Connect with us

Kerala

മൂന്നിടത്തൊഴികെ 70 കടന്നു ഇരുപക്ഷത്തും പ്രതീക്ഷ; നെഞ്ചിടിപ്പ്

Published

|

Last Updated

തിരുവനന്തപുരം : പ്രചാരണത്തിന്റെ ആവേശം പോളിംഗിലും പ്രതിഫലിച്ചതോടെ സംസ്ഥാനത്ത് കനത്ത പോളിംഗ്. മൂന്നിടത്തൊഴികെ മറ്റു മണ്ഡലങ്ങളിലെല്ലാം പോളിംഗ് ശതമാനം 70ന് മുകളിലെത്തി. ഉയര്‍ന്ന പോളിംഗ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഇരുമുന്നണികളും ഒരുപോലെ അവകാശപ്പെടുകയാണ്. കൃത്യമായ ഉത്തരം ലഭിക്കാന്‍ 36 ദിവസം കാത്തിരിക്കണമെങ്കിലും കൂട്ടിയും കുറച്ചുമുള്ള പാര്‍ട്ടികളുടെ കണക്ക് കൂട്ടല്‍ വോട്ടിംഗ് തീര്‍ന്നതോടെ തുടങ്ങി കഴിഞ്ഞു.
പുതിയ വോട്ടര്‍മാരുടെ സാന്നിധ്യവും പ്രചാരണരംഗത്തെ വീറും വാശിയുമാണ് ഉയര്‍ന്ന പോളിംഗിന് പിന്നിലെന്നാണ് പൊതുവിലയിരുത്തല്‍. പോളിംഗ് ശതമാനം ഉയര്‍ന്ന കാലത്ത് ഇരുമുന്നണികളും ജയിച്ച് കയറിയ ചരിത്രമുള്ളതിനാല്‍ ഇരുവരെയും ഇത് ഒരുപോലെ ആശയകുഴപ്പത്തിലാക്കുന്നുണ്ട്. പോളിംഗ് ശതമാനം കൂടുന്നത് ഇരുമുന്നണികളെയും മാറി മാറി സഹായിച്ചിട്ടുള്ളതാണ് സമീപകാല ചരിത്രം.
തിരഞ്ഞെടുപ്പിനോടും രാഷ്ട്രീയത്തോടും ജനങ്ങള്‍ക്കുള്ള നിസംഗതയില്‍ ആശങ്കപ്പെട്ടിരുന്നവര്‍ക്കുള്ള കൃത്യമായ ഉത്തരം കൂടിയാണ് ഉയര്‍ന്ന പോളിംഗിലൂടെ കേരളം നല്‍കുന്നത്. ആം ആദ്മി ഉള്‍പ്പെടെ പുതുരാഷ്ട്രീയ പാര്‍ട്ടികളുടെ രംഗപ്രവേശവും നോട്ടയുടെ (നിഷേധ വോട്ട്) സാന്നിധ്യവും മുഖ്യധാര കക്ഷികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
വോട്ടര്‍മാര്‍ നിസംഗത പുലര്‍ത്തുന്നുവെന്ന ആശങ്കക്കുള്ള കൃത്യമായ ഉത്തരം ഇന്നലെ പോളിംഗ് ബൂത്തുകള്‍ തുറന്നപ്പോള്‍ തന്നെ കണ്ട വോട്ടര്‍മാരുടെ നീണ്ട നിര നല്‍കി. സമ്മതിദായകരുടെ ഈ താത്പര്യമാണ് പോളിംഗ് ശതമാനത്തെ ഇത്രയും ഉയര്‍ത്തിയത്. അനുകൂലമായി വോട്ട് ചെയ്യുന്നവരെ നേരത്തെ കണ്ടെത്തി ബൂത്തിലെത്തിക്കുന്ന രീതി ഇടതുമുന്നണിക്കൊപ്പം ഇത്തവണ തങ്ങളും നടപ്പാക്കിയെന്നാണ് യു ഡി എഫിന്റെ അവകാശവാദം. ഉച്ചക്ക് മുമ്പ് തന്നെ പകുതിയിലധികം വോട്ടും പെട്ടിയിലാതിന്റെ കാരണമിതാണെന്ന അവകാശവാദവും യു ഡി എഫ് മുന്നോട്ട് വെക്കുന്നു.
അതേസമയം, ഇടതുമുന്നണിക്ക് മേല്‍ക്കൈയുള്ള മേഖലകളിലാണ് പൊതുവേ പോളിംഗ് ശതമാനം ഉയര്‍ന്ന് നില്‍ക്കുന്നത്. ഇതിന്റെ ചുവട് പിടിച്ച് എല്‍ ഡി എഫ് തരംഗം സ്ഥാപിക്കുകയാണ് ഇടത് നേതാക്കള്‍. ഇത് ഇടതുവോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ട് ചെയ്തത് കൊണ്ടാണെന്നും അതല്ല ഇടതിനോട് മത്സരിച്ച് യു ഡി എഫും വോട്ട് ചെയ്തത് കൊണ്ടാണെന്നും ഇരുപക്ഷവും ആശ്വാസം കൊള്ളുകയാണ്. മോദി ഭീതിയില്‍ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം നടന്നുവെന്നും അത് യു ഡി എഫിന് അനുകൂലമാകുമെന്ന വാദവും ഉന്നയിക്കുന്നുണ്ട്.
പോളിംഗ് ശതമാനം വെച്ച് മാത്രം ഫലം പ്രവചിക്കാന്‍ കഴിയില്ല. കണക്കുകള്‍ ഇരുപക്ഷത്തെയും തുണച്ചിട്ടുമുണ്ട്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 73.33 ആയിരുന്നു. മണ്ഡലം തിരിച്ചുള്ള കണക്കില്‍ 80 ശതമാനത്തില്‍ കൂടുതല്‍ വോട്ട് പോള്‍ ചെയ്ത കണ്ണൂരിലും വടകരയിലും ആലപ്പുഴയിലും കോണ്‍ഗ്രസ് ജയിച്ചു. 75ശതമാനത്തില്‍ മേല്‍ പോളിംഗ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ മൂന്നെണ്ണം യു ഡി എഫും രണ്ടെണ്ണം സിപിഎമ്മും ജയിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് കൂടിയപ്പോള്‍ ജയിച്ച് കയറിയത് ഇടതുമുന്നണി. ആകെ 27 മണ്ഡലങ്ങളില്‍ പോളിംഗ് 80 ശതമാനത്തിന് മുകളിലെത്തിയപ്പോള്‍ അതില്‍ 17 ഉം എല്‍ ഡി എഫിനൊപ്പം നിന്നു.
കടുത്ത മത്സരം നടന്ന മണ്ഡലങ്ങളിലാണ് ഇത്തവണയും ഉയര്‍ന്ന പോളിംഗ് നടന്നതെന്നതും ശ്രദ്ധേയമാണ്. പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് കണ്ണൂരിലും വടകരയിലുമാണ് ഉയര്‍ന്ന പോളിംഗ്. രണ്ടിടത്തും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പോളിംഗ് ശതമാനം വര്‍ധിച്ചിട്ടുമുണ്ട്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലൂടെ ശ്രദ്ധേയമായ മണ്ഡലമാണ് വടകര. സംസ്ഥാനത്താകെ യു ഡി എഫ് തിരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കിയതാണ് കൊലപാതകം. മുല്ലപ്പള്ളി രാമചന്ദ്രന്‍ യു ഡി എഫിനായി കളത്തിലിറങ്ങിയ ഇവിടെ ആര്‍ എം പിക്ക് സ്ഥാനാര്‍ഥിയുമുണ്ട്. എന്നാല്‍, പാര്‍ട്ടി കേന്ദ്രങ്ങളിലാണ് പോളിംഗ് ഉയര്‍ന്നതെന്നും ഇത് തങ്ങള്‍ക്ക് അനുകൂലമാണെന്നുമാണ് സി പി എമ്മിന്റെ അവകാശവാദം. കണ്ണൂരിലെ സ്ഥിതിയും മറിച്ചല്ല.