കൊച്ചി നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ അയോഗ്യതാ ഭീഷണിയില്‍

Posted on: March 19, 2014 8:45 am | Last updated: March 19, 2014 at 1:16 pm

Kochi corporation

കൊച്ചി: വാര്‍ഡ് സഭ ചേരുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തുന്ന കൊച്ചി നഗരസഭയിലെ കൗണ്‍സിലര്‍മാരില്‍ പലരും അയോഗ്യത ഭീഷണിയില്‍. മൂന്നുമാസത്തിലൊരിക്കല്‍ വാര്‍ഡ് സഭ ചേരണമെന്ന വ്യവസ്ഥ പകുതിയോളം കൗണ്‍സിലര്‍മാരും പാലിച്ചിട്ടില്ല. കൗണ്‍സില്‍ നിലവില്‍ വന്ന് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പത്തില്‍ താഴെ മാത്രം വാര്‍ഡ് സഭ വിളിച്ചു ചേര്‍ത്ത എട്ടു കൗണ്‍സിലര്‍മാരാണ് നഗരസഭയിലുള്ളത്.

മൂന്നുമാസത്തിലൊരിക്കല്‍ വാര്‍ഡ് സഭ ചേരണമെന്നാണ് ചട്ടം. പരമവധി രണ്ടുവട്ടം ഈ ചട്ടം ലംഘിക്കാം. അതു കഴിഞ്ഞാല്‍ അംഗത്വം തന്നെ നഷ്ടമാകുമെന്നാണ് നഗരപാലിക നിയമത്തില്‍ പറയുന്നത്. ഈ വ്യവസ്ഥ പ്രായോഗികമല്ലെന്ന ജനപ്രതിനിധികളുടെ നിരന്തര നിവേദനങ്ങള്‍ മാനിച്ച് സഭ ചേരുന്നത് ആറുമാസത്തില്‍ ഒരിക്കലാക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും ഇനിയും നടപ്പായിട്ടില്ല.