Connect with us

Kerala

പത്മനാഭ സ്വാമി ക്ഷേത്ര നടത്തിപ്പില്‍ ക്രമക്കേടെന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍

Published

|

Last Updated

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്ര നടത്തിപ്പില്‍ സര്‍ക്കാറിനും ക്ഷേത്രഭരണ അധികാരികള്‍ക്കുമെതിരെ അമിക്കസ് ക്യൂറി ഗോപാല്‍ സ്വാമി സുപ്രീം കോടതിയില്‍. പത്മതീര്‍ഥ കുളം വൃത്തിയാക്കുന്നതിനായുള്ള ടെന്‍ഡര്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയെ ബോധിപ്പിച്ചു. 29 ലക്ഷം രൂപക്ക് നല്‍കേണ്ട ടെന്‍ഡര്‍ ഒരു കോടി 19 ലക്ഷം രൂപക്ക് നല്‍കാനാണ് നീക്കം നടന്നത്. സുപ്രീം കോടതി ഉത്തരവ് ക്ഷേത്രം ജീവനക്കാര്‍ വലിച്ചുകീറി കളഞ്ഞതായും അമിക്കസ് ക്യൂറി വ്യക്തമാക്കി
പത്മതീര്‍ഥ കുളം വൃത്തിയാക്കുന്നതിന് 29 ലക്ഷം രൂപ ചെലവ് വരുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് സുപ്രീം കോടതിയെ അറിയിച്ചത്. ആ തുകക്ക് സുപ്രീം കോടതി അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ടെന്‍ഡര്‍ അട്ടിമറിച്ച് ക്രമക്കേട് നടത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നാണ് അമിക്കസ് ക്യൂറി വെളിപ്പെടുത്തിയത്. 29 ലക്ഷം രൂപക്ക് നല്‍കേണ്ട ടെന്‍ഡര്‍ 39 ലക്ഷം രൂപക്കും പിന്നീട് 69 ലക്ഷം രൂപക്കും ഒടുവില്‍ അത് 1 കോടി 19 ലക്ഷം രൂപക്കും നല്‍കി. താന്‍ ഇടപെട്ടാണ് ഇത് തടഞ്ഞതെന്നും ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു.
ക്ഷേത്രത്തിലെ സുരക്ഷാ കാര്യങ്ങള്‍ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് ക്ഷേത്ര ജീവനക്കാര്‍ വലിച്ചുകീറിക്കളഞ്ഞു. അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ക്ഷേത്രനടത്തിപ്പുമായി ബന്ധപ്പെട്ട് ഗൗരവമായ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും അമിക്കസ് ക്യൂറി പറഞ്ഞു. എല്ലാത്തിനും തെളിവായി ഫോട്ടോഗ്രാഫുകളും 800ലേറെ പേജുകളുള്ള റിപ്പോര്‍ട്ടുമുണ്ട്. അത് പരസ്യപ്പെടുത്തരുതെന്ന് രാജകുടുംബം തന്നോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സീല്‍ വെച്ച കവറില്‍ ഇവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് അടുത്തയാഴ്ച നല്‍കാമെന്നും അമിക്കസ് ക്യൂറി കോടതിയില്‍ വ്യക്തമാക്കി.