കുടിവെള്ളത്തിനായി മലിനജലം

Posted on: April 3, 2014 10:53 am | Last updated: April 3, 2014 at 10:53 am

വെള്ളമുണ്ട: മൂന്നുപഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനായി വാട്ടര്‍ അഥോറിറ്റി നല്‍കുന്നത് മലിനജലം. മുളങ്കണ്ടി ജലസേചന പദ്ധതിയിലൂടെ തരിയോട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളിലെ 2000ത്തോളം കുടുംബങ്ങള്‍ക്കാണ് ഫില്‍ട്ടര്‍ ചെയ്യാതെ പുഴവെള്ളം പമ്പ് ചെയ്ത് കുടിവെള്ളമായി നല്‍കുന്നത്. കടമാന്‍തോട്ടിലെ വെള്ളം ക്രമാതീതമായി കുറഞ്ഞതും സ്ഥിരം തടയണ ഇല്ലാത്തതുമാണ് വെള്ളം ശുദ്ധികരിക്കാന്‍ തടസമാകുന്നത്. ബാണാസുര മലയില്‍ നിന്നുത്ഭവിക്കുന്ന കടമാന്‍ തോടിന് മുള്ളങ്കണ്ടിയില്‍ താല്‍ക്കാലിക തടയണ തീര്‍ത്താണ് വെള്ളം ഫില്‍ട്ടര്‍ ചെയ്ത് പ്രദേശത്തെ 20000ത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത്. വാരാമ്പറ്റ, പന്തിപ്പൊയില്‍, പടിഞ്ഞാറത്തറ, കുപ്പാടിത്തറ, മഞ്ഞൂറ, തരിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ പൊതു
ടാപ്പിലൂടെയും, ഗാര്‍ഹിക കണക്ഷനിലൂടെയുമാണ് ജലവിതരണം.
ഇതിനായി കാപ്പുംകുന്നിലും മഞ്ഞൂറയിലും ടാങ്കുകളും പണിതിട്ടുണ്ട്. എന്നാല്‍ 20 വര്‍ഷം മുമ്പ് മുടങ്ങിയ പദ്ധതിക്ക് സ്ഥിരം തടയണയില്ലാത്തതാണ് വേനല്‍കാലമാകുന്നതോടെ പണം നല്‍കി മലിനജലം കുടിക്കേണ്ട അവസ്ഥയില്‍ ജനങ്ങളെ എത്തിക്കുന്നത്. ഓരോവര്‍ഷവും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്ന താല്‍ക്കാലിക തടയണകള്‍ വെള്ളം തടഞ്ഞുനിര്‍ത്താന്‍ പര്യാപ്തമാവുന്നില്ല. ഇതിനുപുറമെ ബാണാസുര ഡാം നിലവില്‍ വന്നതോടെ മാര്‍ച്ച് മാസത്തില്‍ തന്നെ പുഴയിലെ നീരൊഴുക്ക് കുറയാനും കാരണമായി. ഇതോടെ ജലസംഭരണിയിലെ ഫില്‍ട്ടര്‍ ഭാഗത്തേക്ക് വെള്ളം പോകാതെ നേരിട്ട് ടാങ്കിലേക്കെത്തുന്ന രീതിയിലാണ് ഇപ്പോള്‍ വെള്ളം പമ്പ് ചെയ്യുന്നത്. കന്നുകാലികളെ കുളിപ്പിക്കാനും അലക്കാനും കുളിക്കാനും ഉപയോഗിച്ച വെള്ളമാണിപ്പോള്‍ കുടിവെള്ളമായി വിതരണം ചെയ്യുന്നത്. ബാണാസുര ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്ന് വിട്ടും മുള്ളങ്കണ്ടിയില്‍ സ്ഥിരം തടയണ നിര്‍മ്മിച്ചും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാവുന്നതാണ്.
തടയണ നിര്‍മ്മാണത്തിനായി ഫണ്ടനുവദിച്ചെങ്കിലും ഇതുവരെയും ഭരണാനുമതി ലഭിച്ചിട്ടില്ല. ഒരുവര്‍ഷം 50000 രൂപയാണ് താല്‍ക്കാലിക തടയണ നിര്‍മ്മാണത്തിനായി ഓരോ വര്‍ഷവും വാട്ടര്‍ അഥോറിറ്റി ചെലവഴിക്കുന്നത്. എന്നാല്‍ ഏതാനും മണല്‍ചാക്കുകള്‍ നിറച്ച് വെയ്ക്കുന്നതൊഴിച്ചാല്‍ കാര്യക്ഷമമായി വെള്ളം തടഞ്ഞുനിര്‍ത്താന്‍ സാധിക്കാത്തതാണ് ഫില്‍ട്ടര്‍ സംവിധാനം നടക്കാതെ പോകാന്‍ കാരണമാകുന്നത്. ബാണാസുര ഡാമില്‍ നിന്നും വെള്ളം കുടിവെള്ളാവശ്യത്തിനായി തുറന്നുവിടണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ ഒരുമണിക്കൂര്‍ സമയം ബ്ലൂയിസിലൂടെ വെള്ളം പുഴയിലേക്ക് തുറന്നുവിട്ടിരുന്നു.
13,500 ക്യൂബിക് മീറ്റര്‍ വെള്ളമാണ് തുറന്നുവിട്ടതെന്നാണ് ഡാം അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ വെള്ളം മുള്ളങ്കണ്ടി പമ്പ് ഹൗസിലെത്തുമ്പോള്‍ തന്നെ നേരിട്ട് ടാങ്കിലേക്ക് പമ്പ് ചെയ്യുകയാണുണ്ടായത്. കൂടുതല്‍ വെള്ളം പുഴയിലെത്തിയെങ്കില്‍ മാത്രമെ ഫില്‍ട്ടര്‍ സംവിധാനം പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നാണ് വാട്ടര്‍ അഥോറിറ്റിയും പറയുന്നത്.