Connect with us

Kerala

കോഴിക്കോട്ട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കത്ത് ഗ്യാസ് ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോക്ക് മുകളില്‍ മറിഞ്ഞു ഒരാള്‍ മരിച്ചു. ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി രവിദാസാണ് മരിച്ചത്. വെസ്റ്റ്ഹില്‍ ചുങ്കം മടാപറമ്പിലാണ് അപകടം. രവിയുടെ ഓട്ടോ ടാങ്കറിനടിയില്‍പ്പെട്ട് പൂര്‍ണമായും തകര്‍ന്നു. ടാങ്കര്‍ മറിഞ്ഞയുടന്‍ വാതകച്ചോര്‍ച്ചയുണ്ടായത് ഭീതി പരത്തിയെങ്കിലും മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ചോര്‍ച്ച നിയന്ത്രിക്കാനായത് വന്‍ദുരന്തം ഒഴിവാക്കി. വാതകത്തിന്റെ രൂക്ഷ ഗന്ധം പരിസരത്താകെ വ്യാപിച്ചിരുന്നു.
ഉച്ച കഴിഞ്ഞ് 3.15 ഓടെയാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കര്‍ സ്ഥിരം അപകട മേഖലയായ കൊടുംവളവില്‍ അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞയുടന്‍ വാതകച്ചോര്‍ച്ച തുടങ്ങിയതോടെ സമീപത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ മാറ്റി. ചേളാരി ഐ ഒ സി പ്ലാന്റില്‍ നിന്നെത്തിയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ലക്ഷ്മിപതിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് താത്കാലികമായി വാതകച്ചോര്‍ച്ച നിയന്ത്രിച്ചത്. ചോര്‍ച്ചയുള്ള ഭാഗം മണ്ണിനടിയിലായതിനാല്‍ ആദ്യഘട്ടത്തില്‍ ചോര്‍ച്ച നിയന്ത്രിക്കാനായില്ല. അപകട സാധ്യത കണക്കിലെടുത്ത് രണ്ട് ഫയര്‍ ഫോഴ്‌സ് യൂനിറ്റുകള്‍ മണിക്കൂറുകളോളം വെള്ളം ചീറ്റിക്കൊണ്ടിരുന്നു. നാല് ക്രെയിനുകള്‍ എത്തിച്ച് എന്‍ജിന്‍ വേര്‍പെടുത്തി പൊക്കിയെടുത്താണ് ചോര്‍ച്ച പൂര്‍ണമായും നിയന്ത്രിച്ചത്. കൊച്ചിയില്‍ നിന്നെത്തിയ വിദഗ്ധ സംഘം എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിളിന്റെ സഹായത്തോടെ വാതകം പൂര്‍ണമായും നീക്കം ചെയ്തു.
ടാങ്കര്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോയില്‍ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അമിതവേഗമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആറ് യൂനിറ്റ് ഫയര്‍ഫോഴ്‌സും എ ഡി ജി പി ശങ്കര്‍ റെഡ്ഢിയുടെയും സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെയും നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും അവസരോചിതമായി ഇടപെട്ടാണ് വന്‍ദുരന്തം ഒഴിവാക്കിയത്. സാമാന്യം നല്ല രീതിയില്‍ വാതക ചോര്‍ച്ചയുണ്ടായിട്ടും ചാല ദുരന്തം നല്‍കിയ അനുഭവത്തില്‍ നിന്നുള്ള മുന്‍കരുതലുകളാണ് ഈ പ്രദേശത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. മുന്‍കരുതലെന്ന നിലയില്‍ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവാഹനങ്ങളിലൂടെ പോലീസിന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായത് കൂടുതല്‍ സഹായകരമായി. ഇലക്‌ട്രോണിക് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വാഹനങ്ങളും വഴിതിരിച്ചു വിട്ടു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ സത്യഭാമയുടെ നേതൃത്വത്തിലാണ് തൊട്ടടുത്ത വീടുകളില്‍ നിന്ന് ആളുകളെ മാറ്റിയത്.
ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി നിത്യാനന്ദന്‍, സഹായി മുത്തുകുമാര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കലക്ടര്‍ സി എ ലത, യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ എം പി, എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ വിജയരാഘവന്‍, എം എല്‍ എമാരായ എളമരം കരീം, എ പ്രദീപ്കുമാര്‍, മേയര്‍ എ കെ പ്രേമജം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.