50 സീറ്റുകളില്‍ മക്കള്‍ മഹാത്മ്യം

  Posted on: April 2, 2014 12:10 am | Last updated: April 2, 2014 at 12:10 am

  ന്യൂഡല്‍ഹി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 50 മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് നേതാക്കളുടെ മക്കള്‍. ഇതില്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുതല്‍ രാഹുലും വരുണ്‍ ഗാന്ധിയും എല്ലാം ഉള്‍പ്പെടും. കോണ്‍ഗ്രസ് നേതാക്കളുടെ മക്കളാണ് മത്സരിക്കുന്നവരിലേറെയും.
  പശ്ചിമ ബംഗാളിലെ ജാന്‍ഗിപൂരില്‍ നിന്നാണ് സിറ്റിംഗ് എം പിയായ അഭിജിത്ത് മുഖര്‍ജി മത്സരിക്കുന്നത്. രാഹുലും വരുണും യാഥാക്രമം ഉത്തര്‍പ്രദേശിലെ അമേത്തി, സുല്‍ത്താന്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മത്സരിക്കും.
  രാഹുല്‍ സോണിയാ ഗാന്ധിയുടെയും വരുണ്‍ മേനകാ ഗാന്ധിയുടെയും മകനാണ്. മേനകാ ഗാന്ധി ഉത്തര്‍ പ്രദേശിലെ അഓന്‍ലാ മണ്ഡലത്തിലെ ബി ജെ പിയുടെ സിറ്റിംഗ് എം പിയാണ്. ഇത്തവണ മേനകാ ഗാന്ധി മത്സരിക്കുന്നത് പിലിപതില്‍ നിന്നാണ്.
  രാജീവ് ഗാന്ധിയുടെ സഹോദരന്‍ പരേതനായ സഞ്ജയ് ഗാന്ധിയുടെ ഭാര്യയാണ് മേനകാ ഗാന്ധി. ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം മത്സരിച്ച ശിവംഗംഗ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്തും മത്സര രംഗത്തുണ്ട്.
  ഝാര്‍ഖണ്ഡിലെ ഹസാരിഭാഗില്‍ നിന്നാണ് മത്സരിക്കുന്നത്. ഈ മണ്ഡലത്തെയാണ് യശ്വന്ത് സിന്‍ഹ പ്രതിനിധീകരിക്കുന്നത്. പരേതനായ മാധവ റാവു സിന്ധ്യയുടെ മകന്‍ ജോതിരാദിത്യ സിന്ധ്യ മധ്യപ്രദേശില്‍ നിന്ന് മത്സരിക്കുന്നുണ്ട്. ഗുണാ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.
  രാജേഷ് പൈലറ്റിന്റെ മകന്‍ സചിന്‍ പൈലറ്റ് രാജസ്ഥാനിലെ അജ്മീറില്‍ നിന്ന് മത്സരിക്കുന്നുണ്ട്. പരേതനായ ജിത്രേന്ദ്ര പ്രസാദയുടെ മകന്‍ ജിതിന്‍ പ്രസാദ ഉത്തര്‍ പ്രദേശിലെ ദൗറബ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. കോണ്‍ഗ്രസ് രാജ്യസഭാ എം പിയും കഴിഞ്ഞ യു പി എ സര്‍ക്കാറിലെ മന്ത്രിയുമായിരുന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള മുരളി ദേവ്‌റയുടെ മകന്‍ മിലിന്‍ഡ് സൗത്ത് മുംബൈയില്‍ നിന്ന് മത്സരിക്കും. കേരള ഗവര്‍ണറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് കോണ്‍ഗ്രസ് ടിക്കറ്റില്‍ കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് മത്സരിക്കുന്നുണ്ട്. ഇവിടത്തെ സിറ്റിംഗ് എം പിയാണ് ഇദ്ദേഹം. ഹരിയാന മുഖ്യമന്ത്രി ഭുപിന്ദര്‍ സിംഗ് ഹോദയുടെ മകന്‍ ദീപേന്ദര്‍ ഇത്തവണയും രോഹ്തക് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ദീപേന്ദറും ഇവിടത്തെ സിറ്റിംഗ് എം പിയാണ്. അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകന്‍ ഗൗരവ് കാലിയാബോര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടും. ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ മകന്‍ അഭിഷേക് രജന്ദ്‌ഗോണില്‍ നിന്ന് മത്സരിക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദരരാജ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് ജഹ്‌ലാവാറില്‍ നിന്ന ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്.