ഗുഡ്ഗാവില്‍ സമുദായ സമവാക്യം വിധിയെഴുതും

    Posted on: April 6, 2014 12:12 am | Last updated: April 6, 2014 at 12:12 am

    voteഗുഡ്ഗാവ്: ആം ആദ്മി പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രമായ യോഗേന്ദ്ര യാദവ് ഇത്തവണ ഡബിള്‍ റോളിലാണ്. പാര്‍ട്ടിയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ചരടുവലികള്‍ നടത്തുന്നതിനൊപ്പം എ എ പിയുടെ ഗുഡ്ഗാവില്‍ നിന്നുള്ള സ്ഥാനാര്‍ഥി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലിമെന്റിലെത്തിയ റാവു ഇന്ദര്‍ജിത് സിംഗ് കളം മാറ്റി ചവിട്ടി ഇത്തവണ ബി ജെ പി സ്ഥാനാര്‍ഥിയായി ഇവിടെ രംഗത്തുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മൂന്ന് തവണ നിയമസഭാംഗമായ റാവു ധരംപാല്‍. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ എന്‍ ഡി എ ഘടകകക്ഷിയായ ഐ എന്‍ എല്‍ ഡിയും മത്സരത്തിനൊരുങ്ങിക്കഴിഞ്ഞതോടെ ഗുഡ്ഗാവില്‍ ഇത്തവണ പോരാട്ടം കനക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി എസ് പി ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ട സക്കീര്‍ ഹുസൈനാണ് ഐ എന്‍ എല്‍ ഡി കുപ്പായമണിഞ്ഞ് ഇറങ്ങിയത്. ചതുഷ്‌കോണ മത്സരത്തിനാണ് മണ്ഡലം വേദിയാകുന്നതെങ്കിലും ഇത്തവണ പ്രധാന മത്സരം എ എ പിയും ബി ജെ പിയും ഐ എന്‍ എല്‍ ഡിയും തമ്മിലാണ്.
    ഹരിയാനയിലെ ഗുഡ്ഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും എ എ പിയും യാദവ വിഭാഗത്തിലുള്ളവരെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയപ്പോള്‍ മുസ്‌ലിം വിഭാഗക്കാരനാണ് ഐ എന്‍ എല്‍ ഡി സ്ഥാനാര്‍ഥി. മണ്ഡലത്തിലെ 4.5 ലക്ഷം വരുന്ന മുസ്‌ലിം വോട്ടുകളാണ് ഐ എന്‍ എല്‍ ഡി ലക്ഷ്യമിടുന്നത്. ഒമ്പത് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഗുഡ്ഗാവ് ലോക്‌സഭാ മണ്ഡലത്തിലെ റിവാരി, ബാവല്‍ തുടങ്ങിയ കാര്‍ഷിക മേഖലയില്‍ നിന്ന് പരമാവധി വോട്ടുകള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇവിടെ കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ ഇത്തവണ തങ്ങള്‍ക്ക് ലഭിക്കുമെന്ന് എ എ പിയും പ്രതീക്ഷിക്കുന്നു. സീറ്റിനായി ഒരു വിഭാഗം രംഗത്തെത്തിയെങ്കിലും പ്രശ്‌നം രമ്യമായി പരിഹരിക്കാനായെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഭരണവിരുദ്ധ വികാരങ്ങള്‍ക്കൊപ്പം യാദവ വോട്ട് ബേങ്കിലും കണ്ണുവെച്ചാണ് ബി ജെ പിയുടെ പ്രവര്‍ത്തനം. റാവുവിന്റെ രംഗപ്രവേശത്തോടെ കോണ്‍ഗ്രസിലെ ഒരു വിഭാഗം വോട്ട് അനുകൂലമാകുമെന്ന് ബി ജെ പി ക്യാമ്പ് പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യമില്ലായ്മയാണ് മണ്ഡലം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. നഗര മണ്ഡലമായ ഗുഡ്ഗാവില്‍ കെട്ടിട നിര്‍മാണ ലോബിയുടെ പ്രവര്‍ത്തനവും പ്രധാന ചര്‍ച്ചാ വിഷയമാണ്.
    മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മേവത്ത് മേഖലയിലെ പ്രകടനമായിരിക്കും ഗുഡ്ഗാവിന്റെ വിധിയെഴുതുക. മൂന്ന് മണ്ഡലങ്ങളിലായി അഞ്ച് ലക്ഷത്തിലധികം വോട്ടര്‍മാരുള്ളതില്‍ ഭൂരിഭാഗവും മേവ മുസ്‌ലിം വിഭാഗക്കാരാണ്. ഇതേ വിഭാഗത്തില്‍പ്പെട്ടയാളാണ് ഐ എന്‍ എല്‍ ഡിയുടെ സ്ഥാനാര്‍ഥിയെന്നത് ഗുണമാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. ഒപ്പം ജാട്ട് വിഭാഗക്കാരുടെ വോട്ടും ഐ എന്‍ എല്‍ ഡി ലക്ഷ്യമിടുന്നുണ്ട്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് ഐ എന്‍ എല്‍ ഡി ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മുസ്‌ലിം വോട്ട് ഭിന്നിക്കുന്നതിനിടയാക്കിയേക്കും.
    കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്നത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉപദേശം തേടിയിരുന്നയാളാണ് യോഗേന്ദ്ര യാദവ്. ഡല്‍ഹിയോട് ചേര്‍ന്നു കിടക്കുന്ന ഹരിയാനയില്‍ മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ് അരവിന്ദ് കെജ്‌രിവാളും എ എ പിയും. കേരളത്തിനൊപ്പം ഈ മാസം പത്തിനാണ് ഹരിയാനയിലെ മുഴുവന്‍ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ്.