Connect with us

Editorial

മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കണം

Published

|

Last Updated

ഹരിത വിപ്ലവമെന്ന പേരില്‍ കാര്‍ഷിക രംഗത്ത് നടപ്പാക്കിയ വ്യവസായ ബന്ധിതമായ പരിഷ്‌കാരങ്ങള്‍ മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുകയും വിളകള്‍ വിഷലിപ്തമാക്കിക്കൊണ്ടിരിക്കയുമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. കൃഷിവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന മണ്ണ് പരിശോധനയില്‍, അമിത രാസവളപ്രയോഗം മൂലം മണ്ണിന്റെ കാര്‍ബണ്‍ സമ്പത്ത് നഷ്ടപ്പെട്ട് ഫലഭൂയിഷ്ഠത കുറഞ്ഞതായി കണ്ടെത്തുകയുണ്ടായി. അമോണിയം സള്‍ഫറേറ്റ് പോലെയുള്ള രാസവസ്തുക്കളുടെ അമിതപ്രയോഗം മണ്ണിന്റെ അമ്ലത വര്‍ധിപ്പിക്കുകയും ഇത് സസ്യങ്ങളുടെ വരള്‍ച്ച മുരടിപ്പിക്കുകയും ചെയ്തുവെന്നാണ് കൃഷി വകുപ്പ് എഴുനൂറ് പഞ്ചായത്തുകളിലായി നടത്തുന്ന മണ്ണ് പരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
വിളകള്‍ വര്‍ധിപ്പിക്കാനാണ് രാസവളങ്ങള്‍ ഉപയോഗിക്കുന്നത്. ആദ്യഘട്ടങ്ങളിലൊക്കെ പ്രത്യക്ഷത്തില്‍ ഗുണകരമായ ഫലങ്ങള്‍ നല്‍കിയെങ്കിലും കാലക്രമേണ വിളകള്‍ കുറഞ്ഞു വന്നപ്പോള്‍, രാസവളങ്ങള്‍ അമിതമായി ഉപയോഗിച്ചു തടുങ്ങി. മണ്ണിന്റെ എല്ലാ ഗുണങ്ങളും നഷ്ടപ്പെട്ട് തനി ഊഷര ഭൂമിയായി സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളും മാറിയെന്നതാണ് പരിണതി.
കാര്‍ഷിക വിളകളെ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തെയും ആവാസ വ്യവസ്ഥയെയും ഇത് താറുമാറാക്കുന്നുണ്ട്. കൃഷിക്കായി മണ്ണിലിടുന്ന രാസവളത്തിന്റെ അമ്പത് ശതമാനം മാത്രമേ ചെടികള്‍ പിടിച്ചെടുക്കുന്നുള്ളു. മണ്ണിലും ജലസ്രാതസ്സുകളിലുമുള്ള അവശേഷിക്കു ഭാഗങ്ങള്‍, മനുഷ്യന് ഉപകാരികളായ ജീവാണുക്കള്‍ നശിക്കാന്‍ ഇടയാക്കുകയും ജലത്തിലെ ജീവികളെ ദോഷകരമായി ബാധിക്കുക്കുകയും ചെയ്യുന്നു. അവയെ ഭക്ഷിക്കുന്ന മനുഷ്യനടക്കമുള്ള ജീവികളെ രോഗങ്ങള്‍ കാര്‍ന്നു തിന്നുന്നു. ജീവിത ശൈലീ രോഗങ്ങളില്‍ പലതിന്റെയും ഉത്ഭവം കാര്‍ഷിക രംഗത്തെ തലതിരിഞ്ഞ പരിഷ്‌കാരങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സസ്യങ്ങളുടെയെന്ന പോലെ മനുഷ്യന്റെ ആരോഗ്യത്തിനും മണ്ണിന്റെ ആരോഗ്യം പരമപ്രധാനമാണ്.
ഹരിത വിപ്ലവത്തിന്റെ മറവില്‍ കാര്‍ഷിക മേഖലയിലെ ഉദ്യോഗസ്ഥരെ കുട്ട്പിടിച്ചു വളം നിര്‍മാണ കമ്പനികള്‍ നടത്തിയ പ്രചാരണ തന്ത്രങ്ങളാണ് കര്‍ഷകരെ അമിത വളപ്രയോഗത്തിന് പ്രേരിപ്പിച്ചത്. കാര്‍ഷിക മേഖലയില്‍ വിജയം കൈവരിക്കാനും കൂടുതല്‍ ലാഭം നേടാനും രാസവളപ്രയോഗം അനിവാര്യമാണെന്ന് മത്സര ബുദ്ധിയോടെയാണ് വളം ഉത്പാദന രംഗത്തെ കുത്തകകള്‍ പ്രചരിപ്പിച്ചു വന്നത്. വ്യാപാര ലാക്കോടെയുള്ള ഈ പ്രചാരണം കാര്‍ഷിക ഉദ്യോഗസ്ഥരും ഏറ്റുപിടിച്ചപ്പോള്‍ സ്വാഭാവികമായും കര്‍ഷകര്‍ ആ മാര്‍ഗത്തിലേക്ക് തിരിയുകയും ജൈവവള പ്രയോഗം ഗണ്യമായി കുറയുകയും ചെയ്തു. ജൈവ വളത്തോടൊപ്പം മിതമായ തോതിലുള്ള രാസവള പ്രയോഗം അത്ര അപകടകരമല്ല. ഉത്പാദന വര്‍ധനവും ലാഭക്കൂടുതലും മോഹിച്ച്, കൂടിയ തോതില്‍ പ്രയോഗിക്കുമ്പോഴാണ് അത് ഭൂമിക്കും പ്രകൃതിക്കും നാശകാരിയാകുന്നത്. അതിന്റെ പരിണതിയാണ് ഫലഭൂയിഷ്ഠമായ സംസ്ഥാനത്തെ മണ്ണിനെ ബാധിച്ച ഊഷരത. കേരളത്തിന് മുമ്പേ ഹരിത വിപ്ലവം ആരംഭിച്ച പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലെ നിലങ്ങള്‍ തരിശായി മാറിയതും കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതോപയോഗം കാരണമായിരുന്നു.
മണ്ണിന്റെയും മനുഷ്യന്റെയും ആവാസ വ്യവസ്ഥയുടേയും ആരോഗ്യം നിലനിര്‍ത്തുന്ന ജൈവ കൃഷി രീതിയിലേക്ക് മടങ്ങാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. രാസവളങ്ങളും അപകടകരമായ കീടനാശിനികളും ഉപയോഗിക്കാതെ വിജയകരമായി കൃഷി ചെയ്യുന്നതിനുള്ള തനതു രീതികള്‍ ശാസ്ത്രജ്ഞരും അനുഭവസമ്പന്നരായ കര്‍ഷകരും വികസിപ്പിച്ചെടുത്തിട്ടുണ്ട്. പല വികസിത രാഷട്രങ്ങളും അത്തരം കൃഷിരീതിയാണ് സ്വീകരിക്കുന്നത്. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സമീപ ഭാവിയില്‍ കേരളത്തെ ജൈവ കൃഷി സംസ്ഥാനമായി മാറ്റാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇതിന്റെ മുന്നോടിയാണ് കാര്‍ഷിക വകുപ്പിന്റെ വ്യാപകമായ മണ്ണ് പരിശോധന.
മണ്ണിന്റെ ജൈവികതയും കാര്‍ബണ്‍ സമതുലിതാവസ്ഥയും വീണ്ടെടുക്കുകയാണ് ജൈവകൃഷിയിലേക്ക് തിരിച്ചു വരാന്‍ പ്രഥമമായി ചെയ്യേണ്ടത്. രാസവളത്തിന്റെ നാല് പതിറ്റാണ്ടായുള്ള അമിതോപയോഗം മൂലം കാര്‍ബണ്‍ സമ്പത്ത് നഷ്ടപ്പെട്ട് നിര്‍ജീവമായ കേരളത്തിന്റെ മണ്ണിനെ ഫലഭൂയിഷ്ടഠമാക്കുക ശ്രമകരമാണ്. ജൈവ കൃഷി രീതിയുടെ ഗുണത്തെയും ആവശ്യകതയെയും കുറിച്ചു കര്‍ഷകര്‍ ഇപ്പോഴും ബോധവാന്മാരല്ലെന്നതാണ് പല ഭാഗങ്ങളിലും തുടരുന്ന അമിത രാസവള പ്രയോഗം വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും വ്യാപകവുമാക്കേണ്ടതുണ്ട്.