ഇരിട്ടി സൈനുദ്ദീന്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം

Posted on: March 26, 2014 12:43 pm | Last updated: March 27, 2014 at 12:21 am
SHARE

sainudheenകൊച്ചി: ഇരട്ടി സൈനുദ്ദീന്‍ വധക്കേസില്‍ സി പി എം പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. കൊച്ചിയിലെ സി ബി ഐ കോടതിയാണ് കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കേസില്‍ ഒന്നു മുതല്‍ അഞ്ചുവരെ പ്രതികളും വിളക്കോട് ഊവപ്പള്ളി സ്വദേശികളുമായ നെല്ലിക്കാട്ട് വീട്ടില്‍ നിജില്‍ (25), കുഞ്ഞിപ്പറമ്പില്‍ കെ പി ബിജു (34), പുതിയപുരയ്ക്കല്‍ പി പി റിയാസ് (25), ഇരിട്ടി പയ്യാഞ്ചേരി വാഴക്കാടന്‍ വിനീഷ് (32), പാനോലില്‍ സുമേഷ് (29), ഒമ്പതാം പ്രതി പുത്തന്‍പുരയ്ക്കല്‍ ബഷീര്‍ (45) എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

എന്‍ ഡി എഫ് പ്രവര്‍ത്തകനായിരുന്ന വിളിക്കോട് പാറക്കണ്ടത്തിലെ ഷിഹാബ് മന്‍സിലില്‍ കുനിയില്‍ സൈനുദ്ദീനെ (26) രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. 2008 ജൂണ്‍ 23-ന് ഇരിട്ടി കാക്കയങ്ങാട് ടൗണില്‍ വെച്ചാണ് സലില ചിക്കന്‍ സെന്ററില്‍ ജോലി നോക്കിയിരുന്ന സൈനുദ്ദീന്‍ കൊല്ലപ്പെട്ടത്. കൊലപാതകകാരണം വ്യക്തിവൈരാഗ്യമല്ലെന്നും എന്‍ ഡി എഫ്-സി പി എം രാഷ്ട്രീയ വൈരാഗ്യമാണ് പിന്നിലെന്നും കോടതി കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് സി പി എം ഓഫീസില്‍ ഗൂഢാലോചന നടന്നുവെന്ന് സി ബി ഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പാര്‍ട്ടി മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേരെ വെറുതെ വിട്ടിരുന്നു.