മുസ്‌ലിം ലീഗ് അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം: എസ് വൈ എസ്

Posted on: April 12, 2014 9:48 am | Last updated: April 12, 2014 at 9:48 am

താനൂര്‍: താനൂരിന്റെ വിവിധ ഭാഗങ്ങളില്‍ സുന്നി പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന മുസ്‌ലിം ലീഗിന്റെ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ് വൈ എസ് താനൂര്‍ സര്‍ക്കിള്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം താനൂര്‍ ജംഗ്ഷനില്‍ എസ് വൈ എസ് യൂത്ത്‌കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ഥം ചുമരെഴുതുന്ന സുന്നിപ്രവര്‍ത്തകരെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ സഹല്‍ എം, എന്‍ പി ഫൈസല്‍, എ എം യൂസുഫ്, കെ പി റാഫി, ഇസ്ഹാഖ് റഹ്മത്ത് പള്ളി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സംഘം നടുറോഡിലിടിട്ട് അക്രമിക്കുകയായിരുന്നു.
അക്രമത്തില്‍ എസ് വൈ എസ് സര്‍ക്കിള്‍ സെക്രട്ടറി എ പി ഇസ്മാഈല്‍, എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് യഹ്‌യ അസ്‌ലമി, പ്രവര്‍ത്തകരായ അബ്ദുര്‍റഹ്മാന്‍ മൂലക്കല്‍, ഹുസൈന്‍ അട്ടത്തോട് എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. സംഭവത്തിന് നേതൃത്വം നല്‍കിയ ലീഗ് ഗുണ്ടകള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സി സൂപ്പിക്കുട്ടി സഖാഫി, കെ എം യൂനുസ് സഖാഫി, പി ടി ഫൈസല്‍, സി പി മുസ്തഫ അഹ്‌സനി, എം ജുബൈര്‍ പങ്കെടുത്തു. സുന്നിപ്രവര്‍ത്തകരെ ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് താനൂര്‍ ടൗണില്‍ എസ് വൈ എസ്, എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്തു.