Connect with us

Editorial

വിമര്‍ശങ്ങളെ നേരിടേണ്ടത് കൈബലം കൊണ്ടല്ല

Published

|

Last Updated

ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, പൗരസ്വാതന്ത്ര്യം തുടങ്ങിയ മൌലികാവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. ഇതടിസ്ഥാനത്തില്‍ പൗരന്മാര്‍ക്ക് പൊതുജീവിതത്തില്‍ ഇടപെടാനും തെറ്റുകളെ വിമര്‍ശിക്കാനും സമൂഹത്തില്‍ നടമാടുന്ന ചൂഷണങ്ങളെയും തട്ടിപ്പുകളെയും ചൂണ്ടിക്കാട്ടാനും അവകാശമുണ്ട്. എന്നാല്‍ ഭരണഘടനാപരമായ ഈ അവകാശം വകവെച്ചു കൊടുക്കാന്‍ പലരും തയാറാകുന്നില്ല. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തിരൂര്‍ തുഞ്ചന്‍ പറമ്പിലെ പ്രഭാഷണത്തിനിടെ സ്വാമി സാന്ദീപാനന്ദ ഗിരിക്കും ഡി സി ബുക്‌സ് കോട്ടയം ശാഖക്കുമെതിരെ നടന്ന ആക്രമണങ്ങള്‍. ചൊവ്വാഴ്ച തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ അമൃതാനന്ദമയി മഠത്തിനെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരിലാണത്രെ ഒരു സംഘമാളുകള്‍ സാന്ദീപാനന്ദഗിരിയെ പ്രഭാഷണവേദിയില്‍ കയറി അക്രമിക്കുകയും അടിച്ചോടിക്കുകയുമായിരുന്നു. അമൃതാനന്ദമയി വിമര്‍ശവുമായി ബന്ധപ്പെട്ടാണ് ഡി സി സി ബുക്‌സിന് നേരെ നടന്ന ഗുണ്ടായിസവും. കോട്ടയം ഡി സി ബുക്‌സില്‍ അതിക്രമിച്ചു കയറിയ മൂന്ന് യുവാക്കള്‍ ഷെല്‍ഫുകള്‍ തട്ടിമറിച്ചിടുകയും പുസ്തകങ്ങള്‍ വലിച്ചു കീറുകയുമുണ്ടായി. തടയാന്‍ ചെന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തിയ അക്രമികള്‍ ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ഭവിഷ്യത്ത് ഭീകരമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
മാതാ അമൃതാനന്ദമയിക്കെതിരെ അവരുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡലിന്റെ വെളിപ്പെടുത്തലാണ് ഈ സംഭവങ്ങളുടെ പശ്ചാത്തലം. അമൃതാനന്ദമയിയുടെ വിശ്വസ്ഥയും 20 വര്‍ഷം അവരെ സേവിച്ച സന്തതസഹചാരിയുമായിരുന്ന ഗെയ്ല്‍ ട്രെഡലിന്റെ “ഹോളി ഹെല്‍: എ മെമ്മയര്‍ ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്സ്” എന്ന ആത്മകഥാപരമായ പുസ്തകത്തില്‍, ഒരു ആശ്രമത്തിന് നിരക്കുന്ന പ്രവര്‍ത്തനങ്ങളല്ല മഠത്തില്‍ നടക്കുന്നതെന്നും മഠത്തിലെ ലൈംഗികാരജകത്വത്തിലും തട്ടിപ്പുകളിലും വെട്ടിപ്പുകളിലും മനം മടുത്താണ് താന്‍ ഇന്ത്യവിട്ടതെന്നും അവര്‍ പറയുന്നുണ്ട്. ഇതിനെ ശരിവെച്ചുകൊണ്ട് സ്വാമി സാന്ദീപാനന്ദ ഗിരിയും രംഗത്തു വന്നതാണ് ചിലരെ ചൊടിപ്പിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ മഠത്തിന്റെ അറിവോടെയോ അനുമതിയോടെയോ ആയിരിക്കണമെന്നില്ല. ഒരു അധ്യാത്മിക കേന്ദ്രമാണ് അമൃതാനന്ദമയീ മഠമെന്നാണ് അതിന്റെ നടത്തിപ്പുകാരുടെ അവകാശവാദം. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാനുള്ള തുറന്ന മനസ്സാണ് ആധ്യാത്മിക പ്രസ്ഥാനങ്ങള്‍ക്കുണ്ടാകേണ്ടത്. ആശയപരമായ സംവാദങ്ങളിലൂടെയല്ലാതെ വിമര്‍ശകരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയോ അടിച്ചൊതുക്കുയോ ചെയ്യാന്‍ മുതിരുകയില്ല ആത്മീയ പ്രസ്ഥാനങ്ങള്‍. തന്നെ സേവിക്കണമെന്ന് ആരോടും പറയാറില്ലെന്നും എല്ലാം മറക്കുകയും പൊറുക്കുകയുമാണ് തന്റെ ശൈലിയെന്നുമാണ് ഗെയ്‌ലിന്റെ ആരോപണത്തോട് പ്രതികരിക്കവെ, മാതാ അമൃതാനന്ദമയി പറഞ്ഞതെന്നതും ശ്രദ്ധേയമാണ്. എങ്കിലും മഠത്തിനെ വിമര്‍ശിക്കുന്നവരെ കത്തിയും കൊടുവാളുമെടുത്ത് നേരിടാനിറങ്ങിപ്പുറപ്പെട്ടവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കേണ്ട ബാധ്യത മഠം മേധാവികള്‍ക്കുണ്ട്. ഗെയ്‌ലിനും സ്വാമി സാന്ദീപാനന്ദ ഗിരിക്കും പറയാനുള്ളത് അവര്‍ പറയട്ടെ. അവരുടെ പ്രചാരണം സത്യവിരുദ്ധമെങ്കില്‍ അക്കാര്യം ജനങ്ങളെ അറിയിക്കാന്‍ മഠം അധികൃതരുടെയും അനുയായികളുടെയും മുമ്പില്‍ സമാധാന പരമായ മാര്‍ഗങ്ങളേറെയുണ്ട്. ദൂരാരോപണങ്ങളെ നേരിടാന്‍ നിയമത്തിന്റെ വഴികളും ധാരാളം. അത്തരം വഴികള്‍ ഉപേക്ഷിച്ചു അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് തിരിയുന്നത് വിപരീത ഫലമേ ഉളവാക്കൂ.
ആശയത്തെ ആശയം കൊണ്ടല്ലാതെ ആയുധങ്ങള്‍ കൊണ്ട് നേരിടുന്ന പ്രവണത മതപ്രസ്ഥാനങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയ മേഖലയിലുമുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന് അക്രമിച്ചു കൊന്ന സംഭവം അടുത്ത നാളുകളില്‍ പോലും സംസ്ഥാനത്ത് അരങ്ങേറുകയുണ്ടായി. ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും ഇതിനപവാദമല്ല. എതിരാളികളെ കൈകാര്യം ചെയ്യാന്‍ ഗുണ്ടകളെ തീറ്റിപ്പൊറ്റുന്നുണ്ട് മിക്ക രാഷ്ട്രിയ പ്രസ്ഥാനങ്ങളും. ടി പി വധക്കേസ് ബന്ധപ്പെട്ടും ഇത്തരമൊരു വിവാദം ഉയരുകയുണ്ടായി. ആശയ പരമായ വിമര്‍ശങ്ങളോട് ആരോഗ്യപരമായി പ്രതികരിക്കാനുള്ള വിവേകം പ്രകടിപ്പിക്കുന്നതില്‍ മതപ്രസ്ഥാനങ്ങളേക്കാള്‍ പിറകിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ആത്മീയ മേഖലയിലായാലും രാഷ്ട്രീയത്തിലായാലും ഈ പ്രവണതക്ക് തടയിടേണ്ടതുണ്ട്.

Latest