അനുഭാവികള്‍ക്ക് പോലും സി പി എമ്മിന്റെ കൊലക്കത്തിയില്‍ നിന്ന് രക്ഷയില്ല: കെ കെ രമ

Posted on: March 20, 2014 8:10 am | Last updated: March 20, 2014 at 8:10 am
SHARE

kk ramaകയ്പ്പമംഗലം: അനുഭാവികള്‍ക്ക് പോലും സി പി എമ്മിന്റെ കൊലക്കത്തിയില്‍ നിന്ന് രക്ഷയില്ലതായിരിക്കുകയാണെന്ന് ആര്‍ എം പി നേതാവും ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ പറഞ്ഞു.
പെരിഞ്ഞനത്ത് വെട്ടേറ്റ് മരിച്ച നവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമ. ടി പി വധക്കേസിനോട് സമാനമായ കൊലപാതകമാണിത്. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് സി പി എം നടത്തുന്ന കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. ഇത്തരം സംഭവങ്ങള്‍ സി പി എമ്മിന്റെ അപചയമാണ് വെളിവാക്കുന്നത്. പൊതു സമൂഹം ഇത്തരം സംഭവങ്ങള്‍ക്കെതിരെ രംഗത്ത് വരണം. തന്റെ സ്വകാര്യ ദുഖങ്ങള്‍ മാറ്റി വെച്ച് പൊതു രംഗത്തേക്ക് ഇറങ്ങിയത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് കരുതിയാണ്.
നവാസ് വധക്കേസിന് പിന്നിലെ എല്ലാ ഇടപെടലുകളും പുറത്ത് കൊണ്ട് വരണമെന്നും രമ ആവശ്യപ്പെട്ടു. ഈ കേസില്‍ ആര്‍ എം പി എല്ലാ രീതിയിലുള്ള നിയമ സഹായം നവാസിന്റെ കുടുംബത്തിന് നല്‍കുമെന്നും രമ പറഞ്ഞു. നവാസ് കൊലപാതക കേസ് പ്രത്യേക കോടതിയില്‍ വിചാരണ നടത്തണമെന്നും രമ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പരുക്കേറ്റ രമേശ്, സുബ്രഹ്മണ്യന്‍ എന്നിവരെയും രമ സന്ദര്‍ശിച്ചു. ആര്‍ എം പി. ജില്ലാ സെക്രട്ടറി പി ജെ മോന്‍സി, ടി എല്‍ സന്തോഷ്, എം റഫീക്ക്, കെ ജി സുരേന്ദ്രന്‍, ടി കെ വിമല ടീച്ചര്‍ തുടങ്ങിയവരും രമക്കൊപ്പം ഉണ്ടായിരുന്നു.