Connect with us

International

യുദ്ധക്കുറ്റകൃത്യം: ശ്രീലങ്കക്കെതിരായ ഐക്യരാഷ്ട്രസഭാപ്രമേയം പാസായി

Published

|

Last Updated

ന്യൂയോര്‍ക്ക്: ശ്രീലങ്കയില്‍ നടന്ന യുദ്ധക്കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം വോട്ടെടുപ്പിന് ശേഷം യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പാസാക്കി. 12നെതിരെ 23 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഇത്തരം അന്വേഷണങ്ങള്‍ ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ ഇടപെടുന്നത് ശരിയല്ലെന്നുമുള്ള നിലപാട് സ്വീകരിച്ചാണ് ഇന്ത്യ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്. അമേരിക്കയാണ് പ്രമേയം കൊണ്ടുവന്നത്.

അതേസമയം പ്രമേയത്തെ ശ്രീലങ്ക ശക്തമായി എതിര്‍ത്തു. ശ്രീലങ്കന്‍ സൈന്യത്തിനെതിരായ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി ശ്രീലങ്കയുടെ പ്രതിനിധി അറിയിച്ചു.

2009ലെ ആഭ്യന്തരയുദ്ധത്തില്‍ തമിഴ്പുലികളോട് സൈന്യം ക്രൂരമായി പെരുമാറിയെന്നതാണ് യുദ്ധക്കുറ്റം. തമിഴ് വംശജരായ സ്ത്രീകളെ സൈന്യം ക്രൂരമായി ബലാത്സംഗം ചെയ്യുന്നതും കൊലചെയ്യപ്പെട്ടവരുടെ ശരീരം വികൃതമാക്കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ വിദേശ മാധ്യമപ്രവര്‍ത്തകനായ കല്ലം മക്‌റെ തന്റെ “ശ്രീലങ്കന്‍ കില്ലിംഗ് ഫീല്‍ഡ്‌സ് “എന്ന ഡോക്യുമെന്ററിയിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. ഇതോടെയാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ശ്രീലങ്കയിലേക്ക് തിരിയുന്നത്.