2015ല്‍ യു എ ഇയില്‍ 75,000 അധ്യാപകരെ ആവശ്യമായി വരുമെന്ന്

Posted on: April 2, 2014 9:05 pm | Last updated: April 2, 2014 at 9:05 pm

ദുബൈ: 2015ല്‍ യു എ യില്‍ 75,000 അധ്യാപകരെ ആവശ്യമായി വരുമെന്ന് വിദഗ്ധന്‍. വരുന്ന വര്‍ഷത്തോടെ ഗള്‍ഫ് മേഖലയില്‍ പൊതുവില്‍ അധ്യാപകര്‍ക്ക് കടുത്തക്ഷാമം അനുഭവപ്പെടുന്ന സ്ഥിതിയാവും ഉണ്ടാവുകയെന്നും ഇതുമായി ബന്ധപ്പെട്ട് പഠനത്തിന് നേതൃത്വം നല്‍കിയ പെര്‍സണ്‍ എന്ന സ്ഥാപനത്തിന്റെ എം ഡി കരീം ദാവൂദ് വ്യക്തമാക്കി.
2015 ഓടെ അറബ് ലോകത്ത് മൊത്തം 16 ലക്ഷം അധ്യാപകരെ ആവശ്യമായി വരും. 2030 ആവുമ്പോഴേക്കും ഇത് 33 ലക്ഷമായി വര്‍ധിക്കുമെന്നും ദാവൂദ് വെളിപ്പെടുത്തി.
ആഗോള തലത്തിലുള്ള പ്രശ്‌നമാണ് അധ്യാപക ക്ഷാമം. കൂടുതല്‍ കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് എത്തുന്നതും അധ്യാപകരുടെ വിരമിക്കലുമാണ് അറബ് മേഖലയില്‍ ഈ ഒരു അവസ്ഥക്ക് ഇടയാക്കുന്നത്. 95 ലക്ഷം കുട്ടികള്‍ അധികം വൈകാതെ വിദ്യാലയങ്ങളില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. സെക്കന്ററി തലത്തിലാവും അധ്യാപകരുടെ കുറവ് കൂടുതല്‍ അനുഭവപ്പെടുക. കൂടിയ പഠന സൗകര്യവും വിഷയങ്ങളുടെ വൈവിധ്യവുമാണ് ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെന്ന് അദ്ദേഹം പറഞ്ഞു.