Connect with us

Gulf

ഇന്ത്യന്‍ സ്‌കൂള്‍ ബി ഒ ഡി: വില്‍സന്‍ ജോര്‍ജ് ചെയര്‍മാന്‍

Published

|

Last Updated

മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍ ബി ഒ ഡി ചെയര്‍മാനായി വില്‍സന്‍ ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ വൈകുന്നേരം ചേര്‍ന്ന പുതിയ ബി ഒ ഡി യോഗത്തില്‍ വെച്ചാണ് തിരഞ്ഞെടുപ്പു നടന്നത്. വോട്ടെടുപ്പില്‍ വില്‍സന്‍ ജോര്‍ജിന് എട്ടു വോട്ടുകളും എതിര്‍സ്ഥനാര്‍ഥി അരുള്‍ മൈക്കിളിന് അഞ്ചു വോട്ടുകളും ലഭിച്ചു. കിരണ്‍ അഷറാണ് വൈസ് ചെയര്‍മാന്‍.
രക്ഷിതാക്കള്‍ക്കിടയിലെ വോട്ടെടുപ്പില്‍ കൂടുതല്‍ വോട്ടു നേടിയ വില്‍സന്‍ ജോര്‍ജിനെ രണ്ടാംസ്ഥാനം നേടിയ മുഹമ്മദ് ബശീറാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ മുന്‍ ബോര്‍ഡിലും അംഗമായിരുന്ന അരുള്‍ മൈക്കിളും ചെയര്‍മാന്‍ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചതോടെ വോട്ടെടുപ്പു നടക്കുകയായിരുന്നു. രഹസ്യ വോട്ടെടുപ്പാണ് നടന്നത്. രക്ഷിതാക്കളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേര്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് വോട്ടെടുപ്പു വേണ്ടി വന്നത്.
രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകളുടെ വികസനത്തിനും പുരോഗതിക്കും വേണ്ടി കൂട്ടായ പ്രവര്‍ത്തനം നടത്തുകയാണ് ഉദ്ദേശ്യമെന്ന് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട വില്‍സന്‍ ജോര്‍ജ് സിറാജിനോട് പറഞ്ഞു. രക്ഷിതാക്കളുടെയും വിദ്യാര്‍ഥികുടെയും അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെയും എല്ലാം അഭിപ്രായങ്ങള്‍ പരിഗണിച്ചും കൂട്ടായ തീരുമാനങ്ങളെടുത്തും മുന്നോട്ടു പോകുന്നതിനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണ ഘടനയനുസരിച്ച് രക്ഷിതാക്കള്‍ക്കിടയില്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളില്‍നിന്നുള്ള ചെയര്‍മാനുമായി ഇതു രണ്ടാം തവണയാണ് ബി ഒ ഡി നിലവില്‍ വരുന്നത്. ടോണി ജോര്‍ജ് അലക്‌സാന്‍ഡര്‍ ചയെര്‍മാനായ ബി ഒ ഡിയുടെ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളുടെ ഭറണ സംവിധാനത്തില്‍ തുടര്‍ന്നും മലയാളിയായ ചെയര്‍മാനാണ് നിയോഗിതനാകുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രക്ഷിതാക്കള്‍ക്കൊപ്പം നിന്നു സജീവമായി പ്രവര്‍ത്തിച്ച വില്‍സന്‍ ജോര്‍ജ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിംഗ് പ്രവര്‍ത്തകനാണ്.
നേരത്തെ മുഹമ്മദ് മുഹമ്മദ് ബശീറും ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയാറെടുത്തിരുന്നുവെങ്കിലും ഒടുവില്‍ പിന്‍മാറി വില്‍സന് പിന്തുണ നല്‍കുകയായിരുന്നു. എന്നാല്‍ അരുള്‍ മൈക്കിള്‍ പിന്മാറാന്‍ തയാറായില്ല. ബശീര്‍ മത്സര രംഗത്തുണ്ടായിരുന്നെങ്കില്‍ അരുള്‍ മൈക്കിളിന് ചെയര്‍മാനാകാന്‍ വഴിയൊരുങ്ങുന്നതായിരുന്നു ബി ഒ ഡിയിലെ വോട്ടു നില.
പുതിയ ബി ഒ ഡി ഇന്നലെ ചുമതലയേറ്റതായും വില്‍സന്‍ ജോര്‍ജ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതായും ബി ഒ ഡി ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന സംയുക്ത യോഗത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ ജെ എസ് മുകുള്‍ പങ്കെടുത്തു. വില്‍സന്‍, ബശീര്‍, അരുള്‍ മൈക്കിള്‍ എന്നിവരെ കൂടാതെ കെ റജിമോന്‍, എസ് ശ്രീവാസ്തവ എന്നിവരാണ് ബി ഒ ഡിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍. ഒമാന്‍ എയര്‍ ബോര്‍ഡ് അംഗവും റിട്ടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥനുമായ വി തുളസീദാസ്, ഐ സി എ ഐ ഒമാന്‍ ചാപ്റ്റര്‍ അധ്യക്ഷ അനുരാധ വെങ്കട് കൃഷ്ണന്‍ (എംബസി നോമിനി), എംബസി സെക്രട്ടറി അമററാം ഗുജാര്‍, കിരണ്‍ അഷര്‍, സി എം നജീബ് (പ്രമോട്ടര്‍ സ്‌കൂള്‍), തലസ്ഥാന നഗരത്തിലെ നാലു പ്രധാന സ്‌കൂളുകളുടെ എസ് എം സി പ്രസിഡന്റുമാര്‍ എന്നിവരാണ് പുതിയ ബി ഒ ഡി അംഗങ്ങള്‍. ചുമതലയേറ്റ ചെയര്‍മാനും അംഗങ്ങള്‍ക്കും അംബാസിഡറും മുന്‍ ചെയര്‍മാന്‍ ടോണി ജോര്‍ജ് അലക്‌സാന്‍ഡറും അഭിനന്ദനം അറിയിച്ചു.

 

 

Latest