നാസയുടെ മുന്നറിയിപ്പും ലോകാവസാനവും

Posted on: March 25, 2014 6:02 am | Last updated: March 25, 2014 at 9:11 am
SHARE

End Of World

ലോകാവസാനമെന്ന് കേള്‍ക്കുമ്പോള്‍ ഏവര്‍ക്കും ഭയാശങ്കയാണ്. മനുഷ്യരടക്കം പ്രപഞ്ചത്തിലെ സകലതും തകര്‍ന്നു തരിപ്പണമാകുകയും നശിക്കുകയും ചെയ്യുന്ന ഒരവസ്ഥ ആര്‍ക്കാണ് തെളിഞ്ഞ മനസ്സോടെ ആഗ്രഹിക്കാനും സ്വാഗതം ചെയ്യാനുമാകുക? ലോകാവസാനം ഉണ്ടാകരുതേയെന്നാണ് പൊതുവേ എല്ലാവരുടെയും ആഗ്രഹം. അല്ലെങ്കിലും ആഗ്രഹങ്ങള്‍ കടിഞ്ഞാണില്ലാത്ത കുതിരകളാണല്ലോ.

ലോകത്തിന് നാശമില്ലെന്നും എക്കാലവും നിലനില്‍ക്കുമെന്നാണ് നാസ്തികരുടെയം ഒരു പറ്റം ശാസ്ത്രജ്ഞരുടെയും മതം. മറിച്ചുള്ള വാദം ദൈവവിശ്വാസികളുടെ കെട്ടുകഥയും മിഥ്യാധാരണയുമാണെന്ന് അവര്‍ കരുതുന്നു. നടക്കാതെ പോയ 2012ലെ ലോകാവസാനം തങ്ങളുടെ വാദത്തിന് ബലമേകിയതായും അവര്‍ അവകാശപ്പെടുന്നു. ലാറ്റിന്‍ അമേരിക്കയിലെ പുരാതന സംസ്‌കാരത്തിന്റെ ഭാഗമായ മായന്‍ കലണ്ടറനുസരിച്ചാണ് 2012 ഡിസംബറില്‍ ലോകാവസാനം പ്രവചിക്കപ്പെട്ടിരുന്നത്. ബി സി 3,114ല്‍ ആരംഭിക്കുന്ന മായന്‍ കലണ്ടര്‍ 394 വര്‍ഷങ്ങള്‍ വീതമുള്ള പല ഘട്ടങ്ങളായി കാലത്തെ വിഭജിക്കുന്നു. കലണ്ടറിലെ 13-ാം ഘട്ടത്തിന്റെ പൂര്‍ത്തീകരണം 2012 ഡിസമ്പര്‍ 12നായിരുന്നു. ആ ദിനത്തില്‍ ‘സൃഷ്ടിയുടെയും നാശത്തിന്റെയും ദൈവമായ’ ബോലന്‍യോക്ത വരുമെന്നും അന്ന് ലോകാവസാനം ഉണ്ടാകുമെന്നുമായിരുന്നു പ്രവചനം. പ്രവചനത്തിന് ലോകത്ത് വന്‍ പ്രചാരം ലഭിക്കുകയും അതിനെ ആസ്പദിച്ചു നിര്‍മിച്ച ‘2012’ എന്ന ഹോളിവുഡ് സിനിമ ആഗോളതലത്തില്‍ വന്‍വിജയം നേടുകയും ചെയ്തു. എന്നാല്‍ ലോകത്ത് ഒന്നും സംഭവിക്കാതെയാണ് ആ ദിനം കടന്നുപോയത്. നാസ്തികര്‍ക്ക് മതങ്ങളെയും ദൈവവിശ്വാസികളെയും വിമര്‍ശിക്കാനും പരിഹസിക്കാനും ഇതവസരമേകി.

എന്നാല്‍ അമേരിക്കയിലെ ബഹിരാകാശ പഠന പര്യവേക്ഷണ കേന്ദ്രമായ നാഷനല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) അവരോട് പറയുന്നത് അങ്ങനെയങ്ങ് പരിഹസിക്കാന്‍ വരട്ടെയെന്നാണ്. വിദൂരമല്ലാത്ത ഭാവിയില്‍ ലോകം തകര്‍ന്നു തരിപ്പണമായേക്കുമെന്നാണ് രണ്ടാഴ്ച മുമ്പ് നാസ ലോകത്തിന് നല്‍കിയ മുന്നറിയിപ്പ്. ഈ നൂറ്റാണ്ടില്‍ തന്നെ അത് സംഭവിക്കാമെന്നും അത് ചരിത്രപരമായ കാര്യമാണെന്നും ഭൂതകാലത്തെ ഏറ്റവും പുരോഗമനപരമായിരുന്ന മുന്ന് സംസ്‌കാരങ്ങളെ- ഇന്ത്യയിലെ ഗുപ്ത, യൂറോപ്പിലെ റോമന്‍, ചൈനയിലെ ഹാന്‍- ആധാരമാക്കിയും, ഗണിതശാസ്ത്ര മോഡലുകളെ അവലംബിച്ചും നടത്തിയ സാമൂഹിക ശാസ്ത്രീയ ഗവേഷണത്തിന്റെ വെളിച്ചത്തിലാണ് നാസയുടെ പുതിയ കണ്ടെത്തല്‍. വിഭവചൂഷണവും നിയന്ത്രണാതീതമായ ഉപഭോഗവുമാണ് ലോകത്തിന്റെ തകര്‍ച്ചക്ക് ശാസ്ത്രലോകം പറയുന്ന കാരണം. ഭൂമിയുടെ വിഭവശോഷണത്തെക്കുറിച്ച് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ലോകജനത അതവഗണിക്കുകയാണ്.
അമിതമായ ജനസംഖ്യാവര്‍ധന, കടുത്ത കാലാവസ്ഥാ മാറ്റം എന്നിവ സമൂഹത്തില്‍ അരക്ഷിതാവസ്ഥയും അസമാധാനവും സൃഷ്ടിക്കും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വന്‍തോതില്‍ വര്‍ധിക്കുന്നു. വിരലിലെണ്ണാവുന്ന ചിലരുടെ കൈകളില്‍ കുമിഞ്ഞുകൂടിയിരിക്കയാണ് സമ്പത്ത്. ആത്യന്തികമായി ഇത് ലോകത്തിന്റെ തകര്‍ച്ചയിലേക്ക് വഴിതെളിക്കുമെന്നാണ് നാസയുടെ കണക്കു കൂട്ടല്‍. മാസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനിലെ പ്രശസ്തരായ ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലും ലോകത്തിന്റെ തകര്‍ച്ച ആസന്നമാണെന്ന് കണ്ടെത്തിയിരുന്നു.

അപകടകാരിയായ ഒരു ഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നതായും അത് വന്നിടിച്ചാല്‍ ഭൂമിയുടെ തകര്‍ച്ച നിസ്സംശയമാണെന്നും കഴിഞ്ഞ സെപ്തംബറില്‍ നാസയിലെ ഒരു പറ്റം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘1950 ഡി’ എന്ന് ശാസ്ത്രലോകം പേരിട്ട ഈ ഗ്രഹത്തിന്റെ ഇപ്പോഴത്തെ വേഗവും ദിശയും അനുസരിച്ച് 2880 മാര്‍ച്ച് 16ന് ഇത് ഭൂമിയില്‍ വന്നിടിക്കുമെന്നാണ് നാസ പ്രവചിക്കുന്നത്. ഇതോടെ ഭൂമുഖത്ത് നിന്ന് ജീവന്‍ തുടച്ചു നീക്കപ്പെടുമെന്നും അവര്‍ വിശദീകരിക്കുന്നു. മുക്കാല്‍ മൈലോളം വ്യാസമുള്ള 1950 ഡി എ സെക്കന്‍ഡില്‍ പതിനഞ്ച് കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. 1950 ഫെബ്രുവരിയിലാണ് ആദ്യമായി ഈ ഗ്രഹത്തെ ശാസ്ത്ര ലോകം കണ്ടെത്തിയത്. പതിനേഴ് ദിവസത്തിനു ശേഷം ഇത് കാണാമറയത്തായി. രണ്ടായിരം ഡിസംബറലാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് 2880 മാര്‍ച്ച് 16ന് അത് ഭൂമിയില്‍ പതിക്കുമെന്ന നിഗ്മനത്തില്‍ അവരെത്തിയത്. ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് ഈ ഗ്രഹത്തെ നശിപ്പിക്കാനാകുമോ എന്ന ആലോചനയിലാണ് ശാസ്ത്രജ്ഞരിപ്പോള്‍.

ഉല്‍ക്കകളുടെ പതനം മുലവും ലോകത്തിന് നാശം സംഭവിക്കാമെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ നല്‍കുന്നുണ്ട്. ഭൂമിയില്‍ വന്‍ ദുരന്തമുണ്ടാക്കാന്‍ കെല്‍പ്പുള്ള 47,000 ഉല്‍ക്കകള്‍ ഭൂമിക്കു പുറത്ത് ചുറ്റിക്കറങ്ങുന്നുണ്ട്. ഇതില്‍ 107 എണ്ണം ഏകദേശം വലിപ്പമേറിയതും ഏറ്റവും അപകടകാരികളുമാണ്. ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലാണ് ഇതിലേറെയും ചുറ്റുന്നത്. ഏകദേശം അന്‍പത് ലക്ഷം മൈല്‍ അകലെ നിന്നാകും ഇവ ഭൂമിയില്‍ പതിക്കുകയെന്നും ശാസ്ത്ര ലോകം വിവരിക്കുന്നു. ഏകദേശം 6.66 കോടി വര്‍ഷം മുമ്പ് 10 കിലോമീറ്ററര്‍ നീളം വരുന്നൊരു ഉല്‍ക്ക വീണതിന്റെ ഫലമായാണ് ദിനോസറുകളും മറ്റും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായതെന്നും ശാസ്ത്രപടുക്കള്‍ നിരീക്ഷിക്കുന്നു. ഉല്‍ക്ക വന്നിടിച്ചാലുള്ള ദുരന്തം കഴിഞ്ഞ വര്‍ഷം റഷ്യ അനുഭവിച്ചതാണ്. ഉദ്ദേശം 55 അടി വ്യാസം വരുന്ന ഉല്‍ക്ക കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15ന് റഷ്യയിലെ ചെലിയാബിന്‍സ്‌ക്കില്‍ പതിച്ചു പൊട്ടിത്തെറിച്ചതിന്റെ ഫലമായി 1500 പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തിരുന്നു.

സാങ്കേതിക വിദ്യയുടെ ദുരുപയോഗവും ലോകാവസാനം കുറിക്കാമെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞരുമുണ്ട്. വിഖ്യാതശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്, റോബട്ട് മേ എന്നിവരടങ്ങുന്ന കേംബ്രിഡ്ജ് സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് എക്‌സിസ്‌ടെന്‍ഷ്യല്‍ റിസ്‌ക്(സി എസ് ഇ ആര്‍) എന്ന സംഘത്തിന്റെ പഠനത്തിലാണ് മനുഷ്യരുടെ നിയന്ത്രണം മറികടന്നു സ്വയം നിയന്ത്രിക്കുന്ന കമ്പ്യൂട്ടറുകള്‍, ജനിതക മാറ്റം വരുത്തിയ വൈറസുകള്‍ എന്നിവയുടെ ആക്രമണം, ആയുധങ്ങളുടെയും ഊര്‍ജത്തിന്റെയും ദുരുപയോഗം, കാലാവസ്ഥാവ്യതിയാനത്തിലൂടെ ഉണ്ടാകുന്ന ദുരന്തങ്ങള്‍, ഭക്ഷണത്തിനും വെള്ളത്തിനുമായി മനുഷ്യന്‍ നടത്തുന്ന പോരാട്ടത്തിനൊടുവില്‍ സംഭവിച്ചേക്കാവുന്ന യുദ്ധം തുടങ്ങിയ കാരണങ്ങളാല്‍ ലോകം തകര്‍ന്നേക്കാമെന്ന് നിരീക്ഷിച്ചവര്‍. ഉല്‍ക്കയോ വാല്‍നക്ഷത്രമോ ഭൂമിയില്‍ ഇടിച്ചുണ്ടാകുന്ന ദുരന്തത്തെക്കുറിച്ചും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കാരണങ്ങളിലും കാലഗണനയിലും ഭിന്നതയുണ്ടെങ്കിലും ലോകാവസാനം കെട്ടുകഥയോ മിഥ്യയോ അല്ലെന്നും ഭൗതിക ലോകം തകര്‍ന്നു തരിപ്പണമകാന്‍ സാധ്യതകള്‍ ഏറെയാണെന്നുമാണ് ശാസ്ത്രീയ പഠനങ്ങളെല്ലാം വ്യക്തമാക്കുന്നത്. മതങ്ങളൊന്നടങ്കം ലോകാവസാനത്തില്‍ വിശ്വസിക്കുന്നുണ്ട്. ഇസ്‌ലാം ലോകത്തിന്റെ തകര്‍ച്ചയെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുകയും അതിന്റെ ചില ലക്ഷണങ്ങള്‍ പ്രവചിക്കുകയുമുണ്ടായി. അവ ഓരോന്നായി പുലര്‍ന്നു കൊണ്ടിരിക്കയുമാണ്. എന്നാണ് ലോകാവസാമെന്ന് മലക്ക് ജിബ്‌രീല്‍ (അ) പ്രവാചകരോട് ചോദിച്ചു. ചോദ്യകര്‍ത്താവിനേക്കാള്‍ ഇക്കാര്യത്തില്‍ ചോദ്യം ചോദിക്കപ്പെട്ടയാള്‍ അറിവുള്ളയാളല്ല എന്ന് വ്യക്തമാക്കിയ ശേഷം അതിന്റെ ചില ലക്ഷണങ്ങള്‍ പ്രവാചകന്‍ വിശദീകരിച്ചു. ‘അടിമസ്ത്രീ തന്റെ യജമാനനെയും യജമാനത്തിയെയും പ്രസവിക്കുന്ന കാലം വന്നാല്‍ ലോകാവസാനമടുത്തതായി മനസ്സിലാക്കാമെന്നായിരുന്നു പ്രവാചകന്റെ പ്രസ്താവം. ദരിദ്രരും നഗ്‌നരും നഗ്‌നപാദരും ആട്ടിടയന്മാരുമായിരുന്ന ആളുകള്‍ വമ്പന്‍ കെട്ടിടങ്ങളുണ്ടാക്കുന്നതും അന്ത്യനാളിന്റെ അടയാളമായി അവിടുന്ന് പഠിപ്പിച്ചു. സാമൂഹിക മൂല്യങ്ങളില്‍ ലോകത്ത് സംഭവിക്കുന്ന നിഷേധാത്മകവും വൈരുധ്യാത്മകവുമായ മാറ്റങ്ങളിലേക്കും സാമ്പത്തിക മേഖലയില്‍ സംഭവിക്കാനിരിക്കുന്ന മുന്നേറ്റങ്ങളിലേക്കുമാണ് ഇതിലൂടെ പ്രവാചകര്‍ സൂചിപ്പിച്ചത്. മാതാക്കളോട് മക്കള്‍ നന്മ ചെയ്യില്ലെന്നും പ്രത്യുത മക്കള്‍ മാതാക്കളെ ഭരിക്കുന്ന അവസ്ഥ സംജാതമകുമെന്നുമാണ് വിശദീകരിക്കപ്പെട്ടത്. സാമ്പത്തിക മൂല്യങ്ങളില്‍ നേര്‍വിപരീത മാറ്റങ്ങള്‍ ദൃശ്യമാകുമെന്നാണ് ആട്ടിടയന്‍മാരുടെ ഉപമയിലൂടെ നബി പഠിപ്പിക്കുന്നത്. ഒരു കാലത്ത് തീര്‍ത്തും ദരിദ്രരായിരുന്നവര്‍, പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക വളര്‍ച്ചയാല്‍ കൊട്ടാര തുല്യമായ കെട്ടിടങ്ങളുടെ ഉടമകളായി മാറുമെന്ന പ്രവാചകന്റെ പ്രവചനത്തിന് ഗള്‍ഫ് നാടുകളിള്‍ പൊടുന്നനെയുണ്ടായ സാമ്പത്തിക പുരോഗതിയും നഗരവത്കരണത്തിലെ അനുസ്യൂത വളര്‍ച്ചയും മികച്ച സാക്ഷ്യമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരം മാറ്റങ്ങള്‍ പ്രകടമാണ്. സാമ്പത്തികമായി ലോകത്തിന്റെ നില വളരെ ദയനീയമായിരുന്ന, മുന്നേറ്റത്തിന്റെ ബാഹ്യമായ സൂചനകളൊന്നും മുമ്പിലില്ലാത്ത കാലഘട്ടത്തിലായിരുന്നു ഈ പ്രവചനമെന്നോര്‍ക്കേണ്ടതുണ്ട്. നബി(സ)മുന്നറിയിപ്പ് നല്‍കിയ കുടുംബ ശൈഥില്യം (പ്രത്യേകിച്ചും മാതാപിതാക്കളും മക്കളും തമ്മിലുണ്ടാകുന്നത്) പുലര്‍ന്നു.
സമൂഹത്തില്‍ വിശ്വസ്തര്‍ കുറയുക, അക്രമവും അധര്‍മവും പെരുകുക, ന്യായപീഠങ്ങള്‍ വരെ അനീതിയുടെ വേദികളായി മാറുക, പ്രകൃതി വ്യവസ്ഥയുടെ തകിടം മറിച്ചില്‍ തുടങ്ങി മറ്റു പല മുന്നറിയിപ്പുകളും ഖുര്‍ആനിലും ഹദീസിലും കാണാം. പുതിയ ശാസ്ത്രീയ നിഗമനങ്ങളും ഈ പ്രവചനങ്ങളെ ശരിവെക്കുമ്പോള്‍ ലോകം അനന്തമാണെന്ന വിശ്വാസം ആധുനിക സമൂഹം തിരുത്താന്‍ നിര്‍ബന്ധിതമാകുകയാണ്.