താലൂക്ക് ആശുപത്രിയിലെ മാലിന്യം തോട്ടില്‍ തള്ളുന്നു

Posted on: April 9, 2014 12:39 am | Last updated: April 9, 2014 at 12:39 am

ആലത്തൂര്‍: ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് പുറന്തള്ളുന്ന മലിനജലം സാംക്രമിക രോഗം പരത്തുന്നു. ആലത്തൂര്‍, കാവശേരി, തരൂര്‍ എന്നിവിടങ്ങളിലാണ് രോഗങ്ങള്‍ ഏറെയുള്ളത്. ആശുപത്രിക്ക് പിന്നിലുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കിവിടുന്നത്.
ഇതിനു പുറമേ ആശുപത്രിയിലെ മറ്റു മാലിന്യങ്ങളും തോട്ടില്‍ തന്നെയാണ് നിക്ഷേപിക്കുന്നത്. അടുത്തിടെ മണ്ണുമാന്തി ഉപയോഗിച്ച് മലിന വസ്തുക്കള്‍ തോടിന്റെ ഒരു ഭാഗത്തേക്ക് കോരി മാറ്റിയിരുന്നു. നിലവില്‍ തോടിന്റെ ഒരുഭാഗം പ്ലാസ്റ്റിക് വസ്തുക്കളും കുപ്പികളും മറ്റും നിറഞ്ഞു കിടക്കുകയാണ്. മഴ തുടങ്ങുന്നതോടെ ഇത് മുഴുവനും ഒഴുകി ഗായത്രിപുഴയിലെത്തും.
തുടര്‍ന്ന് കാവശേരി, തരൂര്‍ ഭാഗങ്ങളിലേക്കും ഒഴുകിയെത്തും. ഇത് തടയണകളിലും കിണറുകളിലും എത്തുന്നതോടെ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയും ചെയ്യും. കാവശേരി ഭാഗത്തുള്ളവര്‍ക്കാണ് ഏറെ ദുരിതമാകുക.
രോഗം ബാധിക്കുമ്പോള്‍ ഇതേ ആതുരാലയത്തില്‍ തന്നെ ചികിത്സ തേടണമെന്ന വിരോധാഭാസവും നിലനില്‍ക്കുന്നു. പ്രശ്‌നത്തിന് എത്രയുംവേഗം നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.—