മഴയിലും കാറ്റിലും വ്യാപക നാശം

Posted on: April 12, 2014 12:38 pm | Last updated: April 12, 2014 at 12:38 pm

പട്ടാമ്പി: മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങള്‍. പട്ടാമ്പി, കൊപ്പം മേഖലകളില്‍ നിരവധി വീടുകള്‍ മരംവീണ് തകര്‍ന്നു. വ്യാഴാഴ്ച രാത്രി പെയ്ത മഴയിലും കാറ്റിലുമാണ് വീടുകള്‍ തകര്‍ന്നത്. കൊപ്പം പഞ്ചായത്തില്‍ മാത്രം പത്തില്‍ പരം വീടുകള്‍ മരംവീണ് തകര്‍ന്നിട്ടുണ്ട്. പുത്തംകുളം കോഴിയങ്ങാടി എടത്തോള്‍ മാനു, തൃത്താല കൊപ്പം കല്ലിങ്ങല്‍ ഹംസ, കീഴ്മുറി പുത്തന്‍പുര ഉണ്ണികൃഷ്ണന്‍, പട്ടാരത്തില്‍ വീരാന്‍, അഴകന്‍കണ്ടത്തില്‍ ഇബ്‌റാഹിം എന്നിവരുടെ വീടുകളാണ് മരം വീണ് തകര്‍ന്നത്.
തൃത്താല കൊപ്പം മാനുവിന്റെ വിറക്പുരയും അടുക്കളയും പൂര്‍ണമായും തകര്‍ന്നു. കീഴ്മുറി പാണപ്പറമ്പില്‍ കാളിയുടെയും കോഴിയോരത്ത് കാര്‍ത്തിയാനി അമ്മയുടെയും ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂ കാറ്റില്‍ പറന്നുപോയി. വൃദ്ധരായ മൂന്ന് സ്ത്രീകളാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഇവര്‍ പുറത്തിറങ്ങിയതിനാല്‍ അപകടങ്ങളുണ്ടായില്ല. രാത്രിയിലുണ്ടായ കാറ്റിലും ഇടിമിന്നലിലുമാണ് നാശനഷ്ടങ്ങള്‍ ഏറെയും.
പറക്കാട് വൈദ്യുത ലൈനിലേക്ക് മരം വീണ് വൈദ്യുതി ബന്ധവും ഇല്ലാതായി. വെട്ടിക്കാട്ട് കൈപുള്ളി റോഡില്‍ മരംവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ നാട്ടുകാരാണ് റോഡില്‍ നിന്നും മരം എടുത്ത് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
നാട്യമംഗലം പൂളോപാടം ബാപ്പുട്ടി ഹാജിയുടെ ഏക്കര്‍ കണക്കിന് വാഴകൃഷിയും കാറ്റില്‍ നശിച്ചു. നെടുങ്ങോട്ടൂര്‍ സെന്റെറിലെ തൃപ്പങ്ങാവില്‍ ശറഫുദ്ദീന്റെ 150 കുലച്ച വാഴകളും കാറ്റില്‍ നശിച്ചു. തിരുവേഗപ്പുറയിലും വിളയൂരിലും കുലുക്കല്ലൂരിലും നടുവട്ടം പപ്പടപ്പടിയിലും വ്യാപകമായ കൃഷിനാശമുണ്ടായി. നിരവധി വീടുകളിലെ മോട്ടോര്‍ പുരകളും തകര്‍ന്നു. വില്ലേജ് ഓഫീസര്‍മാരും കൃഷി ഓഫീസര്‍മാരും പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.