വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച നാല് കിലോ സ്വര്‍ണം ഡി ആര്‍ ഐ പിടികൂടി; ക്യാരിയര്‍ അറസ്റ്റില്‍

Posted on: March 23, 2014 12:41 am | Last updated: March 23, 2014 at 12:41 am
SHARE

goldകൊച്ചി: കസ്റ്റംസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടുന്നതിന് രണ്ട് ക്യാരിയര്‍മാരെ ഉപയോഗിച്ച് ദുബൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോ സ്വര്‍ണ ബിസ്‌കറ്റുകള്‍ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച നിലയില്‍ ഡയറക്ടര്‍ ഒാഫ് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ പിടിച്ചെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി രണ്ട് മണിക്ക് ദുബൈയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടോയ്‌ലറ്റിനകത്ത് കടലാസില്‍ പൊതിഞ്ഞ് ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു ഓരോ കിലോ തൂക്കമുള്ള നാല് സ്വര്‍ണ ബിസ്‌കറ്റുകള്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളത്ത് നിന്നുള്ള ഡി ആര്‍ ഐ സംഘം വിമാനത്തില്‍ പരിശോധന നടത്തിയത്. ദുബൈയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച ശേഷം കൊച്ചിയില്‍ ഇറങ്ങിയ മധുര സ്വദേശി റഹ്മാനെയാണ്(37) ഡി ആര്‍ ഐ അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ സ്ഥിരം ക്യാരിയറാണെന്ന് സംശയിക്കുന്നു.
ദുബൈയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വരെ ഒരു ക്യാരിയറെയും കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് മറ്റൊരു ക്യാരിയറെയും ഉപയോഗിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബൈയില്‍ നിന്ന് കൊച്ചി വഴി ബംഗളൂരുവിലേക്കു പോകുന്ന വിമാനത്തില്‍ ഒരു ക്യാരിയര്‍ സ്വര്‍ണം ടോയ്‌ലറ്റില്‍ ഒളിപ്പിച്ച ശേഷം കൊച്ചിയില്‍ ഇറങ്ങുകയും കൊച്ചിയില്‍ നിന്ന് കയറുന്ന യാത്രക്കാരന്‍ ടോയ്‌ലറ്റില്‍ നിന്ന് സ്വര്‍ണമെടുത്ത് ബംഗളൂരുവില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് കയറിയ ക്യാരിയര്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്ക് വേണ്ടി ഡി ആര്‍ ഐ അന്വേഷണം നടത്തിവരികയാണ്.
രാജ്യാന്തര വിമാന യാത്രക്കാരെ മാത്രമാണ് വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കാറ്. കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് കയറുന്ന ഡൊമസ്റ്റിക് യാത്രക്കാര്‍ക്ക് ബംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന ഉണ്ടാകില്ല. ഈ പഴുതുപയോഗിച്ചായിരുന്നു ഇവരുടെ സ്വര്‍ണക്കടത്ത്. ഇതിന് പിന്നില്‍ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായും കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ ഇത്തരത്തില്‍ നിരന്തരം സ്വര്‍ണം കടത്തിയിരുന്നതായുമാണ് ഡി ആര്‍ ഐ കരുതുന്നത്.
എന്നാല്‍ അറസ്റ്റിലായ റഹ്മാന്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായിട്ടില്ല. ഇയാള്‍ ദുബൈയില്‍ ബിസിനസുകാരനാണ്. എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് ഡി ആര്‍ ഐ അറിയിച്ചു.