അനുഭവസമ്പത്തിനെ മറികടക്കാന്‍ നാരികള്‍

  Posted on: April 3, 2014 5:24 am | Last updated: April 3, 2014 at 12:26 am

  1803കായലും മലയും തീരവും സമ്മേളിക്കുന്ന ആറ്റിങ്ങലെന്ന ഇടതു കോട്ട ഇക്കുറി ആര്‍ക്കൊപ്പമെന്ന ചോദ്യമാണ് തെക്കു നിന്നും ഉയരുന്നത്. നിലവിലെ വിജയം ആവര്‍ത്തിക്കാന്‍ സിറ്റിംഗ് എം പിയായ എ സമ്പത്തിനെ ഇടതു പക്ഷം മത്സരത്തിനിറക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ വനിതാ നേതാവ് ബിന്ദു കൃഷ്ണയെ രംഗത്തിറക്കി സീറ്റ് തിരിച്ചു പിടിക്കാനാണ് യു ഡി എഫിന്റെ ശ്രമം. മുന്നണികളുടെ വേരുകളോടുന്ന മണ്ഡലത്തില്‍ ബലപരീക്ഷണത്തിനായി ബി ജെ പി സ്ഥാനാര്‍ഥിയായ എസ് ഗിരിജാകുമാരിയും രംഗത്തുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കാലങ്ങളായി മുന്‍തൂക്കമുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. ഒമ്പത് തവണ ഇടതുപക്ഷത്തിനൊപ്പവും അഞ്ചുതവണ കോണ്‍ഗ്രസിനൊപ്പവും നിന്ന ചരിത്രമാണ് മണ്ഡലത്തിനുളളത്. കഴിഞ്ഞ 23 വര്‍ഷമായി ഇടതു പക്ഷത്തിന്റെ കയ്യിലാണ് ആറ്റിങ്ങല്‍. 1996ലും 2009ലും വിജയിച്ച് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമ്പത്ത് ഇക്കുറിയും വിജയപ്രതീക്ഷയിലാണ്.

  വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലത്തില്‍ ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം എന്നിവ ഇടത് എം എല്‍ എമാരെ തിരഞ്ഞെടുത്ത മണ്ഡലങ്ങളാണ്. ദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങളേക്കാള്‍ സംസ്ഥാന, പ്രാദേശിക പ്രശ്‌നങ്ങള്‍ ഇക്കുറി ചര്‍ച്ച ചെയ്യുന്നതു കൊണ്ടു തന്നെ ഈ മണ്ഡലങ്ങളില്‍ ഇടതു സ്വാധീനവും കൂടുതലാണ്. അതേ സമയം വര്‍ക്കല, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട എന്നീ യു ഡി എഫ് അനുകൂല മണ്ഡലങ്ങളില്‍ മേല്‍ക്കൈയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് ക്യാമ്പ്. പട്ടികജാതി, പട്ടിക വര്‍ഗ, ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായ സ്വാധീനം ചെലുത്തുന്ന മലയോര-തീരദേശ സമ്മിശ്രമായി കിടക്കുന്ന ഈ മേഖലയിലെ വോട്ടുകളാണ് ഇരു മുന്നണികള്‍ക്കും നിര്‍ണായകമാവുക. അതു കൊണ്ടു തന്നെ റോഡുകളുടെ ശോച്യാവസ്ഥയടക്കം അടിസ്ഥാന മേഖലയിലെ പൂര്‍ണമായി പരിഹരിക്കപ്പെടാത്ത വിഷയങ്ങളാകും വോട്ടിനെ സ്വാധീനിക്കുക. അതേസമയം രാഷ്ട്രീയ നിലപാടുകളിലുറച്ച് തിരഞ്ഞെടുപ്പിനെ കാണുന്ന മണ്ഡലങ്ങളില്‍ ഇരു മുന്നണികളും രാഷ്ട്രീയം പറഞ്ഞു തന്നെയാണ് പ്രചാരണം നടത്തുന്നത്.
  വികസനം മുഖ്യചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ എം പി എന്ന നിലയില്‍ താന്‍ മുന്നോട്ടു വച്ച വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമ്പത്ത് ജനങ്ങളെ സമീപിക്കുന്നത്. എം പി ഫണ്ട് പൂര്‍ണമായും വിനിയോഗിച്ച് മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം കാഴ്ച വെച്ച ജനപ്രതിനിധിയെന്ന ആത്മവിശ്വാസത്തിലാണ് സമ്പത്ത് മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. പിതാവ് അനിരുദ്ധന്‍ എന്ന സംശുദ്ധ രാഷ്ട്രീയ നേതാവിന്റെ പേരും പെരുമയും പരമ്പരാഗത വോട്ടുകള്‍ തനിക്ക് അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥി.
  അതേസമയം ഇക്കുറി ശക്തയായ വനിതാ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിക്കാനുള്ള നീക്കം നടത്തുന്നത്. മണ്ഡലത്തില്‍ അപരിചിതയല്ലെന്ന അനുകൂല ഘടകം മുന്‍നിര്‍ത്തിയാണ് മഹിളാ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന അധ്യക്ഷയുമായ അഡ്വ. ബിന്ദു കൃഷ്ണ പ്രചരണ രംഗത്തുള്ളത്. മണ്ഡലത്തിലെ ബന്ധുബലം വോട്ടാക്കി മാറ്റാമെന്ന ചിന്തയിലാണ് ബിന്ദുകൃഷ്ണ. കാലാകാലങ്ങളായി ഇടതു എം പിമാര്‍ ജനപ്രതിനിധികളാകുന്ന മണ്ഡലത്തിലെ വികസന രംഗത്തെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ബിന്ദുകൃഷ്ണ പ്രചാരണം നടത്തുന്നത്.
  സി പി എം പാളയത്തില്‍ നിന്ന് ബി ജെ പിയിലെത്തിയ എസ് ഗിരിജാകുമാരിയാണ് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി. വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗിരിജാകുമാരി തന്റെ പ്രാദേശികമായ പരിചയം കരുത്താക്കിയാണ് പ്രചരണരംഗത്തുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രിയാ സുനിലാണ് മൂന്നാമത്തെ വനിതാ സ്ഥാനാര്‍ഥി. സി പി എമ്മിനെതിരെ ശക്തമായ വാദമുഖങ്ങളുമായി ആര്‍ എം പി സ്വതന്ത്രനായി ആര്‍ എം പി സംസ്ഥാന നേതാവ് കെ എസ് ഹരിഹരനും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പ്രചാരണ രംഗത്തുണ്ട്. ഇവര്‍ക്കു പുറമേ ബി എസ് പി സ്ഥാനാര്‍ഥിയായി എന്‍ എസ് അനില്‍ കുമാര്‍, ജനതാദള്‍ യുനൈറ്റഡ് സ്ഥാനാര്‍ഥിയായി അഡ്വ എം ആര്‍ സരിന്‍, ശിവസേന സ്ഥാനാര്‍ഥിയായി വക്കം ജി അജിത്ത്, എസ് ഡി പി ഐ സ്ഥാനാര്‍ഥി എം കെ മനോജ് കുമാര്‍ എന്നിവരും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായി കളത്തിലുണ്ട്.