സദ്ദാം, ഗദ്ദാഫി, കിംഗ് അബ്ദുല്‍ അസീസ് തുടങ്ങിയവരുടെ രാജകീയ വാച്ചുകള്‍ ദുബൈയില്‍ പ്രദര്‍ശനത്തിന്

Posted on: April 8, 2014 9:18 pm | Last updated: April 8, 2014 at 9:18 pm

ദുബൈ: ലക്ഷകണക്കിനു ഡോളര്‍ വിലവരുന്നതും ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്‍, ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി, സഊദി സ്ഥാപകന്‍ കിംഗ് അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ക്ക് വേണ്ടി പ്രത്യേകമായി നിര്‍മിച്ചതുമായ രാജകീയ വാച്ചുകളുടെ പ്രദര്‍ശനം അവസാന ഘട്ടത്തിലേക്ക്.
ആഡംബര വാച്ചുകളുടെ മേഖലയിലെ വിതരണക്കാരായ അഹ്മദ് സിദ്ദീഖി ആന്റ് സണ്‍സ് ആണ് പ്രദര്‍ശനം നടത്തുന്നത്. എമിറേറ്റ്‌സ് മാളില്‍ കഴിഞ്ഞ രണ്ടിനു തുടങ്ങിയ പ്രദര്‍ശനം നാളെ സമാപിക്കും.
മുമ്പെവിടെയും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്തതും 18 കാരറ്റ് സ്വര്‍ണവും വില പിടിപ്പുള്ള വൈരക്കല്ലുകള്‍ ഉപയോഗിച്ച് നിര്‍മിച്ചതുമായ റോളക്‌സ്, പാതിക് ഫിലിപ്പ് തുടങ്ങിയ ലോകോത്തര ബ്രാന്റുകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഒമാന്‍ ഭരണാധികാരി സുല്‍താന്‍ ഖാബൂസ്, ഇറാന്റെ മുന്‍ ഭരണാധികാരി ഷാഗ് തുടങ്ങിയവര്‍ ഉപയോഗിച്ചിരുന്ന വാച്ചുകളും പ്രദശ്‌നത്തിലുണ്ട്. രാഷ്ട്ര നായകര്‍ ഉപയോഗിച്ച ഈ അപൂര്‍വം വാച്ചുകള്‍ പരസ്യ ലേലത്തിലൂടെയാണ് കമ്പനി സ്വന്തമാക്കിയെതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രമുഖരുടെ ആവശ്യപ്രകാരവും അവരുടെ അഭിരുചിക്കനുസരിച്ചും നിര്‍മാതാക്കള്‍ പ്രത്യേകമായി ഉണ്ടാക്കിയതായിരുന്നു ഇവയെന്നും പ്രദര്‍ശനം സംഘടിപ്പിച്ച അഹ്മദ് സിദ്ദീഖി ആന്റ് സണ്‍സ് വക്താക്കള്‍ അറിയിച്ചു.