Connect with us

Kollam

അക്ഷരജ്ഞാനം നേടാനാകാതെ മുള്ളുമലയിലെ ആദിവാസി കുട്ടികള്‍

Published

|

Last Updated

മുള്ളുമല ആദിവാസി കോളനിയിലെ കുട്ടികള്‍

കൊല്ലം: ഒരു നേരത്തെ വിശപ്പടക്കാനായി മാതാപിതാക്കള്‍ക്കൊപ്പം കാടും മലയും താണ്ടുന്നതിനിടയില്‍ അക്ഷരങ്ങളെന്തെന്നറിയാതെ അമ്പതോളം കുട്ടികള്‍. പത്തനാപുരം മുള്ളുമല ആദിവാസി കോളനിയിലെ കുട്ടികള്‍ക്കാണ് സാക്ഷരകേരളത്തെ പോലും ഞെട്ടിപ്പിക്കുന്ന ദുരവസ്ഥ. പോളിംഗ് ദിവസം മുള്ളുമല ആദിവാസി കോളനിയിലേക്കും പരിസര പ്രദേശങ്ങളിലേക്കും കടന്നുചെന്നപ്പോഴാണ് അക്ഷരജ്ഞാനമില്ലാത്ത പുതുതലമുറയെ കാണാനായത്.
മുള്ളുമലയിലെ കുട്ടികള്‍ ഇപ്പോഴും സ്‌കൂള്‍ മുറ്റം കണ്ടിട്ടില്ല. സ്‌കൂളും അവിടെ അക്ഷരങ്ങള്‍ പകര്‍ന്നുനല്‍കുന്ന അധ്യാപകരും ഉണ്ടെന്ന് ഇവര്‍ക്കറിയില്ല. പാഠപുസ്തകങ്ങള്‍ കണ്ടിട്ടില്ലാത്ത ഇവര്‍ക്ക് വിദ്യാലയങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ ആരും തന്നെയില്ല. അഞ്ച് മുതല്‍ 13 വരെ പ്രായമുളള അമ്പതോളം കുട്ടികള്‍ സ്‌കൂളിന്റെ വരാന്തപോലും കണ്ടിട്ടില്ല.

അഞ്ച് മുതല്‍ 14 വയസ്സുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമായും സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് നിയമം അനുശാസിക്കുന്ന രാജ്യത്താണ് കുറേ കുട്ടികള്‍ നിരക്ഷരരായി കഴിയുന്നത്. ഗിരി വര്‍ഗ ഗോത്രക്കാരായ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്നോട്ടു വരാന്‍ അധികൃതര്‍ക്ക് സമയമില്ല. നേതാക്കള്‍ ഇവിടെയെത്തുന്നത് വോട്ട് പിടിക്കാന്‍ വേണ്ടി മാത്രമാണെന്നതാണ് യാഥാര്‍ഥ്യം.
അച്ചന്‍കോവിലിലേക്കുള്ള കാനന പാതയുടെ സമീപത്തായി അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അമ്പതോളം ആദിവാസി കുടിലുകളില്‍ കുറേ മനുഷ്യ ജീവനുകള്‍ മൃഗസമാനമായാണ് ജീവിക്കുന്നത്. കിടക്കാന്‍ കൂരയില്ല, കഴിക്കാന്‍ ഭക്ഷണമില്ല, അടിസ്ഥാന സൗകര്യങ്ങളുമില്ല. വന്യമൃഗ ഭീഷണിയുള്ളതിനാല്‍ വന വിഭവങ്ങള്‍ ശേഖരിക്കാന്‍ കാടും മലയും കയറാനും കഴിയാത്ത അവസ്ഥ.

ഇവരെ കാണുമ്പോള്‍ ഹൃദയമുള്ളവരുടെ മനസ്സലിയും. സര്‍ക്കാര്‍ സഹായങ്ങളോ ആനുകൂല്യങ്ങളോ ഒന്നും തന്നെ ഇവരെ തേടിയെത്തുന്നില്ല.
ഓണത്തിന്15 കിലോഗ്രാം അരി സൗജന്യമായി ലഭിക്കുമെന്ന കാര്യം മാത്രമാണ് സര്‍ക്കാര്‍ ആനുകൂല്യത്തെക്കുറിച്ച് ഇവിടത്തെ അമ്മമാര്‍ക്ക് അറിയാവുന്ന ഏക വസ്തുത. കാടിന് പുറത്ത് ഒരു ലോകമുണ്ടെന്ന് പറഞ്ഞാല്‍ പോലും ഈ കുട്ടികള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല. കിലോമീറ്ററുകള്‍ അകലെയുള്ള വിദ്യാലയത്തില്‍ കുട്ടികളെ വിടാന്‍ രക്ഷിതാക്കള്‍ മടിക്കുന്നു. ഒരു അങ്കണ്‍വാടി പോലും ഇവിടെയില്ല. ഭക്ഷണം സൗജന്യമായി ലഭിക്കുമെന്നറിഞ്ഞാല്‍ ഇവര്‍ കൂട്ടത്തോടെ സ്‌കൂളിലെത്തുമെന്നത് ഉറപ്പാണ്. പക്ഷേ, ആരാണതിന് നടപടി സ്വീകരിക്കുക..?

Latest