മാവേലിക്കരയില്‍ ഏറ്റുമുട്ടാന്‍ ഉറച്ചു തന്നെ

    Posted on: April 9, 2014 12:04 am | Last updated: April 9, 2014 at 12:04 am

    Mavelikkara LCമാവേലിക്കര മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് വിജയം ആവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫ്. 30,000ന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കോശി എം കോശി അവകാശപ്പെടുന്നു. 1998ലും 2004ലും അടൂരില്‍ കൊടിക്കുന്നിലിനെ പരാജയപ്പെടുത്തിയ ചെങ്ങറയെ മാവേലിക്കരയില്‍ സ്ഥാനാര്‍ഥിയാക്കിയത് തന്നെ മണ്ഡലം തിരിച്ചു പിടിക്കാനാണെന്നും സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാണെന്നും ഇടതു മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ ആര്‍ ചന്ദ്രമോഹനന്‍ പറഞ്ഞു. പുതിയ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും യു ഡി എഫിനെ പിന്തുണക്കുമെന്നും ഇടതുപക്ഷം പ്രചാരണ രംഗത്ത് പോലും മൂന്നാം സ്ഥാനത്തായിരുന്നെന്നും കോശി എം കോശി പറയുന്നു. എന്നിരിക്കെ അവര്‍ക്ക് വിജയം അവകാശപ്പെടാനാകുമെന്നാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വിലയിരുത്തല്‍.
    അതേസമയം ഇടത് സ്ഥാനാര്‍ഥി ചെങ്ങറ സുരേന്ദ്രന്‍ ഒരിക്കല്‍ കൂടി കൊടിക്കുന്നിലിനെ അടിയറവ് പറയിക്കുമെന്ന് ഇടതുപക്ഷം പറയുന്നു. ചെങ്ങറയുടെ വിജയത്തില്‍ ശുഭാപ്തി വിശ്വാസമാണ് ഇടതുമുന്നണിക്കുള്ളത്.എല്ലാ നിയമസഭാ മണ്ഡലത്തിലും കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായ സ്ഥിതിയിലെത്തിക്കാനായി. നാല് മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കാനായിട്ടുണ്ട്. മറ്റിടങ്ങളില്‍ തുല്യമായി വന്നാല്‍ പോലും വിജയം ഉറപ്പാണെന്ന് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ചന്ദ്രമോഹനന്‍ അവകാശപ്പെട്ടു.