികളാണ്. ഇവരെല്ലാം എക്‌സ്‌പോ ആവശ്യങ്ങള്‍ക്കായി മാത്രം നിയോഗിക്കപ്പെട്ടാലും ആവശ്യമുള്ളതിന്റെ നാലിലൊന്ന് മാത്രമേ വരൂ.
മൂന്ന് ലക്ഷം വിദഗ്ധരില്‍ മുഖ്യമായും ആവശ്യമായി വരുന്ന മേഖല ഹോസ്പിറ്റാലിറ്റിയാണ്. പിന്നെ നിര്‍മാണ മേഖലയിലും. ഈ വരുന്ന കുറവ് നികത്താന്‍ നേരത്തെ തന്നെ ഗൗരവമായ ആലോചനകള്‍ നടക്കേണ്ടതുണ്ട്. ഡോക്ടര്‍ അയ്യൂബ് പറഞ്ഞു.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ തലത്തിലും അല്ലാതെയുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സംസാരിച്ച് അടുത്ത വര്‍ഷങ്ങളില്‍ പുറത്തു വരാനിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എക്‌സ്‌പോയെ സ്വീകരിക്കാന്‍ എല്ലാ അര്‍ഥത്തിലുമുള്ള കഴിവുകളെക്കുറിച്ച് ബോധവത്ക്കരണം നടത്തേണ്ടതുണ്ട്.
പ്രത്യേകിച്ച് എക്‌സ്‌പോയെ സ്വീകരിക്കാനാവശ്യമായ സാങ്കേതിക മേഖലയില്‍ കൂടുതല്‍ വൈദഗ്ധ്യം നേടാന്‍ അവരെ പ്രേരിപ്പിക്കുകയും അതിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുകയും വേണം. അദ്ദേഹം പറഞ്ഞു.
രാജ്യത്തുള്ള പ്രാപ്തരായ വിദേശി വിദ്യാര്‍ഥികളെയും പരിഗണിക്കാവുന്നതാണ്. ഉന്നത പഠനാവശ്യങ്ങള്‍ക്ക് രാജ്യത്തെത്തുന്നവരെയും ഉപയോഗപ്പെടുത്താവുന്നതാണ്. ജി സി സി അംഗരാജ്യങ്ങളിലെ വിദഗ്ധരും കഴിവുള്ളവരുമായ വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കാമെന്നും ഡോ. അയ്യൂബ് പറഞ്ഞു.