പ്രവാസിയുടെ വോട്ടവകാശം

Posted on: April 9, 2014 6:00 am | Last updated: April 8, 2014 at 10:03 pm

voteഒരു കോടിയിലേറെ വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇത്തവണയും വോട്ട് ചെയ്യാനാകില്ല. പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത് വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം നിലവിലെ തിരഞ്ഞെടുപ്പില്‍ പരിഗണിക്കാനാകില്ലെന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. തിരഞ്ഞെടുപ്പിന് നാട്ടിലെത്തി വോട്ട് ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍, ഓണ്‍ലൈന്‍ വോട്ട് പരിഗണിക്കാമെന്ന വാഗ്ദാനവും തത്കാലം നടപ്പാക്കാനാകില്ലെന്ന് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കയാണ്. വിദഗ്ധ പഠനത്തിന് ശേഷമേ ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്താനാകുകയുള്ളുവെന്നും മൂന്ന് മാസത്തെ സാവകാശമെങ്കിലും അതിനാവശ്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കുകയുണ്ടായി.
രാജ്യത്തെ വികസന, നിര്‍മാണ മേഖലകളില്‍ മഹത്തായ സേവനങ്ങള്‍ അര്‍പ്പിക്കുന്ന പ്രവാസികള്‍ക്ക്, കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആര് നിയന്ത്രിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശ വിനിയോഗം അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രവാസികള്‍ക്ക് 114 രാജ്യങ്ങളില്‍ നേരത്തെ വോട്ടവകാശം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറെക്കാലത്തെ മുറവിളിക്ക് ശേഷം 2011 ഫെബ്രുവരിയില്‍ വലിയ കൊട്ടിഘോഷത്തോടെ ഇതു സംബന്ധിച്ച നിയമം പാസ്സാക്കിയെങ്കിലും, ജന്മസ്ഥലത്തെ വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടെങ്കില്‍ അവിടെ നേരിട്ടു ഹാജരായി വോട്ട് രേഖപ്പെടുത്തണമെന്ന നിബന്ധന വെച്ചതിനാല്‍ പരിമിതമായ ആളുകള്‍ക്ക് മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുന്നുള്ളു. 11,847 പേര്‍ക്കു മാത്രമാണ് ഇത്തരത്തില്‍ രാജ്യത്താകെ വോട്ടവകാശം ലഭിച്ചത്. അവരില്‍ 11,488 പേരും കേരളീയരാണ്. ജോലി ചെയ്യുന്ന രാജ്യത്ത് നിന്നു തന്നെ വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരമുണ്ടെങ്കിലേ പ്രവാസി ലോകത്തിന് പൊതുവേ പ്രയോജനപ്പെടുകയുള്ളു. തപാല്‍ വോട്ട്, ഓണ്‍ലൈന്‍ വോട്ട്, ജോലി ചെയ്യുന്ന രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലും എംബസി നിശ്ചയിക്കുന്ന സ്ഥലങ്ങളിലും വോട്ട് ചെയ്യാനുള്ള സംവിധാനം തുടങ്ങിയവയാണ് ഇതിന് പരിഹാരം. തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 20(എ) വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ട്. പുതിയ പാര്‍ലിമെന്റ് നിലവില്‍ വന്ന ശേഷമേ അതു സാധ്യമാവുകയുള്ളുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചട്ടവട്ടങ്ങള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തലേറെയായി. ഇക്കാലയളവില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പൊതു ചര്‍ച്ചക്കും സര്‍ക്കാറിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പരിഗണക്കും വിഷയീഭവിക്കുകയുമുണ്ടായി. എന്തുകൊണ്ട് വോട്ടവകാശത്തെക്കുറിച്ചുള്ള പ്രവാസി ലോകത്തിന്റെ മുറവിളി അക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയി?
വിദഗ്ധ സമിതിയുടെ മാസങ്ങള്‍ നീളുന്ന പഠനത്തിന് കാത്തു നില്‍ക്കാതെ ഈ തിരഞ്ഞെടുപ്പില്‍ തന്നെ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടവകാശം വിനിയോഗിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവപൂര്‍വം പരിഗണിക്കണമെന്നും വെള്ളിയാഴ്ചക്കകം ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്നും സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വോട്ടെടുപ്പ് ആരംഭിച്ചിരിക്കെ, അനുകൂലമായ തീരുമാനത്തിന് സാധ്യത വിദൂരമാണ്. ഈ വൈകിയ വേളയിലും ബന്ധപ്പെട്ടവര്‍ക്ക് ഇതേക്കുറിച്ചു ചിന്തിക്കാന്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ വേണ്ടിവന്നുവെന്നത് പ്രവാസികളോടുള്ള ഭരണകൂടത്തിന്റെ അവഗണയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം ഒരു കോടിയിലേറെ വരും. അവര്‍ വിയര്‍പ്പൊഴുക്കി സമ്പാദിക്കുന്ന പണമാണ് രാജ്യത്തെ വിദേശനാണ്യ ശേഖരത്തിന്റെ പ്രധാന ആശ്രയം. കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളുടെയും സാമ്പത്തികാടിത്തറയും അവരുടെ സമ്പാദ്യമാണ്. രാജ്യത്തെ സാമൂഹിക, വ്യവസായിക, ജീവകാരുണ്യ മേഖലകളിലും ക്രിയാത്മകവും വിപുലവുമാണ് അവരുടെ പങ്ക്. എന്നിട്ടും രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയത്തില്‍ നിന്നു അവരെ മാറ്റിനിര്‍ത്തുന്നത് കടുത്ത കൃതഘ്‌നതയും ജനാധിപത്യവിരുദ്ധവുമാണ്.
ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, സുഡാന്‍ തുടങ്ങി ജനാധിപത്യത്തില്‍ പിച്ചവെക്കുന്ന രാജ്യങ്ങള്‍ പോലും തങ്ങളുടെ പ്രവാസിപൗരന്മാര്‍ക്ക് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കുമ്പോള്‍ ജനാധിപത്യത്തിന് ആഗോള മാതൃക എന്നവകാശപ്പെടുന്ന ഇന്ത്യയിലെ വോട്ടെടുപ്പ് നാട്ടിലുള്ളവരുടെ കാര്യം മാത്രമായി അവശേഷിക്കുന്നത് നാണക്കേടാണ്.
തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യത്തിലെത്തിക്കാന്‍ പ്രവാസികളെ പിഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ല. കേവലം കറവപ്പശുക്കള്‍ മാത്രമാണല്ലോ അവര്‍ക്ക് പ്രവാസികള്‍!