Connect with us

Ongoing News

മലനാട്ടിന്റെ മനം മാറുമോ?

Published

|

Last Updated

സംസ്ഥാനത്ത് യു ഡി എഫിന്റെ ഉറച്ച സീറ്റുകളില്‍ ഒന്നായാണ് വയനാട് മണ്ഡലത്തെ കണക്കാക്കുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇതിന് തെളിവാണ്. എന്നാല്‍, അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് മണ്ഡലത്തിലുള്ളത്. സംസ്ഥാനത്ത് രാഷ്ട്രീയ അടിയൊഴുക്കുകള്‍ക്ക് ഇത്തവണ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലമായി വയനാട് മാറിയിട്ടുണ്ട്. പ്രചാരണ രംഗത്ത് ഇരു മുന്നണിയും ഒപ്പത്തിനൊപ്പമാണ്. മുന്നണിക്കുള്ളിലെ എതിര്‍പ്പുകള്‍ പരിഹരിച്ചതായും പാരമ്പര്യ മണ്ഡലം നിലനിര്‍ത്തുമെന്നും യു ഡി എഫ് ആണയിട്ട് പറയുന്നു. എന്നാല്‍, അട്ടിമറി സാധ്യത എല്‍ ഡി എഫ് വെച്ച് പുലര്‍ത്തുന്നു. സിറ്റിംഗ് എം പി. എം ഐ ഷാനവാസ് 55,000ത്തിന് മുകളില്‍ വോട്ടിന് ജയിക്കുമെന്നാണ് യു ഡി എഫ് അവകാശവാദം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷാനവാസ് 1,53,439 വോട്ടിന് ജയിച്ചിടത്താണിത്. കഴിഞ്ഞ തവണ കെ മുരളീധരന്‍ ഒറ്റക്ക് നിന്ന് 99,663 വോട്ട് നേടിയിരുന്നു. മുരളി കോണ്‍ഗ്രസിലേക്ക് തിരിച്ചു വന്നതോടെ ഇതില്‍ നല്ലൊരു വിഭാഗം വോട്ടും യു ഡി എഫിന്റെ ഭാഗമായിട്ടുണ്ട്. ഈ വോട്ടും പരിഗണിച്ചാണ് യു ഡി എഫ് വിജയം അവകാശപ്പെടുന്നത്. 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു ഡി എഫിന് വ്യക്തമായ ലീഡുണ്ട്.
തങ്ങളുടെ പരമ്പരാഗത വോട്ട് ബേങ്കായ ന്യൂനപക്ഷങ്ങള്‍, തോട്ടം തൊഴിലാളികള്‍ എന്നിവിടങ്ങളില്‍ കാര്യമായ വോട്ട് ചോര്‍ച്ചയുണ്ടാകില്ലെന്ന് യു ഡി എഫ് അവകാശപ്പെടുന്നു. നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നായി 35,000 വോട്ടിന്റെ ലീഡും കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി മണ്ഡലങ്ങളില്‍ നിന്നായി 25,000 വോട്ടിന്റെ ലീഡുമാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ലീഡിന് തുല്യമാണ്. അന്ന് 88,082 വോട്ടിന്റെ ലീഡാണുണ്ടായിരുന്നത്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള ബത്തേരി, തിരുവമ്പാടി മണ്ഡലങ്ങളില്‍ കടുത്ത മത്സരം നേരിടുന്നതായി യു ഡി എഫ് നേതാക്കള്‍ സമ്മതിക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥി അന്‍വറിന്റെ പ്രചാരണ രംഗത്തെ മുന്നേറ്റം എല്‍ ഡി എഫിനേക്കാള്‍ യു ഡി എഫിനെ അലട്ടുന്നു. പലയിടത്തും അന്‍വറിനായി ലീഗ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കുന്നു. വയനാട്ടിലെ വെള്ളമുണ്ടയില്‍ ലീഗിലെ വിഭാഗീയത മൂലം ഒരു വിഭാഗം അന്‍വറിനായി പരസ്യം പ്രചാരണം നടത്തന്നതും തിരിച്ചടിയാണ്.
വെറും അവകാശവാദത്തിനപ്പുറം ചെറിയ വോട്ടിനെങ്കിലും ജയിച്ചു കയറുമെന്ന് എല്‍ ഡി എഫ് ആത്മവിശ്വാസം പ്രകടപ്പിക്കുന്നു. പതിനായിരം വോട്ടിനടുത്ത് ലീഡ് നേടുമെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ തവണ സി പി എം- സി പി ഐ തമ്മില്‍ അഭിപ്രായ വിത്യാസം ഏറെയായിരുന്നു. ഇത്തവണ അതില്ല. പൊതുരംഗത്ത് ഒരു പരിചയവും ഇല്ലാത്ത സ്ഥാനാര്‍ഥിയെയാണ് വയനാട്ടില്‍ കഴിഞ്ഞ തവണ മത്സരിപ്പിച്ചത്.
എന്നാല്‍, ഇത്തവണ നാദാപുരം മുന്‍ എം എല്‍ എ എന്ന നിലയില്‍ സത്യന്‍ മൊകേരി സുപരിചിതനാണെന്നത് ഇടതിന് ആത്മവിശ്വാസം നല്‍കുന്നു.

Latest