ആലപ്പുഴയില്‍ ഗൗരിയമ്മ തുണക്കുമോ?

Posted on: April 9, 2014 12:01 am | Last updated: April 9, 2014 at 12:01 am

alappuzhaആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് യു ഡി എഫ് ക്യാമ്പിന്റെ കണക്കു കൂട്ടല്‍. ആദര്‍ശത്തിന്റെ ആള്‍ രൂപമായ സുധീരനെ മുട്ടുകുത്തിച്ച 2004ലെ ഫലം 2014ലും ആവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഇടതുപക്ഷത്തിന്. അടിയൊഴുക്കുകളെയെല്ലാം അതിജയിച്ച് അര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ സി വേണുഗോപാല്‍ ജയിക്കുമെന്ന് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എം മുരളി അവകാശപ്പെട്ടു. ഇടതുപക്ഷത്തിന് ഇവിടെ ജയിച്ചുകേറാമെന്നത് വ്യാമോഹം മാത്രമാണ്. ദേശീയ സാഹചര്യവും കെ സിക്ക് അനുകൂലമായിട്ടുണ്ട്. മോദി അധികാരത്തില്‍ വരുന്നത് എങ്ങിനെയും തടയണമെന്ന ട്രെന്‍ഡ് ന്യൂനപക്ഷങ്ങളിലടക്കം വളര്‍ന്ന് കഴിഞ്ഞു. മുന്നണിക്ക് നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാനും സാധിച്ചിട്ടുണ്ടെന്ന് മുരളി പറഞ്ഞു. ഗൗരിയമ്മയുടെ മുന്നണി മാറ്റത്തിന് പകരം ആര്‍ എസ് പിയുടെ വരവ് ഐക്യമുന്നണിക്ക് ആശ്വാസം പകരുന്ന ഘടകമാണ്.
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇടതുപക്ഷ സ്ഥാനാര്‍ഥി സി ബി ചന്ദ്രബാബുവിന്റെ വിജയം ഉറപ്പിക്കാനായിട്ടുണ്ടെന്ന് ഇടതുമുന്നണി തിരഞ്ഞെടുപ്പ് സെക്രട്ടറി ജി സുധാകരന്‍ എം എല്‍ എ അവകാശപ്പെടുന്നു. നാട്ടുകാരനും സൗമ്യനും പൊതുപ്രവര്‍ത്തന രംഗത്തെ നിറ സാന്നിധ്യവുമായ ചന്ദ്രബാബുവിനെതിരെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ആര്‍ക്കും തന്നെ യാതൊരു വിധ എതിരഭിപ്രായവുമില്ല.നല്ല ഭൂരിപക്ഷത്തോടെ തന്നെ ചന്ദ്രബാബു ജയിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ നിര്‍ണായക സ്വാധീനം ചൊലുത്തിയിരുന്ന ഗൗരിയമ്മയും അവരുടെ ജെ എസ് എസിന്റെ ഒരു വിഭാഗവും ഇടതുമുന്നണിക്കൊപ്പമാണ്. ഗൗരിയമ്മയുടെ വരവ് സി പി എമ്മില്‍ ആവേശമുയര്‍ത്തിയിട്ടുണ്ട്. സാമുദായിക അടിയൊഴുക്കുകളും ശക്തമായ ഇവിടെ എസ് എന്‍ ഡി പിയുടെ വോട്ട് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. വി എസിന്റെ നിലപാട് മാറ്റവും അദ്ദേഹത്തിന്റെ ജന്മനാടായ ആലപ്പുഴയില്‍ ഇടതിന് ആത്മവിശ്വാസം പകരുന്നുണ്ട്.