സി പി എമ്മിന് വോട്ട് ചെയ്താല്‍ ഗുണം ബി ജെ പിക്കെന്ന് രാഹുല്‍

Posted on: April 5, 2014 1:06 pm | Last updated: April 6, 2014 at 1:21 am

rahul gandhiകാസര്‍കോട്: കേരളത്തിലും ദേശീയ രാഷ്ട്രീയത്തിലും സി പി എമ്മിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സി പി എമ്മിന് വോട്ട് ചെയ്താല്‍ അതിന്റെ ഗുണം ബി ജെ പിക്കാണ് ലഭിക്കുകയെന്നും രാഹുല്‍ പറഞ്ഞു.

കാസര്‍കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി സിദ്ദീഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. സി പി എമ്മിന് ലഭിക്കുന്ന വോട്ടുകള്‍ പരോക്ഷമായി സഹായിക്കുന്നത് ബി ജെ പിയെയാണെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദേശീയതലത്തില്‍ സി പി എമ്മിന് ഒരു പങ്കും വഹിക്കാനുണ്ടാകില്ലെന്നും രാഹുല്‍ പറഞ്ഞു.
കാസര്‍കോടിന്റെ രാഷ്ട്രീയത്തിലും സി പി എമ്മിന് ഒന്നും ചെയ്യാന്‍ കഴിയില്ല. കാസര്‍കോട്ട് വ്യവസായം വന്നാല്‍ അതിന്റെ ഗുണം ഇവിടുത്തെ ജനത്തിന് കിട്ടണം. നിത്യോപയോഗ സാധനങ്ങള്‍ പലതും ചൈനയിലുണ്ടാക്കുന്നവയാണ്. നാളെ ഇതൊക്കെ കാസര്‍കോട്ട് ഉത്പാദിക്കുന്ന സാഹചര്യമാണ് ലക്ഷ്യമിടുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കഷ്ടപ്പാടുകളെ പരാമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരള രാഷ്ട്രീയത്തെ വികലമാക്കി. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടിക്ക് ഏറെ പഠിക്കാനുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടായാല്‍ അടിസ്ഥാനവര്‍ഗം ഉള്‍പ്പെടുന്ന 17 കോടി ജനതയെ മധ്യവര്‍ഗമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യരേഖക്കു മുകളിലും മധ്യവര്‍ഗത്തിനു തൊട്ടുതാഴെയുമായി കഴിയുന്ന പതിനേഴ് കോടിയോളം വരുന്ന ജനവിഭാഗങ്ങളുടെ വികസനത്തിനാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അടുത്ത സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുക.
മരപ്പണിക്കാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, പ്ലംബര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങിയവരടങ്ങുന്ന വിഭാഗമാണിത്. അവരെ രാജ്യത്തിന്റെ മധ്യവര്‍ഗമാക്കി അടുത്ത അഞ്ച് വര്‍ഷത്തിനകം മാറ്റും.
അവരുടെ കുട്ടികള്‍ക്കെല്ലാം ഉന്നത വിദ്യാഭ്യാസത്തിന് അവസരമുണ്ടാക്കും. ഇതിനായി രാജ്യത്തിന്റെ ഓരോ മുക്കിലും കൂടുതല്‍ കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.