ചരിത്രം അമേരിക്കയോട് കണക്ക് ചോദിക്കുന്ന വിധം

Posted on: April 6, 2014 6:00 am | Last updated: April 5, 2014 at 10:29 pm
ivan lopez
ഇവാന്‍ ലോപസ്‌

ടെക്‌സാസ് വെടിവെപ്പ് വാര്‍ത്ത കേട്ട് പ്രസിഡന്റ് ബരാക് ഒബാമയുടെ ഹൃദയം തകര്‍ന്നു പോയത്രേ. അമേരിക്കയുടെ സൈനിക ഭാവിയെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങളുയരുന്നുവെന്ന് വിശകലനക്കാരുടെ കോറസ്. കണ്ണീരും വേദനയും അതിശയോക്തിയും സമം ചേര്‍ത്ത് പത്രങ്ങളുടെയും ചാനലുകളുടെയും ആഘോഷം. ഭരണകര്‍ത്താക്കളുടെ അതിവൈകാരികമായ വാചകങ്ങള്‍. ഉടനടി അന്വേഷണങ്ങള്‍. കൊലയാളിയെക്കുറിച്ച് പലതരം കഥകള്‍. തോക്കിന്‍ കളികള്‍ അമേരിക്കയില്‍ ഒരു പുതിയ സംഗതിയല്ലാത്തതിനാല്‍ ഓരോ സംഭവത്തിന് പിന്നാലെയും അനുഷ്ഠാനങ്ങളുടെ ഘോഷയാത്രയായിരിക്കും അവിടെ. ഫോര്‍ട്ട്ഹൂഡ് സൈനിക ക്യാമ്പില്‍ നടന്ന വെടിവെപ്പിന് പിറകേയും ഇത്തരം അനുഷ്ഠിപ്പുകള്‍ അരങ്ങേറുന്നു. പക്ഷേ കൊലപാതകങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ അമേരിക്ക ഒരിക്കലും തയ്യാറല്ല. അത്തരം ചര്‍ച്ചകള്‍ ആ രാജ്യത്തിന്റെ സഹജമായ വ്യക്തിത്വത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടുമെന്ന് ഭരിക്കുന്നവര്‍ക്കറിയാം. തൊലിപ്പുറമെ വിമര്‍ശിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമ രാജാക്കന്‍മാരും അടിസ്ഥാനപരമായ വിമര്‍ശങ്ങള്‍ക്ക് മുതിരാറില്ല. അതുകൊണ്ട് വെടിവെപ്പുകള്‍ ഒറ്റപ്പെട്ട സംഭവമായി ചുരുങ്ങിപ്പോകുന്നു. വെടിവെച്ചു വീഴ്ത്തിയവന്‍ മാനസിക രോഗിയായി മാറുന്നു.
ടെക്‌സാസിലെ ഫോര്‍ട്ട്ഹൂഡ് അമേരിക്കയിലെ ഏറ്റവും വലിയ സൈനിക താവളമാണ്. വിദേശദൗത്യങ്ങള്‍ക്കുള്ള പരിശീലനവും ആസൂത്രണവും നടക്കുന്നതിവിടെയാണ്. ഇവിടെ തന്നെയാണ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ കൂട്ടക്കൊലകള്‍ നടന്നതും. ഇത്തവണ ഇവാന്‍ ലോപ്പസ് എന്ന 34 കാരന്‍ സൈനികനാണ് വില്ലന്‍. 2011ല്‍ ഇറാഖ് ഓപറേഷനില്‍ പങ്കെടുത്തയാളാണ്. ലോപ്പസ് തന്റെ ഔദ്യോഗിക തോക്ക് ഉപയോഗിച്ച് സൈനിക ക്യാമ്പില്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് സൈനികര്‍ മരിച്ചു വീണു. 16 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൃത്യം നടത്തിയ ശേഷം അതേ തോക്ക് കൊണ്ട് ലോപ്പസ് സ്വയം മരണം വരിക്കുകയും ചെയ്തു.
ഈ സംഭവത്തിന് ആക്രമണ ത്വരയുടെയും ആത്മഹത്യാ പ്രവണതയുടെയും രണ്ട് തലങ്ങളുണ്ട്. സൂക്ഷ്മമായ വിശകലനത്തില്‍ ഏത് രാജ്യത്തിനും പാകമായ ചില നിഗമനങ്ങളില്‍ എത്തിച്ചേരാനുമാകും. സൈനികന്‍, മനുഷ്യന്‍ എന്നീ ദ്വന്ദങ്ങള്‍ ഏറ്റുമുട്ടുമ്പോഴാണ് അത് സംഭവിക്കുന്നത്. സൈന്യത്തിലെ ഉലയാത്ത ശ്രേണീക്രമങ്ങളും ചിട്ടകളും സമ്മര്‍ദങ്ങളും സൈനികനെന്ന മനുഷ്യനെ ഞെരുക്കിക്കളയുന്നു. ഈ ഞെരുക്കങ്ങള്‍ ഏല്‍പ്പിക്കുന്ന മറിവുകള്‍ ഉള്ളുണങ്ങാതെ നില്‍ക്കുമ്പോള്‍ അടക്കിനിര്‍ത്തപ്പെട്ട വികാരങ്ങളെല്ലാം കൂടി ഒരിക്കല്‍ പുറത്തേക്ക് കുതിക്കുന്നു. അത് കൂട്ടക്കുരുതിയായോ ആത്മഹത്യയായോ ആജ്ഞാനിരാസമായോ ഒക്കെ പകര്‍ന്നാടുന്നു. സൈനികര്‍ക്കിടയിലെ ഈ പകര്‍ന്നാട്ടങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം പഠനങ്ങളെല്ലാം ഏകസ്വരത്തില്‍ ചൂണ്ടിക്കാണിക്കുന്ന വസ്തുത രാഷ്ട്രത്തിന് വേണ്ടിയുള്ള ഹിംസ സൈനികനുള്ളിലെ മനുഷ്യന് ബോധ്യപ്പെടാതെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതെന്നാണ്. പ്രതിരോധത്തിലധിഷ്ഠിതമായ സൈനിക നീക്കങ്ങളേക്കാള്‍ ആക്രമണങ്ങളില്‍ ഈ വൈരുധ്യം നിലനില്‍ക്കുന്നു. സ്വന്തം അതിര്‍ത്തി കാക്കുന്നത് ബോധ്യപ്പെടാന്‍ പ്രയാസമില്ല. അധിനിവേശങ്ങള്‍ അങ്ങനെയല്ല. അതുയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന തിരിച്ചറിവ് സൈനികനെ മറ്റൊരാളാക്കി മാറ്റുന്നു. അതിനെ സാങ്കേതികമായി വിഷാദ രോഗമെന്നോ മാനസിക വിഭ്രാന്തിയെന്നോ ഒക്കെ വിളിക്കാം. ആധുനിക ലോകത്ത് ക്രൂരമായ അധിനിവേശങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അമേരിക്കയായതിനാല്‍ അവിടെ സൈനികര്‍ക്കിടയിലെ വിഭ്രാന്തി കൂടുതല്‍ മാരകമാകുന്നു.
ഫോര്‍ട്ട്ഹൂഡിലേക്ക് തന്നെ തിരിച്ചു വരാം. 2009ല്‍ ഇതേ താവളത്തില്‍ 13 പേരെയാണ് മേജര്‍ നിദാല്‍ ഹസന്‍ മാലിക് എന്ന സൈനികന്‍ വകവരുത്തിയത്. മാനസിക വിഭ്രാന്തിയിലകപ്പെട്ട സൈനികരെ ചികിത്സിക്കുന്ന മനഃശാസ്ത്ര വിദഗ്ധന്‍ കൂടിയായിരുന്നു നിദാല്‍ ഹസന്‍. നിരവധി പേരെ വിഭ്രാന്തിയുടെ നടുക്കടലില്‍ നിന്ന് ജീവിതത്തിന്റെ തീരത്തെത്തിച്ച മനുഷ്യന്‍. വിശിഷ്ട സേവനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയയാള്‍. എന്നിട്ടും വിദേശത്തേക്ക് നിയോഗിക്കപ്പെടാനുള്ള കായികക്ഷമതാ പരിശോധനക്കെത്തിയ നിരായുധരായ സൈനികര്‍ക്ക് നേരെ അദ്ദേഹം തുരുതുരാ വെടിയുതിര്‍ത്തു. വെടിവെക്കുമ്പോള്‍ അദ്ദേഹം അല്ലാഹു അക്ബര്‍ എന്ന് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങളിലുടനീളം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വാചകങ്ങള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് ‘കണ്ടെത്തി’. അദ്ദേഹം അടിയുറച്ച മതവിശ്വാസിയായിരുന്നുവെന്നതും വലിയ കുറ്റമായി ഗണിക്കപ്പെട്ടു. നിദാല്‍ ഹസന്‍ ഉയര്‍ത്തിയ ശരിയായ ചോദ്യങ്ങളെ നേരിടാന്‍ തയ്യാറാകാതെ അദ്ദേഹത്തെ തീവ്രവാദികളുടെ പട്ടികയിലേക്ക് അയക്കുകയെന്ന എളുപ്പവഴിയാണ് അമേരിക്കന്‍ സൈനിക നേതൃത്വം സ്വീകരിച്ചത്. അദ്ദേഹത്തെ പിന്നീട് വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു. അമേരിക്കന്‍ സൈനിക സന്നാഹത്തിലെ അംഗമെന്ന നിലയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ചില വഴിവിട്ട ചിന്തകളുടെ തടവറയിലായിരുന്നു നിദാല്‍ ഹസന്‍. അഫ്ഗാനിലും ഇറാഖിലുമൊക്കെ നടക്കുന്നത് ശുദ്ധ അധിനിവേശമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അത്തരമൊരു നെറികേടില്‍ പങ്കാളിയാകുന്നതില്‍ അദ്ദേഹത്തിന് കടുത്ത ആത്മനിന്ദ അനുഭവപ്പെട്ടു. ഇറാഖിലേക്ക് നിയോഗിച്ചതായുള്ള ഉത്തരവ് കൈപ്പറ്റിയ ഉടനെയായിരുന്നു അരുംകൊലയെന്നത് ഈ ആത്മനിന്ദയുടെ ആഴവും പരപ്പും വെളിവാക്കുന്നു.
ഇവാന്‍ ലോപ്പസും നിദാല്‍ ഹസനും ഒരേ വഴിയില്‍ കൂടിച്ചേരുന്നത് ഇവിടെയാണ്. ലോപ്പസ് 2011 ല്‍ ഇറാഖില്‍ സേവനമനുഷ്ഠിച്ചയാളാണ്. എന്തുകൊണ്ടാണ് ഇറാഖിലേക്ക് പോകാന്‍ വിധിക്കപ്പെട്ട നിദാല്‍ ഹസനും ഇറാഖില്‍ സൈനിക സേവനം നിര്‍വഹിച്ച ലോപ്പസും ഒരു പോലെ ഇടറിപ്പോകുന്നത്. ഇവിടെയാണ് നേരത്തേ പറഞ്ഞ ബോധ്യപ്പെടായ്ക പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ തികച്ചും രാഷ്ട്രീയമായ തീരുമാനങ്ങള്‍ പൗരനെന്ന നിലയില്‍ അംഗീകരിക്കാന്‍ ബാധ്യതപ്പെട്ടവര്‍ മനുഷ്യനെന്ന നിലയില്‍ അതിനെ നിരാകരിക്കാന്‍ ആഗ്രഹിക്കുന്നു. ഈ വൈരുധ്യം മൂര്‍ച്ഛിക്കുമ്പോള്‍ അത് ആത്മഹത്യകളായും വിഷാദരോഗമായും സഹപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കടന്നു കയറ്റമായും സൈനിക ക്യാമ്പിലെ ലൈംഗിക അരാജകത്വമായും രൂപാന്തരം പ്രാപിക്കുന്നു. 2001ല്‍ അഫ്ഗാന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ ആയിരത്തിലധികം യു എസ് സൈനികരാണ് ആത്മഹത്യ ചെയ്തത്. സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതലാണ് ഇത്. സേനാംഗങ്ങളുടെ മാനസിക ആരോഗ്യത്തിനായി വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുന്നിടത്താണ് ഇത്. ഇറാഖ്, അഫ്ഗാന്‍ പോലുള്ള ആക്രമണ മുഖങ്ങളില്‍ നൂറുകണക്കിന് മനഃശാസ്ത്രജ്ഞരും കൗണ്‍സലിംഗ് വിദഗ്ധന്‍മാരും സൈനികരോടൊപ്പം താമസിക്കുന്നു. വിനോദോപാധികള്‍ വേണ്ടുവോളമുണ്ട്. നല്ല ശമ്പളമുണ്ട്. രാഷ്ട്രത്തിന്റെയാകെ വീരാരാധന സൈനികരുടെ മേല്‍ എക്കാലത്തും പെയ്ത്‌കൊണ്ടിരിക്കുന്നു. എന്നിട്ടെന്ത്? ആത്മഹത്യകളും പാളയത്തില്‍ പടകളും ഒരു വ്യാഖ്യാനത്തിനും പിടി കൊടുക്കാതെ പെരുകിക്കൊണ്ടിരിക്കുന്നു.
വേള്‍ഡ് ട്രേഡ് സെന്റര്‍ പതനത്തിന് ശേഷം അധിനിവേശ ആക്രമണങ്ങള്‍ വ്യാപിപ്പിച്ചതിന്റെ ആത്യന്തിക ഫലം അമേരിക്കന്‍ സാമൂഹിക ജീവിതത്തിലാകെ നിഗ്രഹണ ത്വര വര്‍ധിച്ചുവെന്നതാണ്. സ്‌കൂളുകളിലും കോളജുകളിലും കൂട്ടക്കുരുതികള്‍ നിത്യസംഭവമായി മാറി. വ്യക്തിപരമായി വിദൂരശത്രുത പോലുമില്ലാത്തവരെയാണ് യുവാക്കള്‍ തോക്കിനിരയാക്കുന്നത്. ഒരു കാരണവും കണ്ടെത്താനാകാതെ ഇത്തരം കൂട്ടക്കൊലകള്‍ ഒടുങ്ങുകയാണ്. രാഷ്ട്രത്തിന്റെ ആക്രമണ ത്വര പൗരന്‍മാരിലേക്ക് പടരുന്ന അനിവാര്യമായ പ്രതിഭാസമാണ് ഈ ഒറ്റയാള്‍ ആക്രമണങ്ങള്‍. മേധാവിത്വത്തിനായി രാഷ്ട്രം നടത്തുന്ന കുരുതികള്‍ പ്രസിഡന്റ് മാറിയതുകൊണ്ടോ ഭരണകക്ഷി മാറിയതുകൊണ്ടോ മാറുന്നില്ല. എല്ലാവര്‍ക്കും തോക്കുണ്ട് അമേരിക്കയില്‍. സിവിലിയന്‍മാരുടെ ആയുധ ഉപഭോഗം നിയന്ത്രിക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമ മുന്‍കൈയെടുത്ത് നടത്തിയ ശ്രമങ്ങള്‍ എങ്ങുമെത്തയിട്ടില്ല.
അമേരിക്കയില്‍ നടക്കുന്ന ഈ കാരണമില്ലാ കൂട്ടക്കൊലകള്‍ ചരിത്രത്തിന്റെ പകരംവീട്ടലുകള്‍ കൂടിയാണ്. അഫ്ഗാനിലും ഇറാഖിലും ലിബിയയിലുമൊക്കെ എന്താണ് അമേരിക്ക നേടിയത്. സദ്ദാം ഹുസൈന്റെയും ഉസാമാ ബിന്‍ ലാദന്റെയും മുഅമ്മര്‍ ഗദ്ദാഫിയുടെയും മയ്യിത്തുകള്‍. അതിനപ്പുറമൊന്നുമില്ല. ആ ആക്രമണങ്ങള്‍ അമേരിക്കയുടെ സുരക്ഷിത്വം ഒരു കണിക പോലും ഉയര്‍ത്തിയിട്ടില്ല. താറുമാറാക്കപ്പെട്ട രാജ്യങ്ങളും അമേരിക്കയും ഒരു പോലെ അരക്ഷിതമായി മാറി. അമേരിക്ക ഉപേക്ഷിച്ചു പോയ ഇറാഖില്‍ ഒരു ദിവസം പോലും ചോരയുണങ്ങിയിട്ടില്ല. സ്വേച്ഛാധിപത്യത്തില്‍ നിന്ന് ഇറാഖികളെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരു പാശ്ചാത്യനെയും ഇന്ന് കാണാനില്ല. അഫ്ഗാനില്‍ നിന്ന് തടിയൂരാനാകാതെ വലയുകയാണ് അധിനിവേശ ശക്തികള്‍. ഗദ്ദാഫിയൊഴിഞ്ഞ ലിബിയ സ്വകാര്യ സേനകളുടെ പിടിയിലാണ്. എണ്ണസമ്പത്ത് മുഴുവന്‍ അവര്‍ തോന്നിയ വിലക്ക് തോന്നിയവര്‍ക്ക് വില്‍ക്കുന്നു. ഭരണകൂടമേ ഇല്ല അവിടെ. വാളെടുത്തവനൊക്കെ വെളിച്ചപ്പാടാണ്. ഈ രാജ്യങ്ങളെയെല്ലാം നിതാന്തമായി തകര്‍ത്തെറിഞ്ഞതിന്റെ ഉത്തരവാദിത്വം അമേരിക്ക എപ്പോഴെങ്കിലും ഏറ്റുപറഞ്ഞിട്ടുണ്ടോ? ഇവാന്‍ ലോപ്പസിനെപ്പോലുള്ളവര്‍ അവരുടെ വിഭ്രാന്തമായ ചെയ്തികളിലൂടെ ചരിത്രപരമായ പ്രതികാരം നിര്‍വഹിക്കുകയാണ്. അതുകൊണ്ട് ഒന്നാം പേജില്‍ എട്ട് കോളം കൊടുക്കാന്‍ പാകത്തില്‍ ഇത്തരം ‘ഭ്രാന്തുകള്‍’ അമേരിക്കയില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും.
എന്തുകൊണ്ടാണ് ഇറാഖിലേക്ക് പോകാന്‍ വിധിക്കപ്പെട്ട നിദാല്‍ ഹസനും ഇറാഖില്‍ സൈനിക സേവനം നിര്‍വഹിച്ച ലോപ്പസും ഒരു പോലെ ഇടറിപ്പോകുന്നത്? രാഷ്ട്രത്തിനു വേണ്ടിയുള്ള ഹിംസ സൈനികനുള്ളിലെ മനുഷ്യന് ബോധ്യപ്പെടാതെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. സ്വന്തം അതിര്‍ത്തി കാക്കുന്നത് ബോധ്യപ്പെടാന്‍ പ്രയാസമില്ല. അധിനിവേശങ്ങള്‍ അങ്ങനെയല്ല. അതുയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന തിരിച്ചറിവ് സൈനികനെ മറ്റൊരാളാക്കി മാറ്റുന്നു. അതിനെ സാങ്കേതികമായി വിഷാദ രോഗമെന്നോ മാനസിക വിഭ്രാന്തിയെന്നോ ഒക്കെ വിളിക്കാം. ആധുനിക ലോകത്തെ ക്രൂരമായ അധിനിവേശങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അമേരിക്കയായതിനാല്‍ അവിടെ സൈനികര്‍ക്കിടയിലെ വിഭ്രാന്തി കൂടുതല്‍ മാരകമാകുന്നു. ഇവാന്‍ ലോപ്പസിനെപ്പോലുള്ളവര്‍ അവരുടെ വിഭ്രാന്തമായ ചെയ്തികളിലൂടെ ചരിത്രപരമായ പ്രതികാരം നിര്‍വഹിക്കുകയാണ്.

[email protected]